മൂന്നാംപക്കം, പാലം
1. മൂന്നാം പക്കം ഒന്നാം പക്കമാണ് ഭൂമിയിലെ വേരുകൾ മുറിഞ്ഞ്, ജലത്തിലേക്ക് അടർന്നുവീണത്. ഉള്ളിടങ്ങളെയൊക്കെയും ജലം കഴുകിയെടുക്കുമ്പോൾ ഉപരിതലത്തിലെന്തിനോ കുമിളകൾ പൂക്കുന്നുണ്ടായിരുന്നു. പൊട്ടിമരിക്കുന്ന കുമിളകൾ ആകാശത്തോട് പറഞ്ഞത് പഴയ തത്ത്വശാസ്ത്രമായിരുന്നു വിയർപ്പുപറ്റിപ്പടർന്ന പോക്കറ്റിലെ കവിതകൾ പുഴ വായിച്ചെടുക്കുകയായിരുന്നു രണ്ടാംപക്കത്തിൽ മീനുകളുടെയുമ്മകൾകൊണ്ട് ചുണ്ടുകളടർന്നിരുന്നു ഒഴുകിപ്പോകാൻ...
Your Subscription Supports Independent Journalism
View Plans1. മൂന്നാം പക്കം
ഒന്നാം പക്കമാണ്
ഭൂമിയിലെ വേരുകൾ
മുറിഞ്ഞ്, ജലത്തിലേക്ക്
അടർന്നുവീണത്.
ഉള്ളിടങ്ങളെയൊക്കെയും
ജലം കഴുകിയെടുക്കുമ്പോൾ
ഉപരിതലത്തിലെന്തിനോ
കുമിളകൾ പൂക്കുന്നുണ്ടായിരുന്നു.
പൊട്ടിമരിക്കുന്ന കുമിളകൾ
ആകാശത്തോട് പറഞ്ഞത്
പഴയ തത്ത്വശാസ്ത്രമായിരുന്നു
വിയർപ്പുപറ്റിപ്പടർന്ന
പോക്കറ്റിലെ കവിതകൾ
പുഴ വായിച്ചെടുക്കുകയായിരുന്നു
രണ്ടാംപക്കത്തിൽ
മീനുകളുടെയുമ്മകൾകൊണ്ട്
ചുണ്ടുകളടർന്നിരുന്നു
ഒഴുകിപ്പോകാൻ മറന്ന പുഴ
വയറിനുള്ളിലൊരു
തടാകമായിരമ്പുന്നുണ്ടായിരുന്നു
വീർത്തുതടിച്ച വിരൽത്തുമ്പുകൾ
അടിത്തട്ടിൽ ചേറിലുറഞ്ഞ
കളിപ്പാട്ടങ്ങളെത്തിരഞ്ഞു
ഇന്നിപ്പോൾ മൂന്നാംപക്കമാണ്
ആഴത്തിന്റെയള്ളിപ്പിടുത്തത്തിൽ
നിന്നു കുതറി മുകളിലേക്ക്...
മീനുകൾ കൊത്താത്ത
കണ്ണിലൂടെ സൂര്യനിലേക്കുള്ള
വഴി ഞാൻ കണ്ടെടുക്കുന്നു.
2. പാലം
ഇരുട്ടിൽനിന്നും
വെളിച്ചത്തിലേക്ക്
നീട്ടിയിട്ട തടിപ്പാലം
ഒഴുകിപ്പോയ ജലത്തിന്റെ
അളവെത്രയെന്നറിയാതെ
നീന്തിത്തുടിക്കുന്ന മീനുകൾ
വെള്ളത്തിൽ വീണു
പിടയ്ക്കുന്ന
ഉറുമ്പുനിഴലുകൾ
അടർന്നുവീഴുന്ന
വിയർപ്പുതുള്ളിയിലുപ്പു
നോക്കുന്ന പരൽമീനുകൾ
അത്രമേൽ സൂക്ഷ്മമായ്
നടന്നുതീർക്കുന്ന
പകൽവഴികൾ
വെളിച്ചത്തിൽനിന്നും
ഇരുട്ടിലേക്ക്
തിരിച്ചിടുന്ന തടിപ്പാലം
പുഴയുടെയാഴങ്ങളിലേക്ക്
നക്ഷത്രങ്ങളെ
കൊരുത്തിടുന്ന ചൂണ്ട
തീരത്താരെയോ
കാത്തിരിക്കുന്ന
ചിമ്മിനിവിളക്കുകൾ
പകലിന്റെ വിങ്ങലുകളെ
പൊതിഞ്ഞെടുക്കുന്ന
ഇരുളിന്റെയില
പാലത്തിന്റെ നടുവിൽ
പാതിരാവിൽ
നിശ്ശബ്ദതയുടെ കവിത
ഇരുളിൽനിന്നു വെളിച്ചത്തിലേക്കും
വെളിച്ചത്തിൽനിന്നിരുളിലേക്കും
തിരിഞ്ഞുമറിയുന്ന പാലം.
l