കൂളിയാട്ടം -''പാലാപ്പള്ളി തിരുപ്പള്ളി''ക്കെതിരെ ഒരു പ്രതിഷേധ കവിത
അയ്യം നെലവിളി കേൾക്കും ചാളയിൽ
ബാധയിറങ്ങും നേരത്ത്
പാട്ടുകവർന്നൊരു പാടനെ, നോക്കി
കുന്നോടും മല മുത്തപ്പൻ
മരുത്തന്മാരെ, വിളിക്കുന്നു
ദേശക്കാരെ, വിളിക്കുന്നു.
ആ വിളി, മാർവിളി വിളിവട്ടം
അലയിട്ടമ്പിളിമുറ്റം മാതിരി
തേങ്ങിയതയേങ്ങി പായുന്നു.
ഓലച്ചൂട്ടും മിന്നിച്ചോണ്ട്
പാലോന്നിമ്മലെ മുത്താച്ചി
അയ്യം നെലവിളി കേൾക്കും ചാളയിൽ
ഓടിപ്പാഞ്ഞ് പറന്നെത്തി.
കാറ്റിൽപാറും പീറ്റത്തെങ്ങിൻ
തുച്ചോലക്കൊമ്പടരുന്നു.
അഴകിൽ ചെത്തിമിനുക്കിയ
കവുങ്ങലകിൽ ഉലകം പാർത്തോർ
കെട്ടിവരിഞ്ഞു മുറുകുന്നു
തണ്ടും തടിയും ഏറ്റ ചുമലുകൾ
കുന്നോടും മല കേറ്റുന്നു.
oooo
മോപ്പുടമുണ്ടും
കാത്തളത്തണ്ടയും
കൊത്തിക്കൊടഞ്ഞ ശുദ്ധിയിൽ
കെട്ടറുത്ത്
പുത്തൻ മണ്ണറയിൽ
താങ്ങി, താങ്ങിയിറക്കുന്നു.
ഒരു പുലരിയിലും
ഉണരാത്ത ഉറക്കുപാട്ടിന്
ചെമ്മാരി കാർന്നോര്
തുടികൊട്ടി പൊലിക്കുന്നു
''ആവോ, താമാനോ...
ഈച്ചര പൊന്മകനെ...''
oooo
താളിയൊടിച്ച കുന്നിൽ
താളം പിടിച്ചോരെ,
വണ്ണാറക്കൂട് ചുറ്റും
കൂട്ടാലെ, കൂടിവന്നോർ
മണ്ണറക്കുതിരികൂട്ടി
ഒച്ചയനക്കത്താലേ
കുന്നിൽ വിളിച്ചുകൂവി
വെറ്റില പാട്ടിവെച്ച് വന്ദിച്ചും പോന്നിടുന്നേ...
''ആവോ, താമാനോ...
ഈച്ചര പൊന്മകനെ...''
oooo
ഓരോ കുന്നിറക്കവും
ഓരോ ഉടലിറക്കങ്ങളാവുന്നുണ്ട്
പിന്നാലെ, പോരുന്ന ബാധക്ക്
മുന്നാലെ, പോയവർ
മുറുക്കാൻ ചോര പടർന്ന ഇലപ്പടർപ്പിൽ
അരി വാരിയെറിഞ്ഞ് കുന്നുവിളിക്കുന്നു
കൂ,.. കൂ,.. കൂ,.. കൂ,..
oooo
ചാന്തും കുറി വരച്ച്
വാഴയിലത്തൊപ്പി വെച്ച്
കച്ചമുറുക്കിക്കെട്ടി
ഓട്ടിൻ ചിലമ്പണിഞ്ഞ്
ആലോത്തിൻ ഉരൾപ്പുറത്ത്
ബലിത്തറ ചന്തം നോക്കി
ചെമ്മാരി കാർന്നോര്
കൂടി കുടുംബക്കാരെ, ചൊല്ലി വിളിച്ചീടുന്നു.
''ആവോ,... താമാനോ...
ഈച്ചര പൊന്മകനെ...''
oooo
ഉരൾവട്ടത്തിനു ചുറ്റും
കൂട്ടരി കുമിഞ്ഞുകൂടുന്ന
മുറവും നാഴിയും
ഏച്ചുകെട്ടില്ലാത്ത വാക്കേറുകളെ,
കെട്ടിപിടിച്ചു കരയുമ്പോൾ...
