വിറച്ചും വിയർത്തും പനിച്ചും ഒരു വീട്
വീടിന് പനിക്കുന്നൂ ഡോക്ടറുണ്ടകത്തെന്നാൽ നാഡികൾ വിറയ്ക്കുന്നോ- രിപ്പനിക്കില്ലൗഷധം! കനക്കും ദേഹോഷ്മാവിൻ വന്യമാം കടച്ചിലിൽ പിടയ്ക്കും പ്രാണൻ പോറ്റാൻ വീടിതാ വിയർക്കുന്നു! കുടിക്കാൻ പാനീയങ്ങൾ അകത്തെ കലവറ- ക്കറുപ്പിൽ അസംഖ്യമാ- ണെങ്കിലും ദാഹിക്കുന്നു! രുചികെട്ടതാം നാവിൽ വയ്ക്കുവാനാവില്ലാവി വമിക്കും വിശിഷ്ടമാം വിഭവപ്പെരുക്കങ്ങൾ അടുത്തായടുക്കള പ്പുറത്തെ പെരും മണ- ത്തഴപ്പിൽ അയൽപ്പക്ക നാസികാരന്ധ്രം പൂക്കെ... വിശപ്പിൻ വിദ്യുല്ലത വിഴുങ്ങും...
Your Subscription Supports Independent Journalism
View Plansവീടിന് പനിക്കുന്നൂ
ഡോക്ടറുണ്ടകത്തെന്നാൽ
നാഡികൾ വിറയ്ക്കുന്നോ-
രിപ്പനിക്കില്ലൗഷധം!
കനക്കും ദേഹോഷ്മാവിൻ
വന്യമാം കടച്ചിലിൽ
പിടയ്ക്കും പ്രാണൻ പോറ്റാൻ
വീടിതാ വിയർക്കുന്നു!
കുടിക്കാൻ പാനീയങ്ങൾ
അകത്തെ കലവറ-
ക്കറുപ്പിൽ അസംഖ്യമാ-
ണെങ്കിലും ദാഹിക്കുന്നു!
രുചികെട്ടതാം നാവിൽ
വയ്ക്കുവാനാവില്ലാവി
വമിക്കും വിശിഷ്ടമാം
വിഭവപ്പെരുക്കങ്ങൾ
അടുത്തായടുക്കള
പ്പുറത്തെ പെരും മണ-
ത്തഴപ്പിൽ അയൽപ്പക്ക
നാസികാരന്ധ്രം പൂക്കെ...
വിശപ്പിൻ വിദ്യുല്ലത
വിഴുങ്ങും പാവം വീടോ
പിടയ്ക്കും പ്രാണ ശ്വാസ-
മെടുക്കാൻ വലിക്കുന്നൂ
പുതയ്ക്കാൻ കരിമ്പട-
പ്പുള്ളികൾ അലമാര-
യ്ക്കകത്തായനേകമു-
ണ്ടെങ്കിലും തണുക്കുന്നൂ...
കനക്കും മതിപൂർണ
നാകുന്ന രാവിൽ മദി
മദിക്കാറുണ്ടെങ്കിലും
ഏകനായ് ചുരുങ്ങുന്നൂ...
വീടിന്റെ ഹൃദയാന്ത-
രാളത്തിലറകളിൽ
കൂടിയിട്ടുണ്ടഞ്ചാറു
നാടക നടനക്കാർ
ഡോക്ടറാണവൾ മെയിൽ
നഴ്സവൻ പാലംകെട്ടും
മൂത്തവൻ സാങ്കേതിക
വിദഗ്ധൻ, വക്കീൽ മകൾ
കൂട്ടലും കിഴിക്കലും
തർക്കവും വിതർക്കവും
ആപ്പുവയ്ക്കലും തമ്മിൽ
തോൽപ്പിച്ചു ജയിക്കലും
രാത്രിയിൽ ദുരൂഹമാ-
മിരുട്ടിൻ ഗുഹകളിൽ
നീർത്തിടും കൊടുംചതി
ചവർക്കും നിശ്വാസങ്ങൾ...
കൂട്ടുചേർ,ന്നവരുണ്ടോ
രത്താഴമാ വീടിന്റെ
വീട്ടുചിന്തയിലിന്നേ-
നാൾ വരെ പൂത്തിട്ടില്ല!
