ഏഴ് പാഠങ്ങൾ
ഏഴ് പാഠങ്ങളുള്ള പുസ്തകമാണ് നീ. പുറംചട്ടയിൽ ഊതവർണപൂക്കൾ. പിൻചട്ടയിൽ നീലാകാശത്തിന്റെ ആഴങ്ങളും. ഒന്നാം പാഠത്തിൽ കടൽ; മരുഭൂമിയുടെ ഭാഷ പഠിക്കുകയാണ്. രണ്ടിലെത്തുമ്പോഴേക്കും സപ്തസ്വരങ്ങളിൽ ഊർന്നിറങ്ങുകയാണ് സാന്ദ്രമൗനത്തിന്റെ അനന്യമാമൊരു തീപ്പൊരി. മൂന്നാം പാഠത്തിലെത്തിയാൽ മൃതുചക്രങ്ങളുടെ പരമ്പരകളിലൂടെ നിങ്ങൾ പ്രണയ വീഞ്ഞുകൾ കുടിച്ചു തുടങ്ങും. കണ്ണുകളിൽ നിന്നപ്പോൾ നിദ്രയകന്ന് പോകും. നാലിലെത്തുമ്പോഴേക്കും തീർഥകണമായ് നിങ്ങൾ മാറിയേക്കാം. അഞ്ചാം പാഠത്തിൽ പക്ഷിച്ചിറകുകളിലൂടെ ആകാശം തെളിയും. ആറാം പാഠത്തിൽ സർവ അധികാരങ്ങളെയും തകർത്തെറിയുന്ന കൊടുംകാറ്റിന്റെ...
Your Subscription Supports Independent Journalism
View Plansഏഴ് പാഠങ്ങളുള്ള
പുസ്തകമാണ് നീ.
പുറംചട്ടയിൽ
ഊതവർണപൂക്കൾ.
പിൻചട്ടയിൽ
നീലാകാശത്തിന്റെ ആഴങ്ങളും.
ഒന്നാം പാഠത്തിൽ
കടൽ;
മരുഭൂമിയുടെ ഭാഷ പഠിക്കുകയാണ്.
രണ്ടിലെത്തുമ്പോഴേക്കും
സപ്തസ്വരങ്ങളിൽ
ഊർന്നിറങ്ങുകയാണ്
സാന്ദ്രമൗനത്തിന്റെ
അനന്യമാമൊരു തീപ്പൊരി.
മൂന്നാം പാഠത്തിലെത്തിയാൽ
മൃതുചക്രങ്ങളുടെ
പരമ്പരകളിലൂടെ നിങ്ങൾ
പ്രണയ വീഞ്ഞുകൾ
കുടിച്ചു തുടങ്ങും.
കണ്ണുകളിൽ
നിന്നപ്പോൾ
നിദ്രയകന്ന് പോകും.
നാലിലെത്തുമ്പോഴേക്കും
തീർഥകണമായ്
നിങ്ങൾ മാറിയേക്കാം.
അഞ്ചാം പാഠത്തിൽ
പക്ഷിച്ചിറകുകളിലൂടെ
ആകാശം തെളിയും.
ആറാം പാഠത്തിൽ
സർവ അധികാരങ്ങളെയും
തകർത്തെറിയുന്ന
കൊടുംകാറ്റിന്റെ ഗർജനം കേൾക്കാം.
ഏഴിൽ,
ആത്മായനത്തിന്റെ
വിടരുകൾ.
പൂവിലെല്ലാം,
പൂമ്പാറ്റച്ചിറകുകൾ.
മധുവന്തി പാടും
ഇളങ്കാറ്റിന്റെ
സ്വരമധുരിമ.
നിശ്വാസങ്ങളിൽ,
ആദ്യക്ഷരം
പിടയുന്നുവെങ്കിൽ
ചില പാഠങ്ങൾ
നിങ്ങളെ തൊട്ടെന്നിരിക്കും.