പരേതൻ അന്തർധാനം ചെയ്യുന്ന
പുലപ്പറമ്പിൽ
ഒരു ചിരാത് മിഴിതുറക്കുന്നു.
oooo
മീനൂട്ടും കഴിഞ്ഞ്
കുളി കഴിഞ്ഞെത്തുന്ന ഏഴാംപേരി ചാളകൾ
വയലിറങ്ങി പോയേപ്പോൾ...
ഏന്റെ, പാട്ട്
ഏന്റെ, താളം
ഏന്റെ, ചോടുകൾ...
ചോർന്നുപോയ ഇറയനങ്ങളെ നോക്കി
മഴയിലിറങ്ങി പോകുമ്പോൾ
പാട്ടുകവർന്ന പാടനെ, നോക്കി
നിർത്താതെ പാടിക്കൊണ്ടിരുന്നു
''അയ്യാലയ്യ,.. പടച്ചോനെ,
ഉയിന്റെയെന്നാ... കാണണത്...''
oooo
ആറടിമണ്ണിന്റെയുള്ളില്
ആവിയിൽ പേവുന്ന നേരത്ത്
ഏന്റെ, തലയ്ക്കലെ താളയില്
കൊട്ടും പാട്ടും കേക്കണ്
ഈച്ചര പൊന്മകൻ കാണണ്
ആദിത്യതമ്പിരാൻ കാണണ്
കുഞ്ഞംബാധയിളം ബാധ
ഞാനിതാ പൊന്തി പറക്കണ്
ദേശം നല്ലൊരു നാട്ടാരെ,
ഈച്ചര പൊന്മകൻ ഓരത്ത്
ഞാനിതാ, ചേർന്ന് പറക്കണ്.
ചീമനെക്കെട്ടി പലിച്ചൊരു
അന്തകതമ്പുരാൻ പോന്നില്ല
കുന്നോടുംമല മുത്തപ്പാ
ഏന്റെ, തലയ്ക്കലെ താളയിലെ,
കൊട്ടും പാട്ടും കേക്കണില്ലേ...
"ആവോ,... താമാനോ,...
ഈച്ചര പൊന്മകനെ,.."
കുറിപ്പ്
പഴയ പയ്യോർമല , കടത്തനാട് പ്രദേശങ്ങളിൽ പുലയ സമുദായത്തിൽപെട്ടവർ മരിച്ചാൽ പരേതരുടെ ആത്മശാന്തിക്കുവേണ്ടി നടത്തുന്ന ഒരു ആചാരമാണ് കൂളിക്കെട്ട് (പരകായപ്രവേശം). ഇതുമായി ബന്ധപ്പെട്ട പാട്ടാണ്,
'അയ്യാലയ്യ,... പടച്ചോനെ
ഇരാഞ്ഞീമ്മലെ, ചാളേന്നല്ലേ
ഒരയ്യം നെലവിളി കേൾക്കുന്നേ...
ദേശം നല്ലൊരു ചെമ്മാരി മരുത്തന്മാരും വന്നല്ലോ..
തുടി തച്ചും പറ തച്ചും മരണം വന്നതറിയിച്ചാ...
ആവോ, ദാമാനോ, ഈച്ചര പൊന്മകനെ..."
ഇൗ പാട്ടിന്റെ താളവും വരികളും അടുത്തിടെ ഇറങ്ങിയ സിനിമയിൽ മറ്റൊരു രീതിയിൽ ചേർത്തതിലുള്ള പ്രതിഷേധം കൂടിയായാണ് ഇൗ കവിത. ''ഞങ്ങളുടെ കലർപ്പില്ലാത്ത സംസ്കാരം ഇനിയും ഇവിടെ നിലനിൽക്കണമെന്ന അതിയായ ആഗ്രഹമുണ്ട്. ഞങ്ങൾ പുലയനാണെന്ന് പറയാൻ (പുലം= വയൽ - വയലിന്റെ അധിപനാണെന്ന്) ഒരു മടിയുമില്ല. ജാതിചിന്തകൾക്കപ്പുറത്ത് മാനവബോധമാണ് വലുതെന്ന ധാരണയോടെ, പൂർവസൂരികളെ സ്മരിച്ചുകൊണ്ട്, ഞങ്ങളുടെ പാട്ട് കവർന്നവരോട് അതിയായ പ്രതിഷേധം രേഖപ്പെടുത്തട്ടെ'' എന്ന് കവി എഴുതുന്നു.