തോഴി വൻതോളി
സ്കൂളിലെ വിനോദസംഘം അതിന്റെ വേഗം മന്ദം മന്ദം ക്രമീകരിച്ചു. വീഴാനാഞ്ഞും കിതച്ചും വിയർത്തും അവർക്കൊപ്പം ഒരു മുടന്തനുണ്ടായിരുന്നു. ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ തീർച്ചപ്പെടുത്തിയ നേരം പാലിക്കാൻ സംഘത്തിനായില്ല. സമയസൂചിയെ മുടന്തൻ തെറ്റിച്ചല്ലോ- വൈകിച്ചെന്ന ഇടങ്ങൾ വാതിലടച്ച് കൈമലർത്തി, തിടുക്കക്കാർ, ഇച്ഛാഭംഗക്കാർ അകക്കാഴ്ചകളെ ഭാവനയിൽ ശമിപ്പിച്ചു. സഞ്ചാരം മാത്രമായി. വിനോദം ദൂരത്തെവിടെയോ ഒളിച്ചിരിപ്പാണ്. മുടന്തനെ പരിചരിക്കലായി...
Your Subscription Supports Independent Journalism
View Plansസ്കൂളിലെ വിനോദസംഘം
അതിന്റെ വേഗം
മന്ദം മന്ദം ക്രമീകരിച്ചു.
വീഴാനാഞ്ഞും
കിതച്ചും വിയർത്തും
അവർക്കൊപ്പം ഒരു മുടന്തനുണ്ടായിരുന്നു.
ഉദ്ദേശിച്ച ലക്ഷ്യങ്ങളിൽ
തീർച്ചപ്പെടുത്തിയ
നേരം പാലിക്കാൻ
സംഘത്തിനായില്ല.
സമയസൂചിയെ
മുടന്തൻ തെറ്റിച്ചല്ലോ-
വൈകിച്ചെന്ന ഇടങ്ങൾ
വാതിലടച്ച് കൈമലർത്തി,
തിടുക്കക്കാർ, ഇച്ഛാഭംഗക്കാർ
അകക്കാഴ്ചകളെ ഭാവനയിൽ ശമിപ്പിച്ചു.
സഞ്ചാരം മാത്രമായി.
വിനോദം ദൂരത്തെവിടെയോ ഒളിച്ചിരിപ്പാണ്.
മുടന്തനെ പരിചരിക്കലായി സംഘത്തിന്റെ വിനോദം,
കാഴ്ചകളിൽ
ഇരുട്ടുമൂടിയതിന്റെ നിരാശ
അവർ വെട്ടം പടർത്തി
മറച്ചുവെച്ചു.
മറ്റ്
സഞ്ചാരിക്കൂട്ടങ്ങൾക്ക്,
മുടന്തനെ ശുശ്രൂഷിക്കും സംഘം
വിനോദക്കാഴ്ചയായി.
മുടന്തനുൾപ്പെടുന്ന പറ്റം
അവനെപ്പോലെ ക്ലേശിച്ചേ ചലിക്കൂ...
ഞങ്ങൾക്കൊപ്പം മുടന്തനില്ലെന്ന്
മറുസംഘത്തിന്റെ ആശ്വാസക്കുതിപ്പ്;
തങ്കശേരി വിളക്കുമാടത്തിന്റെ
തുഞ്ചത്ത് കേറി
ആകാശം തൊടാതെ,
തിരശ്ചീനമാം ആഴത്തിൽ
പരന്നു കിടക്കും
ആഴിയെ തൊഴാതെ,
കപ്പലോട്ടിയ നാവികർക്കും
കട്ടമരത്തിൽ ഒഴുകുന്ന മീനവർക്കും
സലാം കൊടുക്കാതെ,
അവനവൻ പടവുകൾ കയറി
സ്വവെളിച്ചത്തിൻ
ഉദ്ഭവത്തിലേക്കു പോകും
ചങ്ങാതിമാർക്കൊപ്പം
വിണ്ടലം തേടാതെ
താഴെ
അവൾ മാത്രം മുടന്തനു കൂട്ടിരുന്നു.
തിര പോലെ ആടിയുലയും മുടന്തനൊപ്പരം;
കൊടൈക്കനാലിൽ,
ആത്മഹത്യാമുനമ്പത്തെ
ആത്മവിദ്യാലയ പരിസരത്ത്
കൗമാരം ജീവിതത്തിലേക്ക് കുതിക്കുന്നു;
മദിക്കുന്നു, മുതിരുന്നു...
ഒരേ പുതപ്പ് പങ്കിട്ട്
മുടന്തനോടു ചേർന്നിരുന്നവൾ
ദൂരെ, ഇമയമലയുടെ
തുമ്പത്ത് ചൂണ്ടിത്തൊട്ടു.
മലമുകളിൽ
പ്രതീക്ഷാമുനമ്പത്ത്
തിളങ്ങുന്നു, പൊന്നിൻകിരീടം
കൂട്ടുകാരീ, കൂട്ടിരിപ്പുകാരീ
നാവിക നീ
ഭവാബ്ധിക്കൊരു
തോഴി വൻതോണി നിൻ പദം/പാദം.