അച്ഛനും തേനീച്ചകളും -ബോസ്നിയൻ കവിതയുടെ മൊഴിമാറ്റം
മൊഴിമാറ്റം: കമറുദ്ദീൻ അമയം
ഇപ്പോൾ എനിക്കറിയാം. യുദ്ധത്തെക്കുറിച്ച് അച്ഛനൊന്നും പഠിച്ചിട്ടില്ലെന്ന് തേനീച്ചകളെക്കുറിച്ചും. മഹായുദ്ധത്തിന്റെ തുടക്കത്തിൽ കുടുംബവീടും തന്റെ തേനീച്ചക്കൂടുകളും ഉപേക്ഷിച്ച് ഒരു യൂനിഫോം ധരിച്ച് ഫാഷിസത്തിനെതിരെ പോരാടാൻ പോയി. തേനീച്ചകൾ പെരുകി കുട്ടികളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ ഇടപെട്ടു പുകയിട്ട് അവയെ ശ്വാസം മുട്ടിച്ചു. യുദ്ധം തുടങ്ങി രണ്ടു വർഷത്തിനു ശേഷം അച്ഛൻ തന്റെ പഴയ തറവാട്ടിലേക്ക് പോയി വീണ്ടും തേനീച്ച വളർത്താൻ...
Your Subscription Supports Independent Journalism
View Plansഇപ്പോൾ എനിക്കറിയാം.
യുദ്ധത്തെക്കുറിച്ച്
അച്ഛനൊന്നും പഠിച്ചിട്ടില്ലെന്ന്
തേനീച്ചകളെക്കുറിച്ചും.
മഹായുദ്ധത്തിന്റെ തുടക്കത്തിൽ
കുടുംബവീടും തന്റെ തേനീച്ചക്കൂടുകളും
ഉപേക്ഷിച്ച്
ഒരു യൂനിഫോം ധരിച്ച്
ഫാഷിസത്തിനെതിരെ പോരാടാൻ പോയി.
തേനീച്ചകൾ പെരുകി
കുട്ടികളെ ആക്രമിക്കാൻ തുടങ്ങിയപ്പോൾ
നാട്ടുകാർ ഇടപെട്ടു
പുകയിട്ട് അവയെ ശ്വാസം മുട്ടിച്ചു.
യുദ്ധം തുടങ്ങി രണ്ടു വർഷത്തിനു ശേഷം
അച്ഛൻ തന്റെ പഴയ തറവാട്ടിലേക്ക് പോയി
വീണ്ടും തേനീച്ച വളർത്താൻ തുടങ്ങി.
പത്രവായന നിറുത്തി
അധികാരികളെ ശപിച്ചു
ആരെങ്കിലും രാഷ്ട്രീയം
സംസാരിക്കാൻ തുടങ്ങുമ്പോൾ
അവിടെനിന്നും വലിഞ്ഞു.
അച്ഛനെനിക്ക്
ഒരു ഭരണി തേൻ കൊടുത്തയച്ചു
ഞാനത് ഇതുവരെയും തുറന്നിട്ടില്ല.
കേട്ടിട്ടുണ്ട്
നാലായിരത്തോളം പേർ
കൊല്ലപ്പെടുകയും
കുഴിച്ചുമൂടപ്പെടുകയും ചെയ്തത്
എന്റെ പഴയ തറവാട്ടിൽനിന്ന്
സുമാർ പത്ത് കിലോമീറ്റർ
അകലെയാണെന്ന്.
ഫുട്ബോൾ മൈതാനത്ത്
കുഴിച്ചിട്ട ശവങ്ങളുടെ
അഴുകിയ ഗന്ധം
ലിൻഡൻ പുഷ്പങ്ങളുടെ സുഗന്ധത്തെ
തോൽപിക്കാറുണ്ടെന്ന്.
സമീപവാസികൾ പറയുന്നു
വേനൽച്ചൂടിൽ
മരിച്ചവരുടെ ഒഴിഞ്ഞ വയറിലെ
സ്ഫോടനങ്ങൾ കേട്ട്
രാത്രിയിൽ ആർക്കും
ഉറങ്ങാൻ കഴിയാറില്ലെന്ന്.
അച്ഛന് ഇതൊന്നും അറിയില്ല
തേനീച്ചകളെ വളർത്തുകയും
തേൻപാത്രങ്ങൾ
അയച്ചു തരികയും ചെയ്യുന്നു.
തേനീച്ചകൾ എത്ര ദൂരം പറക്കുന്നു
ദുർഗന്ധത്തിൽനിന്ന് അവ ഓടിപ്പോകുമോ
അതറിയാനായ് ഞാൻ വിജ്ഞാനകോശം
ഓടിച്ചു വായിക്കുന്നു,
പിന്നെ കരയാൻ തുടങ്ങുകയും.
എനിക്കാവുന്നില്ല
അച്ഛൻ അയച്ചുതന്ന തേൻഭരണി
തുറക്കുന്നത്
എന്തുകൊണ്ടാണ് വിലക്കുന്നതെന്ന്
എന്റെ മക്കളോട് വിശദീകരിക്കാൻ.
ഭടനും തേനീച്ച വളർത്തുകാരനും
യുദ്ധത്തെക്കുറിച്ച്
ഒന്നും പഠിച്ചിട്ടില്ലാത്തവനാണ്
അല്ലെങ്കിൽ
തേനീച്ചകളെക്കുറിച്ച്.
ഗോരൻ സിമിച്ച്
1952ൽ ലാസെനിക്കയിൽ ജനിച്ചു. ബോസ്നിയൻ യുദ്ധാനന്തരം 1995ൽ കാനഡയിലേക്ക് കുടിയേറി. അവിടെ ടൊറന്റോ സർവകലാശാലയിൽ അധ്യാപകനായി. കവിയും ചെറുകഥാകൃത്തുമായ ഇദ്ദേഹത്തിന്റേതായി 20 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.