റോബിൻ എഴുത്തുപുരയുടെ രണ്ട് കവിതകൾ
1. കട്ടപ്പന കട്ടപ്പനയുടെ ആകാശത്ത് ചിറകിൽ മഴക്കോള് പറ്റിപ്പിടിച്ച പരുന്ത് വന്നു. പള്ളിയുടെ മണിഗോപുരത്തിൽ ഇടയ്ക്കൊന്നു വിശ്രമിച്ച്, ചൂളപ്പറമ്പും സെമിത്തേരിയും കടന്ന് പിന്നെയും ചാഞ്ഞുപറന്നു. വടക്കൻപൊകലയിട്ടുമുറുക്കി, ചന്തയിലെ ഇളകുന്ന ബഞ്ചിൽ വെയിലിരിക്കുകയായിരുന്നു. കൈലി കുടഞ്ഞ് പണികേറുന്ന ബീഡിമണം ചുമച്ചുതുപ്പുന്നു. വലിയൊരു കാക്കക്കൂട്ടം പറന്നടുത്ത് ഭയങ്കരമായ് ബഹളംകൂട്ടി പരുന്തിനെ ദൂരേക്കു...
Your Subscription Supports Independent Journalism
View Plans
1. കട്ടപ്പന
കട്ടപ്പനയുടെ ആകാശത്ത്
ചിറകിൽ മഴക്കോള്
പറ്റിപ്പിടിച്ച പരുന്ത് വന്നു.
പള്ളിയുടെ
മണിഗോപുരത്തിൽ
ഇടയ്ക്കൊന്നു വിശ്രമിച്ച്,
ചൂളപ്പറമ്പും
സെമിത്തേരിയും കടന്ന്
പിന്നെയും ചാഞ്ഞുപറന്നു.
വടക്കൻപൊകലയിട്ടുമുറുക്കി,
ചന്തയിലെ
ഇളകുന്ന ബഞ്ചിൽ
വെയിലിരിക്കുകയായിരുന്നു.
കൈലി കുടഞ്ഞ്
പണികേറുന്ന ബീഡിമണം
ചുമച്ചുതുപ്പുന്നു.
വലിയൊരു കാക്കക്കൂട്ടം
പറന്നടുത്ത്
ഭയങ്കരമായ് ബഹളംകൂട്ടി
പരുന്തിനെ ദൂരേക്കു പായിച്ചു.
അഞ്ചുമണി സൈറൺ
കിതച്ചുനിന്നപ്പോൾ,
കാക്കകൾ മടങ്ങിവന്ന്
മഴയ്ക്കുവേണ്ടി
ഉരുണ്ടുകൂടിത്തുടങ്ങി.
2. ഓപൺ റൂം
നാടുവിട്ടുപോയ നാടിനെക്കുറിച്ച്
ക്ലബ്ഹൗസിൽ ചർച്ച
അവസാനമായിക്കണ്ട
നാലാംക്ലാസുകാരിയാണ്
പറഞ്ഞുതുടങ്ങിയത്
പുഴയും
തെങ്ങിൻതോപ്പുമുള്ള
ക്രയോൺചിത്രം വരച്ചുവച്ചവൾ
ഓട്ടുരുളിയിൽ
പലനിറങ്ങളിൽത്തിളയ്ക്കുന്ന
മസാലക്കൊഴുപ്പുള്ള
സാമ്പാറിനെപ്പറ്റി
ലീലച്ചേച്ചി ഓർത്തെടുത്തു
മുത്താച്ചിക്കൊടിയിലെ
വെറ്റിലയും
അഴുക്കൻതൊണ്ടുള്ള പാക്കുംകൂട്ടി
ഒരു നീട്ടിത്തുപ്പായിരുന്നു
നാണു മാസ്റ്റർ
മണ്ണെണ്ണനനവുള്ള
പത്രക്കടലാസിൽ
തൂക്കംതെറ്റിപ്പൊതിഞ്ഞ
പഞ്ചാരമധുരവുമായ്
റേഷൻകട മാത്തൻ
കാപ്പിത്തണലിൽ
വട്ടംകൂടിയിരുന്ന് ചെവിയിൽ
ചീട്ടുതിരുകിയ വഷളൻ ചിരിയെപ്പറ്റി
സ്ഥലം എസ്.ഐയും
വിയർപ്പുമണമുള്ള
കുടിയേറ്റക്കാറ്റിന്റെ
തിരോധാനത്തെക്കുറിച്ച്
കവി ഗദ്ഗദകണ്ഠനായി
കോൺക്രീറ്റ് ബിൽഡിങ്ങും
ടാർറോഡുമില്ലാത്ത
ഓണംകേറാമൂലകൾ
നാടുവിടുന്നതാണ് നല്ലതെന്ന്
കോർപറേറ്റ് സി.ഇ.ഒ
ഊന്നിയൂന്നിയാവർത്തിച്ചു
ചർച്ച
കൊടുംപിരികൊണ്ടവസാനിച്ചിട്ടും
ഒരു പച്ചക്കേൾവി
ഹാൻഡ്റെയ്സ് ചെയ്തുകൊണ്ടിരുന്നു.