രണ്ട് കവിതകൾ
1. അച്ഛൻ അന്നൊക്കെ രാത്രിയിൽ ആടിയാടി വരുന്ന അച്ഛന്റെ മുമ്പിൽ മുട്ടുവിറച്ച് കൈ കെട്ടി നിൽക്കണം. ചോദ്യങ്ങൾ, ഉത്തരങ്ങൾ പുളിവാറൽ ശകാരങ്ങൾ. വിശപ്പിന്റെ എരിച്ചിൽ വയറിലും അടിയുടെ പുകച്ചിൽ പുറത്തുമായി ഞങ്ങളുടെ നിലവിളി വീടും കടന്ന് പൊതുവഴി താണ്ടിയിട്ടുണ്ടാകും. അയൽവീട്ടീന്ന് കടം പറഞ്ഞ നാഴിയരി ചോറ് കലത്തിൽ വിഷണ്ണയായ് ഇരിയ്ക്കുന്നുണ്ടാവും. ഉള്ളി ചതച്ച് വെളിച്ചെണ്ണ ചാലിച്ച ചമ്മന്തി ആരും കാണാതെ നെടുവീർപ്പിടുന്നുണ്ടാകും. കലാശം...
Your Subscription Supports Independent Journalism
View Plans1. അച്ഛൻ
അന്നൊക്കെ രാത്രിയിൽ
ആടിയാടി വരുന്ന
അച്ഛന്റെ മുമ്പിൽ
മുട്ടുവിറച്ച്
കൈ കെട്ടി നിൽക്കണം.
ചോദ്യങ്ങൾ, ഉത്തരങ്ങൾ
പുളിവാറൽ ശകാരങ്ങൾ.
വിശപ്പിന്റെ എരിച്ചിൽ വയറിലും
അടിയുടെ പുകച്ചിൽ പുറത്തുമായി
ഞങ്ങളുടെ നിലവിളി
വീടും കടന്ന്
പൊതുവഴി താണ്ടിയിട്ടുണ്ടാകും.
അയൽവീട്ടീന്ന്
കടം പറഞ്ഞ
നാഴിയരി ചോറ്
കലത്തിൽ വിഷണ്ണയായ്
ഇരിയ്ക്കുന്നുണ്ടാവും.
ഉള്ളി ചതച്ച് വെളിച്ചെണ്ണ ചാലിച്ച ചമ്മന്തി
ആരും കാണാതെ
നെടുവീർപ്പിടുന്നുണ്ടാകും.
കലാശം കഴിഞ്ഞാൽ -
സംഹാരമാണ്.
അരയിൽ തിരുകിയ കത്തി
വലിച്ചൂരിയാൽ പിന്നെ
പാതിരാത്രിയിലേയ്ക്കഭയം തേടി
നാലുവഴി ചിതറിയോടുകയായി.
പൊന്തക്കാട്ടിലൊളിച്ചിരിക്കും നേരം ഞാൻ
അച്ഛനെ എങ്ങനെ
കൊല്ലാമെന്നായിരുന്നു
ആലോചിച്ചിരുന്ന
തെപ്പോഴും.
തലയ്ക്ക് ഉലക്ക കൊണ്ടടിയ്ക്കണോ?
(നാട്ടിൽ അങ്ങനെയൊരു കഥ
കേൾക്കുന്നുണ്ടായിരുന്നു)
ചോറിൽ വിഷം ചേർത്ത് കൊല്ലണോ?
(ചെരുപ്പ് കടിച്ചുകീറുന്ന
പട്ടിക്ക് തെക്കേലെ കല്യാണിയേട്ത്തി
വിഷം നൽകുന്നത്
കണ്ടിട്ടുണ്ടായിരുന്നു.)
പിന്നെ,
പ്രതിഷേധം ഞങ്ങളും
ആരംഭിച്ചു.
ഇടവഴിനിന്ന്
തെറിപാട്ടു കേൾക്കുമ്പോൾ
ജനലും വാതിലും
സാക്ഷയിട്ട്
അമ്മയും മക്കളും
ഒരു മൂലയിൽ
കരയാൻ മറന്ന്
കെട്ടിപ്പിടിച്ചിരിയ്ക്കും.
ഭയം, ഭൂതത്തെ പോൽ
വിഴുങ്ങുമ്പോൾ
പുറത്തച്ഛന്റെ
താണ്ഡവമാട്ടമാകും.
വാതിലിൽ ചവിട്ടിയും തള്ളിയും
ഓട്ടിൻപുറത്ത് കല്ലുമഴ പെയ്യിച്ചും
ഉറങ്ങാത്ത
ഒരു രാത്രി കേട്ടു
പതംപറച്ചിലും കണ്ണീരും.
എന്നും പുലരുമ്പോ കാണുന്ന
നാടകമെന്നോർത്ത്
ഒറ്റപ്പായയിൽ ഞങ്ങൾ
തിരിഞ്ഞും മറിഞ്ഞും
നേരം വെളുപ്പിച്ചു.
