ചൂട്
കല്ലുബെഞ്ചിലുറങ്ങുന്ന വൃദ്ധപണ്ട് കണ്ടിട്ടില്ലാത്ത അവളുടെ ആരോ ആണെന്നവൾക്കു തോന്നി അതറിയുന്നതിന് ഉണരുന്നതും നോക്കി അവർക്കരികിൽത്തന്നെ അവൾ കാത്തുനിന്നു നീണ്ടുപോവുന്ന വീതിയുള്ള പാതയായിരുന്നു മരങ്ങളുണ്ടായിരുന്നു പൂക്കളും കാറ്റുമുണ്ടായിരുന്നു കാറ്റിലൊരു പൂവ് കല്ലു ബെഞ്ചിൽ വൃദ്ധക്കരികെ വിടർന്നു വീണു കണ്ണു തുറന്ന് അവളെ മാത്രം നോക്കി തൊട്ടടുത്ത മറ്റൊരു ബെഞ്ചിൽ ഒപ്പമുറങ്ങുവാൻ കണ്ണുകൾകൊണ്ട് വൃദ്ധ അവളെ...
Your Subscription Supports Independent Journalism
View Plansകല്ലുബെഞ്ചിലുറങ്ങുന്ന വൃദ്ധ
പണ്ട് കണ്ടിട്ടില്ലാത്ത
അവളുടെ ആരോ ആണെന്നവൾക്കു തോന്നി
അതറിയുന്നതിന്
ഉണരുന്നതും നോക്കി
അവർക്കരികിൽത്തന്നെ
അവൾ കാത്തുനിന്നു
നീണ്ടുപോവുന്ന
വീതിയുള്ള പാതയായിരുന്നു
മരങ്ങളുണ്ടായിരുന്നു
പൂക്കളും കാറ്റുമുണ്ടായിരുന്നു
കാറ്റിലൊരു പൂവ്
കല്ലു ബെഞ്ചിൽ വൃദ്ധക്കരികെ
വിടർന്നു വീണു
കണ്ണു തുറന്ന്
അവളെ മാത്രം നോക്കി
തൊട്ടടുത്ത മറ്റൊരു ബെഞ്ചിൽ
ഒപ്പമുറങ്ങുവാൻ
കണ്ണുകൾകൊണ്ട് വൃദ്ധ
അവളെ വിളിച്ചു
അവളെയറിയാവുന്ന
പണ്ട് കണ്ടിട്ടില്ലാത്ത
അവളുടെ ആരോ വിളിച്ചപോലെ
അവർക്കരികെ വേറൊരു കല്ലുബെഞ്ചിൽ
അവരെപ്പോലെ അവളുമുറങ്ങി
മുമ്പ് പോയിട്ടില്ലാത്ത
പാതയിലൂടൊരു യാത്രയായിരുന്നു
ഒറ്റക്കായിരുന്നു
യാത്രയിലെന്തിനാണ്
കല്ലുബെഞ്ചിലുറങ്ങുന്ന വൃദ്ധയെക്കണ്ടത്
ഉറങ്ങുമ്പോഴും
അതുതന്നെയായിരുന്നു
അവളാലോചിച്ചിരുന്നത്
അവരെക്കാണുവാൻ മാത്രമാണ്
ആ വഴി വന്നതെന്നുമവൾക്കു തോന്നി
കാറ്റിലൊരു പൂവ്
അവൾക്കരികിലും
വിടർന്നു വീണു
ഉറക്കമുണർന്ന്
തിരിഞ്ഞു നോക്കിയപ്പോൾ
അടുത്ത ബെഞ്ചിലാരുമുണ്ടായിരുന്നില്ല
പൂവുകൾ മാത്രം
വിടരുകയും വീഴുകയും ചെയ്തു
പോയെങ്കിലും
വൃദ്ധ അതുവരെ കിടന്നിരുന്നതിന്റെ
ആറാത്ത ചൂട്
അവിടെത്തന്നെ
പോവാതെ നിന്നിരുന്നു
നോക്കിയപ്പോൾ
അവളെയറിയാവുന്ന
പണ്ട് കണ്ടിട്ടില്ലാത്ത
അവളുടെ ആരോ ഒരാളെന്നപോലെ
ആ ചൂട്
അവളിലേക്ക്
കയറി വന്നു.