വന്നൊന്ന് പുണരുവാൻ
വടക്കേടത്ത് വീട്ട് പറമ്പിനോട് ചേർന്ന ശ്മശാനത്തോടടുത്താണ് മൈതാനം. എളുപ്പത്തിൽ പറമ്പിലൂടെ ഇടമുറിഞ്ഞ് പോവുന്നത് വടക്കേടത്ത്ക്കാർക്കിഷ്ടമല്ല. ‘നായരുട്ടി’ ആയതിനാൽ നടപ്പിൽ സംവരണം, മറുവാക്കില്ലവർക്ക്. ചുറ്റും മതിൽ കെട്ടി വന്യതയാർന്ന ശ്മശാനം നിറയെ മഴവിൽ നിറച്ച് കടലാസ് പൂക്കൾ, കമ്യൂണിസ്റ്റ് പച്ച, കാരപ്പഴം, കൊട്ടക്കായ, ശവംനാറിപ്പൂ വിശാല ലോകം... ശ്മശാനത്തിന് കുറച്ച് മാറി കളിമൈതാനം. ദ്രുതപാദ പതനങ്ങൾ ഇടനെഞ്ചിലമരുമ്പോൾ മൈതാനം...
Your Subscription Supports Independent Journalism
View Plansവടക്കേടത്ത് വീട്ട് പറമ്പിനോട് ചേർന്ന
ശ്മശാനത്തോടടുത്താണ് മൈതാനം.
എളുപ്പത്തിൽ
പറമ്പിലൂടെ ഇടമുറിഞ്ഞ് പോവുന്നത്
വടക്കേടത്ത്ക്കാർക്കിഷ്ടമല്ല.
‘നായരുട്ടി’ ആയതിനാൽ
നടപ്പിൽ സംവരണം, മറുവാക്കില്ലവർക്ക്.
ചുറ്റും മതിൽ കെട്ടി
വന്യതയാർന്ന ശ്മശാനം നിറയെ
മഴവിൽ നിറച്ച്
കടലാസ് പൂക്കൾ,
കമ്യൂണിസ്റ്റ് പച്ച,
കാരപ്പഴം, കൊട്ടക്കായ, ശവംനാറിപ്പൂ
വിശാല ലോകം...
ശ്മശാനത്തിന് കുറച്ച് മാറി
കളിമൈതാനം.
ദ്രുതപാദ പതനങ്ങൾ
ഇടനെഞ്ചിലമരുമ്പോൾ
മൈതാനം ധന്യ മനസ്സോടെന്നും.
ഓടി ജയിക്കുവാനും
ഓടിയോടി തോൽക്കുവാനും
കളിച്ച് ജയിക്കുവാനും
കളിച്ച് കളിച്ച് തോൽക്കുവാനും
തമ്മിൽതല്ലാനും
തെറിവാക്ക് പറയുവാനും
പ്രണയമൊഴികൾ കൈമാറുവാനും
മൈതാനം, ഒരങ്കത്തിന് ബാല്യമവശേഷിപ്പിച്ച്.
നട്ടുച്ചക്കും ഇരുൾവെട്ടത്തും
മൈതാനം ഒറ്റക്ക്.
ശ്മശാനത്തിലേക്ക് ഇഴഞ്ഞെത്തുന്ന
ശാന്തത.
ഒാരോ ശവക്കല്ലറകളും
ഓർമപ്പൂക്കളാണ്,
പറയുവാൻ ബാക്കിവെച്ചവരുടെ
സ്വപ്നമയക്കം.
പറയാൻ കൊതിച്ചവരുടെ ഇടനെഞ്ച്.
പ്രണയിച്ച് തോറ്റവരും, ജയിച്ചവരും
കലഹിച്ച് ജയിച്ചവരും, തോറ്റവരും
നേടി നേടി എന്തെല്ലാമായവരും
തേടി തേടിയലഞ്ഞവരും ഒരേ മണ്ണിൽ...
എനിക്കെന്തോ,
വല്ലാത്തൊരിഷ്ടമാണിവിടം
ഏറ്റവും ശാന്തത.
ധ്യാനത്തിലെന്നപോലെ...
എന്റെ സ്നേഹവും, പ്രണയവും
ഊർന്ന് പോയോരിടം
ആരൊക്കെയോ എന്നിലേക്ക്
പതം പറഞ്ഞ് എത്തുന്നപോലെ.
ഒരു നാൾ,
കളിയും ചിരിയും തിരികെയെടുത്ത്
ചേർക്കുന്ന മണ്ണ്.
ഒന്ന് പുണർന്നുറങ്ങുവാനുള്ള
കൊതി ആവോളം.