ബോഡി -ശൈലൻ എഴുതിയ കവിത
സാഹിത്യോത്സവത്തിന്
പോയി...
ഒമ്പതുപേരെന്റെ
കുമ്പയിൽ തലോടി...
അമ്പതുപേർ
വണ്ണത്തെച്ചൊല്ലി
വ്യാകുലരായി...
തൊണ്ണൂറ്റൊമ്പത് പേർ
ഡയറ്റ് നിർദേശിച്ചു...
പുലർകാല നടത്തത്തെയും
ഓട്ടത്തെയും കുറിച്ചുള്ള
ഉപന്യാസങ്ങളും
കുറവായിരുന്നില്ല...
സാംസ്കാരിക നായകരായിരുന്നെല്ലാവരും.
ഉടലവഹേളനങ്ങൾക്കെതിരെ
കീബോർഡിൽ
പൊരുതുന്ന വീരർകൾ.
എന്നിട്ടും
കണ്ടില്ലേ...
സ്നേഹമെന്നുവച്ചാൽ
ഇതൊക്കെയാണ്...
കേൾക്കാതിരിക്കുവാതെങ്ങനെയതിനെ..!
മുപ്പത്തിമൂന്നുകൊല്ലം മുമ്പ്
മണ്ണിൽപോയ
പിതാവിനെ തേടിപ്പിടിക്കണമിനിയിപ്പോ..,
ഒന്നരപ്പതിറ്റാണ്ട് മുമ്പുപോയ
അമ്മയെയും...
ജനിതകക്കോവണികളൊക്കെയൊന്ന്
പൊളിച്ച് വാർത്ത് വാർണിഷടിക്കണം...
ക്രോമസോമുകളെപ്പിടിച്ച്
ജിമ്മിൽ വിടണം.
സിക്സ്പാക്കാവണമെനിക്കും,
സാഹിത്യോത്സവങ്ങൾക്ക് പോവണമിനിയും..