തുടിക്കും വർണച്ചിരി
മാലയാൽ പടക്കങ്ങൾ
കൊരുക്കും പര്യംപുറ-
ത്താഘോഷം തിമിർക്കുമ്പോൾ
മിനുക്കത്താലീശത
പംക്തിയാൽ ശരത് രാവിൻ
കഴുത്തിൽ മാല്യം ചേർക്കെ
ചുറ്റിടം മോദിക്കുമ്പോൾ
ഇരുട്ടിൽ തമ്മിൽ തിരി-
ച്ചറിയാതന്യോന്യത്തി-
ന്നനർഥം മാത്രം തിര-
ഞ്ഞിഗ്ഗൃഹം തിളയ്ക്കുന്നൂ...
തുരുത്താണകത്തോരോ
മുറിയും അവിടത്തിൽ
പൊരുത്തക്കേടിൻ വെടി-
മരുന്നേ നിത്യോൽപന്നം!
വമിക്കും ലാവാധൂപ-
ത്തിരയിൽ ശ്വാസക്കുഴൽ
ഞെരിക്കപ്പെടുന്നുണ്ടാം
വീടതാ വിറയ്ക്കുന്നൂ!
കറുക്കും നീഡം കാത്തു
വച്ചൊരാ രാത്രിക്കോഴി
കിഴക്കിന്നോരം മുട്ട
കൊത്തിയങ്ങുടയ്ക്കുമ്പോൾ
പഴക്കം പോരാഞ്ഞാവാം
മഞ്ഞയും ചോപ്പും കരു-
വഴുക്കെത്തൂവിപ്പുറം
ലോകമേ ചുവക്കുമ്പോൾ
കീറിയൊരോസോൺ സാരി
മാറുവാൻ പാങ്ങില്ലാതെ
പീത നഗ്നമാം മാറിൽ
വസുധ, വെയിലേൽക്കുമ്പോൾ
വീടിന്റെ തലച്ചോറിൽ
വെള്ളിടി! കാല്യം ഞെട്ടീ!
തീർത്തുപോൽ പരസ്പരം
നാൽവരും തലേരാത്രി..!
കിതപ്പൊന്നടക്കുവാൻ
വീടുലഞ്ഞുഴറുന്നൂ
പടിക്കൽ പൊലീസ്, ജനം
അകത്തേക്കിരമ്പുന്നൂ...
മെഡിക്കൽ കോളേജിൽനി-
ന്നെത്തിടും മൃതദേഹ-
ത്തണുപ്പിൽ വീെെയപികൾ
പൂക്കളം നിരത്തുന്നൂ...
എപ്പൊഴും വരളുന്ന
തൊണ്ടയിൽ കുരുങ്ങുന്നൊ-
രർധ പ്രാണനിൽ വീടിൻ
ബോധവും മറയുന്നു...
പട്ടടപ്പുറം പ്രേത
ഗേഹമായ് വെളിവറ്റു
നിൽക്കയായേകം മൂകം
പിന്നെവീടേറെക്കാലം...
നാളുകൾക്കൊടുക്കം കേ-
ട്ടൊരു പക്ഷിതൻ ഹർഷ
കൂജനാമൃതത്തിനാൽ
വീടുണർന്നുയിർക്കുമ്പോൾ
കാട്ടുവള്ളിയാൽ കാലം
പിന്നിയ മുടിച്ചാർത്തിൽ
ചാർത്തിയ പൂവിൽ കൊക്കു
ചേർത്തവളിരിക്കുമ്പോൾ..!
തൻ ജടാലതാഗൃഹ-
ത്തിങ്കലെക്കൂട്ടിൽ കൂടെ
യുണ്ടിരു കുഞ്ഞുങ്ങളും
അവർ കാത്തിരിപ്പോനും..!
ആൺകിളി പറന്നെത്തി
രണ്ടിളം ചുണ്ടിൽ സ്നേഹാ
ലാതുരനായിക്കൊറ്റു
ചേർത്തുവച്ചാശ്ലേഷിക്കെ...
അമ്മതൻ കണ്ഠം നിറ
ഞ്ഞടർന്നേ പടർന്നുള്ളൊ
രുൺമ തൻ പാട്ടിൽ നീളെ-
ക്കാട്ടുതേൻ തുളുമ്പുന്നൂ..!
വീടിന് നിറയുന്നൂ
വീടിന്റെ ദാഹം തീർന്നൂ
വീടിന് വിറയലും
പനിയും ശമിക്കുന്നൂ..!
വീടൊരു വീടാകുന്നൂ
നാളെ തൻ തലമുറ
വീട്ടിൽനിന്നതാ പക്ഷം
വിടർത്തിപ്പറക്കുന്നൂ..!