ഒറ്റയ്ക്കോ?
കടലിലേക്ക് തുറക്കുന്ന ജാലകങ്ങളും കാറ്റൊളിച്ചുകളിക്കുന്ന ഇടനാഴികളും ആകാശം കടലിനെ പ്രണയപൂർവം കടാക്ഷിക്കുന്നത് അതിഗൂഢമായി ഒപ്പിയെടുക്കുന്ന ചില്ലുപാളികളും ഓർമകൾ പ്രഭാത, പ്രദോഷ രശ്മികളായി കുടഞ്ഞുവീഴുന്ന മട്ടുപ്പാവുകളുമുള്ള ആ ഹോട്ടലിന്റെ ഇരട്ടമുറിയുടെ താക്കോൽ കൈമാറുമ്പോൾ കൗണ്ടറിലെ യുവാവ് ചോദിച്ചു: ‘‘ഒറ്റയ്ക്കേയുള്ളൂ?’’ അയാൾ ഇടതുവശത്തേക്ക് കണ്ണു പായിച്ച് എന്ത് വിഡ്ഢിച്ചോദ്യമെന്ന മട്ടിൽനിന്നു. ഔപചാരികതയുടെ...
Your Subscription Supports Independent Journalism
View Plansകടലിലേക്ക് തുറക്കുന്ന ജാലകങ്ങളും
കാറ്റൊളിച്ചുകളിക്കുന്ന ഇടനാഴികളും
ആകാശം കടലിനെ പ്രണയപൂർവം കടാക്ഷിക്കുന്നത്
അതിഗൂഢമായി ഒപ്പിയെടുക്കുന്ന ചില്ലുപാളികളും
ഓർമകൾ പ്രഭാത, പ്രദോഷ രശ്മികളായി കുടഞ്ഞുവീഴുന്ന
മട്ടുപ്പാവുകളുമുള്ള ആ ഹോട്ടലിന്റെ
ഇരട്ടമുറിയുടെ താക്കോൽ കൈമാറുമ്പോൾ
കൗണ്ടറിലെ യുവാവ് ചോദിച്ചു:
‘‘ഒറ്റയ്ക്കേയുള്ളൂ?’’
അയാൾ ഇടതുവശത്തേക്ക് കണ്ണു പായിച്ച്
എന്ത് വിഡ്ഢിച്ചോദ്യമെന്ന മട്ടിൽനിന്നു.
ഔപചാരികതയുടെ വിധേയത്വം കാണിച്ച്
പെട്ടിയൊതുക്കിവെച്ച് തിരിഞ്ഞുപോകുമ്പോൾ
റൂംബോയ് കുശലപ്പെട്ടു
‘‘സാർ ഒറ്റയ്ക്ക്…’’
അയാൾ കൈ ഹൃദയത്തോടു ചേർത്തു.
രാത്രിയിൽ തിരമാലകൾ, നക്ഷത്രങ്ങൾ
മാനത്ത് പൂത്ത മുല്ലകൾ, പിച്ചികൾ
ധൃതിയിൽ വന്നുപോയ കൊള്ളിമീൻ
ഒന്നുരണ്ടു തുള്ളി സ്നേഹം നെറ്റിയിലുറ്റിച്ചുമറഞ്ഞ കുഞ്ഞുമഴ
ആരും ചോദിക്കാതിരുന്നില്ല
‘‘ഒറ്റയ്ക്കാണോ?’’
അയാൾക്ക് ചിരിവന്നു.
വിദൂരതയിലെവിടെയോ
അതേസമയം തിരക്കിട്ട് നടന്നുപോയിരുന്ന ഒരുവളുടെ
ചുമലിലാരോ തൊട്ടപോലെ.
കൈ പിടിച്ച് ‘‘പോരുന്നില്ലേ?’’ എന്നു ചോദിച്ചപോലെ.
രാവേറെക്കഴിഞ്ഞപ്പോൾ
ചേർത്താരോ പുണർന്നപോലെ.
ഒറ്റയ്ക്കല്ലല്ലോ…
അവളും ചിരിച്ചു.