വെർറ്റിഗോ -മലയാളം കവിത
വാക്കിലൂറ്റംകൊണ്ടവീറുകൾ, വെറും പാഴ് കൂറ്റൻ കുന്നിനുച്ചിയിൽ വരിതെറ്റിനിൽക്കെ. കാറ്റിലേക്കെയ്ത കൈവിമാനം നിലതെറ്റി...
Your Subscription Supports Independent Journalism
View Plansവാക്കിലൂറ്റംകൊണ്ട
വീറുകൾ, വെറും പാഴ്
കൂറ്റൻ കുന്നിനുച്ചിയിൽ
വരിതെറ്റിനിൽക്കെ.
കാറ്റിലേക്കെയ്ത കൈവിമാനം
നിലതെറ്റി വീഴു-
മാകാശച്ചെരിവ-
നന്തമാം കടൽച്ചേല.
ഞെട്ടറ്റുവീഴും
നൂൽക്കമ്പിയിൽ
ഞാന്നിറങ്ങുമാ-
കാശപ്പറത്തം.
വഴുക്കന്മരത്തി-
ലൂർന്നിറക്കം
ഉറക്കക്കട്ടിൽ
മറിഞ്ഞുവീഴ്ച.
ഉയരപ്പേടിയിലു-
റക്കംമുറിഞ്ഞെത്ര
രാത്രികളു-
ന്മാദഗർത്തങ്ങൾ.
ഏതുയരമുനമ്പിലും
കറങ്ങുമുലകമ-
തിനാൽപ്പാതിയിൽ
താഴോട്ടിറക്കം.
ആയത്തിലേക്കു-
മുയരത്തിലേക്കും
ഒരേ ഉടൽദൂര-
മതിൻ മരിച്ചുനീന്തൽ.
മണ്ണോടുചേരുമു-
ടൽക്കനമറ്റ പേടി
വേരടക്കമറ്റുപോം
പേക്കിനാപ്പർവതം.
കാൽതെറ്റിവീഴുമാകാശം.