പ്രതിമകളുടെ സുവിശേഷം
‘‘ഞാൻ നിങ്ങളുടെ മടിയിൽ തലവെച്ചു കിടന്നോട്ടെ?’’ പ്രതിമയുടെ ഉള്ളിലിരുന്നുകൊണ്ട് യേശു മീരയോടു ചോദിച്ചു. താനും പ്രതിമയാണെന്നോർക്കാതെ മീര അവനു സമീപത്തേക്കു നീങ്ങിയിരുന്നു. ഉറങ്ങിത്തുടങ്ങിയ അവന്റെ നെറ്റി തലോടിക്കൊണ്ട് എന്തോ പറയാൻ തുടങ്ങിയ അവളെ വളവു തിരിഞ്ഞു വന്ന ഒരു സുഗന്ധം കീഴ്പ്പെടുത്തി. ‘‘സെന്റ് ഫ്രാൻസിസ് വരുന്നുണ്ട്.’’ വിടർന്ന മൂക്കുകൾ പറഞ്ഞു. ശരിയായിരുന്നു. കോർപറേഷൻ മുദ്ര പതിച്ച ജെ.സി.ബിയുടെ തുമ്പിക്കയ്യിൽ ഇരുന്നുകൊണ്ടുള്ള രാജകീയമായ...
Your Subscription Supports Independent Journalism
View Plans‘‘ഞാൻ നിങ്ങളുടെ മടിയിൽ
തലവെച്ചു കിടന്നോട്ടെ?’’
പ്രതിമയുടെ ഉള്ളിലിരുന്നുകൊണ്ട്
യേശു മീരയോടു ചോദിച്ചു.
താനും പ്രതിമയാണെന്നോർക്കാതെ
മീര അവനു സമീപത്തേക്കു നീങ്ങിയിരുന്നു.
ഉറങ്ങിത്തുടങ്ങിയ
അവന്റെ നെറ്റി തലോടിക്കൊണ്ട്
എന്തോ പറയാൻ തുടങ്ങിയ അവളെ
വളവു തിരിഞ്ഞു വന്ന
ഒരു സുഗന്ധം കീഴ്പ്പെടുത്തി.
‘‘സെന്റ് ഫ്രാൻസിസ് വരുന്നുണ്ട്.’’
വിടർന്ന മൂക്കുകൾ പറഞ്ഞു.
ശരിയായിരുന്നു.
കോർപറേഷൻ മുദ്ര പതിച്ച
ജെ.സി.ബിയുടെ
തുമ്പിക്കയ്യിൽ ഇരുന്നുകൊണ്ടുള്ള
രാജകീയമായ വരവ് അവന്റെ
യശസ്സിന് ഒട്ടും ചേരുന്നുണ്ടായിരുന്നില്ല.
അതുകൊണ്ടാവണം
ആ തല അസാധാരണമാം വിധം
കുനിഞ്ഞിരുന്നിരുന്നത്.
‘‘എഴുന്നേൽക്കൂ;
കൈകൾ വിറക്കാതെ
നമുക്കവനെ ഏറ്റുവാങ്ങേണ്ടതുണ്ട്.’’
എന്നവൾ പിടിച്ചു കുലുക്കുമ്പോൾ
അവൻ ബുദ്ധനെ സ്വപ്നം കാണാൻ തുടങ്ങിയിരുന്നു.
‘‘നാളെ നിങ്ങളുടെയടുത്തേക്ക്
ഞാനും വരുന്നുണ്ട്’’ എന്നാ സ്വപ്നം
പാതിവഴിയിൽ മുറിഞ്ഞതും
യേശു കണ്ണു തുറന്നു.
‘‘ഇടറരുത്,
ഉടയരുത്’’
എന്നു പരസ്പരം പറഞ്ഞുകൊണ്ടവർ
എഴുന്നേറ്റു നിന്നു.