ആ ദിവസം
വെള്ളഷർട്ട്വെള്ളമുണ്ട് ജെട്ടി കൈയ്യുറ ഷൂസ് അത്തറ് പൗഡറ് പോകാനൊരു പെട്ടി പോരാ ഇനിയുമുണ്ട് മൂന്നുകുത്ത് ചീട്ട് രണ്ടു ലിറ്ററ് (തികയുമോ? നേരം വെളുപ്പിക്കേണ്ടതാണ്) സാമ്പ്രാണി മെഴുകുതിരി കാപ്പിപ്പൊടി പഞ്ചസാര വൈകിട്ട് ഭക്ഷണം മോശമാക്കരുത് ചോറ് സാമ്പാർ കാളൻ ഉണക്കപ്പയർകൊണ്ടൊരു -മെഴുക്കുപെരട്ടി അച്ചാർ രാവിലത്തേക്ക് പച്ചക്കപ്പവേയിച്ചതും പോത്തും പന്നിയും വിളമ്പണമെന്ന, എന്റെ ആഗ്രഹം വകവെക്കാതെ അപ്പവും...
Your Subscription Supports Independent Journalism
View Plansവെള്ളഷർട്ട്
വെള്ളമുണ്ട്
ജെട്ടി
കൈയ്യുറ
ഷൂസ്
അത്തറ്
പൗഡറ്
പോകാനൊരു പെട്ടി
പോരാ
ഇനിയുമുണ്ട്
മൂന്നുകുത്ത് ചീട്ട്
രണ്ടു ലിറ്ററ്
(തികയുമോ?
നേരം വെളുപ്പിക്കേണ്ടതാണ്)
സാമ്പ്രാണി
മെഴുകുതിരി
കാപ്പിപ്പൊടി
പഞ്ചസാര
വൈകിട്ട്
ഭക്ഷണം മോശമാക്കരുത്
ചോറ്
സാമ്പാർ
കാളൻ
ഉണക്കപ്പയർകൊണ്ടൊരു -മെഴുക്കുപെരട്ടി
അച്ചാർ
രാവിലത്തേക്ക്
പച്ചക്കപ്പവേയിച്ചതും
പോത്തും പന്നിയും
വിളമ്പണമെന്ന,
എന്റെ ആഗ്രഹം
വകവെക്കാതെ
അപ്പവും വെജിറ്റബിൾകറിയും
മതിയെന്ന്
നിങ്ങളങ്ങ് തീരുമാനിക്കും;
അതാണല്ലോ പതിവ്
വീടിനു മുമ്പിൽ
പന്തൽ
ഉച്ചത്തിൽ പാട്ട്
പണ്ടെങ്ങോ
പിന്നെക്കാണാമെന്നു പറഞ്ഞ്
പിരിഞ്ഞവരൊക്കെ
നിരനിരയായ്
വരുന്നുണ്ട്...
‘‘നിന്റെ പുസ്തകപ്രകാശനത്തിന്
ഉറപ്പായും വരുമെന്ന്’’
പറഞ്ഞു പറ്റിച്ചവൻ
രണ്ടെണ്ണം അടിച്ചേച്ചും വന്ന്
പിറുപിറുത്തതൊരു
പുതുകവിത
ഒരിക്കൽ
പിണങ്ങി മിണ്ടാതായ
ചങ്ങാതിയും വന്നിട്ടുണ്ട്...
‘‘ഇങ്ങനെ വന്ന്
തലകുനിച്ച് നിൽക്കാനാണെങ്കിൽ
നീയെന്തിനാ @&**
പിണങ്ങിയതെന്ന്’’
ചോദിക്കണമെന്നുണ്ടെങ്കിലും
അവൻ വീണ്ടും പിണങ്ങിയാലോന്നോർത്ത്
മിണ്ടാണ്ടിരുന്നു...
ഞാൻ തണുത്തു വിറച്ചു കിടക്കുമ്പോൾ
അടുത്തുവന്നിരുന്ന്
എനിക്കു തരാതെ നിങ്ങൾ
ചൂടു കട്ടൻകാപ്പി
ഊതിയൂതി കുടിക്കുന്നു...
എന്റെ തലയ്ക്കൽ വന്നിരുന്ന്
പാർട്ടിയെ കുറ്റംപറയുന്ന മനുഷ്യാ
എന്റെ ക്ഷമയേ പരീക്ഷിക്കരുത്.
പണ്ടിഷ്ടം പറഞ്ഞേപ്പിന്നെ
മുഖത്തുപോലും നോക്കാത്തവൾ
എന്നെത്തന്നേ നോക്കിനിൽക്കുന്നു
ആ കഥയൊക്കെ
ഞാൻ പറഞ്ഞറിയാവുന്നൊരുവൾ
അവളെയും എന്നെയും
മാറിമാറി നോക്കുന്നതു കണ്ടിട്ട്
ഒരുപാട് കഷ്ടപ്പെട്ട്
പൊട്ടിവന്ന ചിരി ഞാനൊതുക്കുന്നു.
ആരൊക്കെയോ
വരുന്നു
പോകുന്നു
നീയെന്തേ വരാത്തതെന്ന്
ചിന്തിച്ചു ചിന്തിച്ച്
പൂക്കൾക്കിടയിൽ കിടന്ന്
ഞാനെപ്പോഴോ
മയങ്ങിപ്പോകുന്നു...