ആയുധം
ചിത്രശലഭങ്ങള്‍ മരുഭൂമിയില്‍ വരച്ച പൂന്തോട്ടം കാറ്റില്‍ ഒഴുകിനടക്കുന്നു. ഓരോ വീട്ടിലും മുട്ടിവിളിക്കുന്നു. കുട്ടികളുടെ മനസ്സില്‍ പൂച്ചെടികള്‍ നടന്നു. എന്നും പ്രഭാതത്തില്‍ പൂവുകള്‍ വിരിയാന്‍ വേരുകളില്‍ പാട്ടുകള്‍ പാടി നിറയ്ക്കുന്നു. കെടുതികളുടെ ഓര്‍മകള്‍ മായ്ച്ചുകളയുന്നു. ഇലഞ്ഞിയുടെ സുഗന്ധവും നിലാവിറങ്ങി നിശാഗന്ധിയായി വിരിഞ്ഞ തടാകവും പക്ഷികള്‍ പറന്നുവരച്ച ആകാശവും ഉറക്കത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു. അവരുടെ പഴയ ഉടുപ്പുകള്‍...
Your Subscription Supports Independent Journalism
View Plansചിത്രശലഭങ്ങള്‍
മരുഭൂമിയില്‍ വരച്ച പൂന്തോട്ടം
കാറ്റില്‍ ഒഴുകിനടക്കുന്നു.
ഓരോ വീട്ടിലും മുട്ടിവിളിക്കുന്നു.
കുട്ടികളുടെ മനസ്സില്‍
പൂച്ചെടികള്‍ നടന്നു.
എന്നും പ്രഭാതത്തില്‍
പൂവുകള്‍ വിരിയാന്‍
വേരുകളില്‍ പാട്ടുകള്‍ പാടി നിറയ്ക്കുന്നു.
കെടുതികളുടെ ഓര്‍മകള്‍ മായ്ച്ചുകളയുന്നു.
ഇലഞ്ഞിയുടെ സുഗന്ധവും
നിലാവിറങ്ങി നിശാഗന്ധിയായി വിരിഞ്ഞ തടാകവും
പക്ഷികള്‍ പറന്നുവരച്ച ആകാശവും
ഉറക്കത്തിലേക്കു ചേര്‍ത്തുവയ്ക്കുന്നു.
അവരുടെ പഴയ ഉടുപ്പുകള്‍ കഴുകി
നിറം ചേര്‍ത്ത് ഉണക്കുന്നു.
നാടുകള്‍ താണ്ടിയതിന്റെ കനം
ചെരിപ്പുകളില്നിന്നു തുടച്ചുകളയുന്നു.
കുടയുടെ ഓട്ട വീണ ശീല
പൂക്കളിട്ടു തുന്നുന്നു.
മയില്പ്പീലികള് ചേര്‍ത്ത്
പുസ്തകങ്ങള്‍ പൊതിയുന്നു.
വീടുകളുടെ തകര്‍ന്ന വരികള്‍ ചേര്ത്തുവിളക്കുന്നു.
ചിതറിയോടിയ ആട്ടിന്‍കുട്ടികളെ തിരികെ കൊണ്ടുവരുന്നു.
വൃദ്ധരെ അവരുടെ കുട്ടിക്കാലം മായാതെയെത്തിക്കുന്നു.
മറന്നുപോയ അവരുടെ പേരുകള്‍
കൈവെള്ളയില്‍ എഴുതുന്നു.
അവരുടെ കഥകളിലുള്ള ഞങ്ങളുടെ ജീവിതം
ശിലയില്‍
പകര്‍ത്തിയെടുക്കുന്നു.
ദേശങ്ങളുടെയോ
വിശുദ്ധ ഗ്രന്ഥങ്ങളിലെയോ
അത്ഭുതങ്ങളുടെ പേരുകളോ അല്ല അവര്‍ ഞങ്ങള്‍ക്കിട്ടത്.
ആകാശത്തിന്റെയും നദികളുടെയും
വൃക്ഷങ്ങളുടെയും പേരുകളായിരുന്നു നല്‍കിയത്.
അതായത്, ഞങ്ങള്‍ ഒരുപോലുള്ള പേരുകാരായിരുന്നു.
ഞങ്ങളുടെ കൈയിലെപ്പോഴും
ഇലകളുടെ തണുപ്പുണ്ടായിരുന്നു.
പാദങ്ങളില്‍
വയലുകളുടെ നനവുണ്ടായിരുന്നു.
ഞങ്ങള്‍ ജീവിച്ച ഇടങ്ങളുടെ രേഖകള്‍
ആരൊക്കെയോ മാറ്റിവരച്ചു.
വീടിനു പുതിയ രൂപവും ചായവും കൊടുത്തു.
ഭക്ഷണത്തിന്റെ രുചികള്‍ മാറ്റി.
വസ്ത്രരീതികള്‍ മാറ്റി.
അതുവരെ സംസാരിച്ച ഭാഷയും
എഴുതിയ ലിപികളും വിലക്കി.
ഇപ്പോള്‍, ഞങ്ങള്‍ ആയുധങ്ങളാണ്.
ഓരോരോ പേരുകളിട്ട്
ആള്‍ക്കൂട്ടത്തിലേക്കു തൊടുക്കുന്നു.