ദെ വെളുത്ത നിറങ്ങൾ
ഞാനെന്റെ പെങ്ങളെ തക്കാളിക്കറി പാകംചെയ്യുന്നത് പഠിപ്പിക്കുന്ന നേരത്ത് മരിച്ചുപോയ എന്റപ്പന്റെ പെമ്പറന്നോത്തി അതായത് ഞങ്ങളെ തള്ള ഒളിച്ചോടിപ്പോയ വളഞ്ഞവഴി അടുക്കള വാതിലിലൂടെ കാണാമായിരുന്നു, തക്കാളിപോലെ ചുവന്ന നാലുകണ്ണുകളുമപ്പോൾ പാതിവെള്ളം നിറച്ച കിണ്ണത്തിൽ ശ്വാസംമുട്ടലോടെ പിടഞ്ഞുകൊണ്ട് കട്ടപിടിച്ച കണ്ണീർച്ചോരകളെ കഴുകിക്കളയുന്നുണ്ടാവും, എന്റെയും അവളുടെയും രണ്ടു ചൂണ്ടുവിരലുകളും പച്ചമുളകുകളായി വെള്ളത്തിൽ മലർന്നു...
Your Subscription Supports Independent Journalism
View Plansഞാനെന്റെ പെങ്ങളെ
തക്കാളിക്കറി പാകംചെയ്യുന്നത്
പഠിപ്പിക്കുന്ന നേരത്ത്
മരിച്ചുപോയ എന്റപ്പന്റെ
പെമ്പറന്നോത്തി
അതായത് ഞങ്ങളെ തള്ള
ഒളിച്ചോടിപ്പോയ വളഞ്ഞവഴി
അടുക്കള വാതിലിലൂടെ
കാണാമായിരുന്നു,
തക്കാളിപോലെ ചുവന്ന
നാലുകണ്ണുകളുമപ്പോൾ
പാതിവെള്ളം നിറച്ച കിണ്ണത്തിൽ
ശ്വാസംമുട്ടലോടെ പിടഞ്ഞുകൊണ്ട്
കട്ടപിടിച്ച കണ്ണീർച്ചോരകളെ
കഴുകിക്കളയുന്നുണ്ടാവും,
എന്റെയും അവളുടെയും
രണ്ടു ചൂണ്ടുവിരലുകളും
പച്ചമുളകുകളായി
വെള്ളത്തിൽ മലർന്നു കിടന്നു
നീന്തൽ പഠിക്കുമ്പോൾ
ഒരു കറിവേപ്പിലത്തണ്ട്
പായക്കപ്പൽപോലെ മെല്ലെ മെല്ലെ...
നിങ്ങൾ ഉള്ളി മുറിക്കുമ്പോൾ
കരയാറുണ്ടോ?
ഞങ്ങൾ തക്കാളിക്കറിയിൽ
ഉള്ളിയിടാറില്ല കേട്ടോ!
പാകം ചെയ്യുന്ന മൺചട്ടിയിൽ
പൊട്ടിത്തെറിച്ച സങ്കടങ്ങൾക്കൊപ്പം
അരിഞ്ഞുവെച്ച കണ്ണുകളും
നടുവെപ്പിളർന്ന ചൂണ്ടുവിരലുകളും
വട്ടം കറങ്ങുമ്പോൾ
എന്നെയുമവളെയും
കറിവേപ്പിലകളായും കാണാം...
എട്ട് വയസ്സാണവൾക്ക്,
എട്ടുമണിക്കുറങ്ങണമവൾക്ക്,
എട്ടിനെ രണ്ടായി ഗുണിച്ച്
അതിനോട്
എട്ടിൽ രണ്ടായി ഹരിച്ചാൽ
കിട്ടുന്ന സംഖ്യയെ കൂട്ടിയാൽ
കിട്ടുന്ന വയസ്സാണെനിക്ക്,
വയസ്സെത്ര = ..?
നിങ്ങൾ കണക്കു
കൂട്ടിക്കഴിയുമ്പോഴേക്കും
മസാലപ്പൊടികളിട്ട് ഞാൻ
തക്കാളിക്കറി വരട്ടിവരട്ടി വറ്റിച്ചുവെക്കാം,
സ്വൽപം പച്ചവെളിച്ചെണ്ണയും ഒഴിക്കാം,
ഉപ്പ് ചേർക്കേണ്ടതില്ല കേട്ടോ
പാകത്തിനാവില്ല.
ഉത്തരം= ഇരുപത്
അവൾക്കിരുപത് വയസ്സാകുമ്പോൾ
ഏറ്റവും തിളക്കമുള്ള നക്ഷത്രങ്ങളുള്ള
ആകാശം നിനക്കായി
ഉയർന്നുകൊണ്ടിരിക്കുമെന്ന്
ഞാനവളോട് കഥപറയുമ്പോൾ
ഞങ്ങളുടെ തള്ള ഒളിച്ചോടിപ്പോയ
വളഞ്ഞവഴിയിലൂടെ
അടുക്കളയിലിരിക്കുന്ന പൂച്ച
മീൻമണം പിടിച്ചുപോകുന്നു
പമ്മി പമ്മി... പിന്നെ മ്യാവൂ മ്യാവൂ...
ഇനി ഞങ്ങൾ തക്കാളിക്കറി കൂട്ടി
ചോറ് കഴിക്കട്ടെ,
കണ്ണുകൾ കഴുകിയ
കിണ്ണത്തിലെ വെള്ളം
തള്ളപോയ /പൂച്ചപോയ
വഴിയിൽ ഒഴിക്കട്ടെ...
ഒരു കടൽപ്പക്ഷിയായി
അവൾ പറക്കുമ്പോൾ
ഞാനൊരു കാട്ടുപക്ഷിയായി
അവൾക്കു മുന്നിൽ പറക്കട്ടെ,
സദ്യയ്ക്കുള്ള ഇലയിടട്ടെ..!
കൈ കഴുകാം,
കൈയൊഴിയാത്ത കൈകളെ കഴുകിക്കളയാതെ
ലോലമായ തലോടലുകളോടെ
ചേർത്തുപിടിച്ചു കഴുകുന്ന
കൈകൾക്കാണത്രെ എന്നും തിളക്കം!
ദെ... നോക്കൂ...
നമ്മളൊരു കാടുമൂടിയ ദ്വീപാകുമ്പോഴും
തെളിഞ്ഞ വെള്ളമെത്രയാണ് ചുറ്റിലും,
അതിലെത്രയെത്ര മഴകളാണ്..!