ഡിസ്തൈമിക് ഡെയ്സി
01 പ്രേമിക്കുന്ന പെണ്ണിന് പൂവുകൾ കൈമാറണമെന്ന് കരുതി. സങ്കടത്തിന്റെ സമുദ്രത്തിൽ വീണുകിടക്കുകയായിരുന്ന അവൾ വന്നില്ല. അവൾക്കുവേണ്ടി പറിച്ച പൂവുകൾ മേശമേൽ പൂപ്പാത്രത്തിൽ കിടന്നു. പൂമ്പൊടി തൊടുമ്പോൾ ചുവന്നുതുടുക്കുന്ന പുതിയവളെ പരിചയപ്പെടുന്നതുവരെ. 02 പുളിക്കുന്ന ലൂബിക്കകൾക്കു വേണ്ടി ആരാന്റെ പറമ്പ് തെണ്ടുന്ന കുട്ടികളുടെ ഏപ്രിൽ മാസം. മകളേ ഇതളേ എന്നൊരു പാട്ടിന് വെയിൽ നൃത്തം വെച്ച പോലെ തോന്നി. ആ പാട്ട് ഞാൻ എപ്പോഴും എപ്പോഴും...
Your Subscription Supports Independent Journalism
View Plans01
പ്രേമിക്കുന്ന പെണ്ണിന് പൂവുകൾ കൈമാറണമെന്ന് കരുതി.
സങ്കടത്തിന്റെ സമുദ്രത്തിൽ വീണുകിടക്കുകയായിരുന്ന അവൾ വന്നില്ല.
അവൾക്കുവേണ്ടി പറിച്ച പൂവുകൾ മേശമേൽ പൂപ്പാത്രത്തിൽ കിടന്നു.
പൂമ്പൊടി തൊടുമ്പോൾ ചുവന്നുതുടുക്കുന്ന പുതിയവളെ പരിചയപ്പെടുന്നതുവരെ.
02
പുളിക്കുന്ന ലൂബിക്കകൾക്കു വേണ്ടി ആരാന്റെ പറമ്പ് തെണ്ടുന്ന കുട്ടികളുടെ ഏപ്രിൽ മാസം.
മകളേ ഇതളേ എന്നൊരു പാട്ടിന് വെയിൽ നൃത്തം വെച്ച പോലെ തോന്നി.
ആ പാട്ട് ഞാൻ എപ്പോഴും എപ്പോഴും കേൾക്കുന്നു.
പാട്ടു കേട്ടുറങ്ങുന്ന കുഞ്ഞുങ്ങളുടെയിടയിൽ, പാട്ട് കേൾക്കുന്നതുകൊണ്ട് മാത്രം ഉറങ്ങാതിരിക്കുന്നു.
03
പാതകൾ എന്നോട് പേര് ചോദിക്കാറുണ്ട്.
ഉറങ്ങിപ്പോവുമ്പോൾ കുലുക്കിയുണർത്തി ചോദിക്കാറുണ്ട് തീവണ്ടികളും.
ഓരോ ദേശത്തിലും ഞാൻ ഓരോ പേരുപയോഗിക്കുന്നു.
ഒരിടത്തേക്കും വീണ്ടും പോകാത്തതുകൊണ്ട് അവ ഓർക്കാറില്ലെന്നു മാത്രം.
04
നീലപ്പൂവുകളുടെ ജനാലവിരിയിൽ വെളിച്ചം തട്ടി ഉണർന്നു.
തീരങ്ങളുടെ ഓർമകളുടെ ഒച്ച ചെവിയിൽ മുഴങ്ങി.
ഒരു നദിയെ കണ്ട് ഇരിക്കണമെന്ന് തോന്നി.
അതേ നദിയിൽ ചാടി മരിക്കണമെന്നും.
05
എത്രയോ കടൽത്തീരങ്ങളുള്ള നിന്റെ രാജ്യത്തിൽനിന്ന്,
ഒരെണ്ണം തിരഞ്ഞെടുക്കേണ്ടത് എന്റെ മാത്രം ആവശ്യമായിരുന്നു.
അതിനായി നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് അലഞ്ഞു.
കടലുകളുടെ ഗന്ധത്തിന് തിരഞ്ഞു.
06
ചെടി നനയ്ക്കുമ്പോളത്തെ അശ്രദ്ധയിൽ മേശപ്പുറം നനഞ്ഞു.
മരിച്ച കുഞ്ഞിന്റെ വെളുത്ത ഉടുപ്പ് അതിന്മേൽ വിരിച്ചു.
ഈർപ്പം തുണിയെ ഗാഢമായി കെട്ടിപ്പിടിക്കുന്നു.
എന്റെ കുഞ്ഞ് എന്നെ പിടിച്ചിരുന്നതുപോലെ.
07
മധുരക്കിഴങ്ങിൽ വിഷംവെച്ച് എലികൾക്കായി കാത്തു.
ഉറക്കത്തിലേക്ക് വീഴുമ്പോഴേക്കും എന്തെങ്കിലും തട്ടിയിടുന്നു എലികൾ.
കെണികൾ എന്റെ രാത്രികൾപോലെ അതീവശൂന്യമായി.
മരിച്ച എലികളുടെ ശവങ്ങൾ തിരഞ്ഞ് തിരഞ്ഞ് മടുത്തു.
08കാണുമ്പോൾ കവിത തോന്നുന്ന പൂപ്പാടങ്ങൾപോലും എന്നെ മടുപ്പിക്കുന്നു.
നാട്ടിലേക്കുള്ള വഴിയിൽ എന്നോ കണ്ട ഒരു പൂമരമുണ്ട്.
ഇപ്പോളിപ്പോൾ അതിന്റെ ഓർമപോലും വെറുപ്പിക്കുന്നു.
എന്റെ നാട് എന്നെ എത്ര മുറിക്കുന്നുവോ, അത്രയും.
09
ഇലഞ്ഞി പൂത്ത ഒരിടവഴിയിൽ ഒറ്റക്ക് നിൽക്കേ,
ഇരുന്ന് കരയാൻ തോന്നുന്നു, അതിന്റെ ചോട്ടിൽ.
ഭൂമിയിൽ ജീവിച്ചിരുന്നതിന്റെ അവസാനത്തെ അടയാളവും കഴുകിക്കളഞ്ഞ്
മാഞ്ഞുപോയ്ക്കളയാൻ തോന്നുന്നു പിന്നെയും പിന്നെയും.
10
വെളിച്ചത്തിന്റെ കളി മാത്രമാണ് മഴവില്ല്.
വെള്ളത്തിന്റെ കളി മാത്രമാണ് ഈ ഉരുളൻകല്ലെന്നപോലെ.
അതിനപ്പുറം അർഥമൊന്നുമില്ല, ഈ നിൽപ്പിന്.
ആർക്കും വേണ്ടെന്നുറപ്പുള്ള ഈ പാർപ്പിന്.