അന്ന് സൂര്യനോടൊപ്പം
കാവിതേച്ച മുറിത്തിണ്ണയിൽ
അച്ഛനെ കണ്ടില്ല.
തലയിലെ എണ്ണപ്പാട മാത്രം ബാക്കിയാക്കി
അച്ഛനെങ്ങോട്ടോ
അപ്രത്യക്ഷമായി.
2. വിശപ്പും വിപ്ലവവും
അച്ഛൻ വീടുവിട്ടിറങ്ങിയതിന്റെ
നാലാം നാൾ,
കാതിലെ കടുക്കൻ വിറ്റ്
അമ്മമ്മ കറുപ്പിൽ വെള്ള പുള്ളിയുള്ള പയ്യിനെ മേടിച്ചു.
പുള്ളി കുത്തിയവളെ
ഞങ്ങൾ പുള്ളിച്ചീന്ന്
വിളിച്ചു.
പയ്യിന്,
പാലുണ്ടാർന്നു.
നെയ്യിണ്ടാർന്നു.
തൈരുണ്ടാർന്നു.
വിൽക്കാൻ വെച്ച സ്വപ്നങ്ങളിൽ
അയവിറത്ത്
ഞങ്ങളിരുന്നു.
ആ നേരം അമ്മമ്മ
കാരുണ്യത്തിന്റെ
നിറകുടമാകും.
ഒരു കലം കട്ടനിൽ,
ഒരുരിപാല് നീട്ടി ഒഴിയ്ക്കും.
കട്ടന് ഭൗതികമാറ്റം വന്ന്
അത് ചെങ്കൽ നിറമാകും.
ഒരീസം പുള്ളിച്ചി പയ്യിന്റെ
കാലേല് പുഴുവരിയ്ക്കാൻ തുടങ്ങി.
അമ്മമ്മ നെഞ്ചിൽ തല്ലി
ദേവ്യേന്ന്... വിളിച്ചതും
പുള്ളിച്ചി പയ്യ് വീണതും
ഒരേ സെക്കൻഡിലായിരുന്നു.
പുള്ളിച്ചീന്റെ സംസ്കാരം
കഴിഞ്ഞ വീട്ടിൽ,
അരിക്കലം ശൂന്യമായി.
ഉപ്പ്, മുളകുപാത്രങ്ങൾ
കഴുകി കമഴ്ത്തിവെച്ചു.
ഓരോ പാത്രം കഴുകുമ്പോഴും
അമ്മമ്മ ദേവ്യേ... ദേവ്യേന്ന് വിളിച്ചു.
ആ വിളി ശമിച്ചത്
പഞ്ചായത്തിൽ പശുലോൺ
ഉണ്ടെന്നറിഞ്ഞപ്പോഴായിരുന്നു.
രണ്ടാം മുണ്ട് ചുറ്റി
കക്ഷത്ത് കാലൻകുട
വച്ചിറങ്ങിയ അമ്മമ്മ
മേൽക്കാതിൽ കടുക്കനിട്ട
ആന മെലിഞ്ഞൊരു പയ്യുമായാണ്
തിരിച്ചെത്തിയത്.
മേയാൻ വിട്ട കറുമ്പിപ്പയ്യ്
തിരിച്ചെത്തിയിട്ടില്ല.
കറവയ്ക്ക് മുമ്പേ തൊഴുത്തി കേറുക പതിവായിരുന്നു.
ഈ പയ്യെങ്ങാട്ടാ പോയത്.
പാലും പാത്രം കഴുകിവെച്ച്
അമ്മമ്മ പിറുപിറുത്തു.
കറുമ്പിയെ തിരഞ്ഞിറങ്ങിയ അമ്മമ്മ,
വിവശതയായി
ഇരുട്ടുതപ്പി വന്നു.
കറുമ്പി പുഴ കടന്നെന്ന്,
ഇനി കറുമ്പിയെ തിരഞ്ഞിട്ട് കാര്യമില്ലെന്ന്.
അമ്മമ്മ വീണ്ടും ദേവ്യേ... വിളിച്ചു.
വളർന്നെന്നോ മുതിർന്നെന്നോ
നോക്കാത്ത കൊച്ചുമക്കൾ
കൊടിപിടിച്ച്, സിന്ദാബാദ് വിളിച്ച്
വയറ്റിൽ മേടക്കാറ്റ് വീശുമ്പോൾ,
അമ്മമ്മയ്ക്കു ചുറ്റും
ചമ്രംപടിഞ്ഞിട്ടുണ്ടാകും.
എവിടെനിന്ന്?
എങ്ങനെ?
ചോദ്യങ്ങളില്ലാത്ത
ഓട്ടുപിഞ്ഞാണങ്ങൾ
പൊടുന്നനെ
അക്ഷയപാത്രങ്ങളാകും.
പിന്നീട്,
അമ്മമ്മയുടെ തെക്കോട്ടുള്ള
പടിയിറക്കത്തിന്
ശേഷമാണ്.
വിശപ്പോളം പോന്നൊരു
വിപ്ലവമില്ലെന്നറിഞ്ഞത്.