മിഞ്ചി
01 ‘‘എന്റെ വെൽവെറ്റ്പൗച്ചെവിടെ?’’ ട്രാൻസ്ഫർ, വീടുമാറ്റം, അടുക്ക്, തിരക്ക്, കാണാതായത് വെൽവെറ്റ് പൗച്ച്. ‘‘ഞാനതു കണ്ടില്ല.’’ ‘‘എെന്റ മിഞ്ചികൾ അതിലായിരുന്നു.’’ ‘‘സാവകാശം നോക്ക്.’’ ക്രമീകരണത്തിന് രാത്രി മുഴുവൻ ബാക്കി. വെൽവെറ്റിനു മുമ്പും മിഞ്ചിയുണ്ടാകുമായിരുന്നു– താളുകൾ പൊടിഞ്ഞ കേരള പാഠാവലി 02വെള്ളിയാഴ്ച പഠനംഅസ്വാഭാവിക മരണം വരിച്ചവരുറങ്ങുന്നിടത്ത്. ജീവിച്ചിരിക്കുന്നവർ മാത്രമാണ് പാഠപുസ്തകങ്ങൾ എന്നത് തെറ്റിപ്പോകുന്നു. മരിച്ചവരുടെ...
Your Subscription Supports Independent Journalism
View Plans01
‘‘എന്റെ വെൽവെറ്റ്
പൗച്ചെവിടെ?’’
ട്രാൻസ്ഫർ,
വീടുമാറ്റം,
അടുക്ക്, തിരക്ക്,
കാണാതായത്
വെൽവെറ്റ് പൗച്ച്.
‘‘ഞാനതു കണ്ടില്ല.’’
‘‘എെന്റ മിഞ്ചികൾ
അതിലായിരുന്നു.’’
‘‘സാവകാശം നോക്ക്.’’
ക്രമീകരണത്തിന്
രാത്രി മുഴുവൻ ബാക്കി.
വെൽവെറ്റിനു മുമ്പും
മിഞ്ചിയുണ്ടാകുമായിരുന്നു–
താളുകൾ പൊടിഞ്ഞ
കേരള പാഠാവലി
02
വെള്ളിയാഴ്ച പഠനം
അസ്വാഭാവിക മരണം
വരിച്ചവരുറങ്ങുന്നിടത്ത്.
ജീവിച്ചിരിക്കുന്നവർ മാത്രമാണ്
പാഠപുസ്തകങ്ങൾ
എന്നത് തെറ്റിപ്പോകുന്നു.
മരിച്ചവരുടെ പുസ്തകം
എത്ര താളുകളിൽ
തീരുമെന്നറിയില്ല.
മങ്ങിപ്പോയ പുറങ്ങൾ
നിദ്രയിലെ വിരുന്നുകാർ.
03
മുറ്റം നിറയെ
പലയിടങ്ങളിൽനിന്നെത്തിയവർ.
ഏറ്റുവാങ്ങൽ,
മടക്കം,
അടക്കം,
ബാധ്യതകൾ.
അശാന്തവായുവിന്
ശവഗന്ധം.
04
മരിച്ചവരുറങ്ങുന്ന അറകൾ
ക്രമത്തിൽ അടുക്കിയിരിക്കുന്നു,
മൂന്നാം ക്ലാസ് എ.സി. കോച്ചുപോലെ.
പ്രഭാതഭക്ഷണം,
നാട്ടുവർത്തമാനം,
ഇല്ലാത്ത
രാത്രിമാത്രയാത്ര.
05
ശവമേശയുടെ
മാർബിൾ പ്രതലത്തിൽ
തണുത്തുറങ്ങുന്നവൾ.
അറയിൽനിന്ന്
പുറത്തുവന്നതേയുള്ളൂ.
മരിച്ച എല്ലാ പെണ്ണിനും
ഒരേ മുഖം, ഒരേ ഭാവം.
‘‘ഷെൽട്ടൻ,
മൃതദേഹത്തിൽ
ആഭരണം പാടില്ലെന്ന്
അറിയില്ലേ?’’
മോർച്ചറി അസിസ്റ്റന്റിനോട്
പൊലീസ് സർജൻ.
‘‘പൂ ചൂടിവന്ന സ്റ്റുഡന്റിന്
പുറത്തുപോകാം.’’
നിർവികാരമായ
ഉത്തരവ്.
വലതുകാലിലെ രണ്ടാം വിരലിൽ
ഇരുണ്ട മിഞ്ചി.
ഷെൽട്ടൻ
അതു മുറിച്ചുമാറ്റുമ്പോൾ
ഞാൻ തിരിച്ചുപോന്നു.
06
കുളിതരുന്ന
പതിവുന്മേഷമിന്നില്ല.
ഷവറിൽനിന്നൊഴുകുന്നത്
അരിയും തെച്ചിപ്പൂവും?
വെള്ളത്തുള്ളികൾക്കിടയിൽ
മിഞ്ചിയുടെ നേർത്ത കിലുക്കം.
07
വിറങ്ങലിച്ച അത്താഴം
വേണ്ടെന്നുവച്ചു.
തെളിച്ചമില്ലാത്ത
താളുകളിലൂടെ
ഉറക്കത്തിലേക്ക്.
(പഴയ ചിരിക്കൂട്ടം
നടന്നകലുമ്പോൾ
വേറിട്ട് വേറിട്ടൊരു മിഞ്ചി.)
08
വൈകിയുണർന്ന,
സമയബന്ധിതമായി
ഒന്നുമില്ലാത്ത രണ്ടാം ശനി.
അജ്ഞാതശവം
തിരിച്ചറിയാൻ സഹായിച്ച
മിഞ്ചി നിറയുന്ന
പത്രറിപ്പോർട്ട്.
അവളുടെ തെളിയാത്ത താളുകൾ
പിന്നീടൊരിക്കലും
മറിച്ചുനോക്കിയിട്ടില്ല.