ചക്കപ്പോത്ത്
ഒരീർപ്പ കാലത്തെ ഒതുങ്ങിയിരിപ്പിലും കെട്ടാനാളു വരാത്ത പെങ്കുട്ടികളെ ഓര്ടെ തള്ളാര് അടയാളപ്പെടുത്തുകയാണ്: ചക്കപ്പോത്ത്. ഉണക്കച്ചുള്ളലും പെറുക്കി, പത്തിന്റെ കഞ്ഞി പന്ത്രണ്ടിനിറക്കി, ഒരുമണിക്കുളി മൂന്നരക്ക് മുങ്ങി നാട്ടിലെ ചക്കപ്പോത്തുകൾ നിലത്തുനിന്നു. അവരോടൊട്ടുമ്പോൾ ഒരൂക്കൻ ചിരി കമത്തി, കണ്ണീര് തട്ടിപ്പറിച്ച് മതിയാവോളം ചപ്പിക്കുടിച്ചു ‘കെട്ടു കഴിഞ്ഞവർ’ അതിരായ അതിരെല്ലാം കുടമുല്ല നട്ടുവളർത്തിയിരുന്ന പെങ്ങൾ പയ്യെപ്പയ്യെ ഒരു...
Your Subscription Supports Independent Journalism
View Plansഒരീർപ്പ കാലത്തെ
ഒതുങ്ങിയിരിപ്പിലും
കെട്ടാനാളു വരാത്ത പെങ്കുട്ടികളെ
ഓര്ടെ തള്ളാര് അടയാളപ്പെടുത്തുകയാണ്:
ചക്കപ്പോത്ത്.
ഉണക്കച്ചുള്ളലും പെറുക്കി,
പത്തിന്റെ കഞ്ഞി പന്ത്രണ്ടിനിറക്കി,
ഒരുമണിക്കുളി മൂന്നരക്ക് മുങ്ങി
നാട്ടിലെ ചക്കപ്പോത്തുകൾ നിലത്തുനിന്നു.
അവരോടൊട്ടുമ്പോൾ
ഒരൂക്കൻ ചിരി കമത്തി,
കണ്ണീര് തട്ടിപ്പറിച്ച്
മതിയാവോളം ചപ്പിക്കുടിച്ചു ‘കെട്ടു കഴിഞ്ഞവർ’
അതിരായ അതിരെല്ലാം
കുടമുല്ല നട്ടുവളർത്തിയിരുന്ന പെങ്ങൾ
പയ്യെപ്പയ്യെ ഒരു ചക്കപ്പോത്തായി വീട്ടിലവതരിച്ചു.
പൊടുന്നനെ,
മലച്ചുവീണ പേനുകൾ
അമ്മയോൾടെ തലയിൽ കണ്ടെത്തി.
ഒട്ടിയിരുന്നപ്പോൾ പേന്തലച്ചിയെന്നൊരുക്കിയാട്ടി.
അകന്നിരുന്നപ്പഴോ...
നിറയുവോളം കേറ്റുവെള്ളം കോരിച്ചു.
ഓള് നനയുവോളം നീര് കേറ്റി, കണ്ണു പാറ്റി, കരളു വാറ്റി.
എന്റെ വേനലവധിക്ക് അമ്മ
വർഷമാസ്വദിക്കുകയായിരുന്നു.
അടുപ്പു നനയാത്ത, പുര ചോരാത്ത,
ചുവര് കിനിയാത്ത
ഒരേയൊരു വർഷകാലമെന്ന് അമ്മയതിനെ
ഓള് കാൺകയോമനിച്ചു.
ഓൾക്ക് തളിർത്തതെല്ലാം ചക്കപ്പല്ലെന്ന്.
പൂശിയതൊക്കെ നാറ്റമെന്ന്.
ദീനത്തിന്റെ നിറമുള്ള ചക്കപ്പോത്തുകൾ.
ആയ വേല തീർത്ത് കേറിവരുന്ന
അമ്മേന്റെ കയ്യിലെ
അഞ്ചു തേനുണ്ടകൾ
എനിക്കും മൂത്തോനും ഈരണ്ടെന്നും
ചക്കപ്പോത്തിന് ഒരെണ്ണമെന്നും
വീതിക്കപ്പെടുന്നു.
“എന്റെ ഒരെണ്ണത്തിൽ
മൂന്നെണ്ണത്തിന്റെ തേനുണ്ടല്ലോ”യെന്ന്
എന്നെയപ്പോൾ
പറഞ്ഞു തോൽപിക്കുകയാണ് ചക്കപ്പോത്ത്.
അപ്പോളോൾടെ ഇരട്ടക്കണ്ണിൽ
നാലെണ്ണത്തിന്റെ വെള്ളം കെട്ടിക്കിടപ്പുണ്ടെന്ന്
എന്റെ നെഞ്ച് നനയും.
ഉച്ചയ്ക്ക് നട്ട ചെടിയെ ഓർത്ത്
സന്ധ്യക്ക്
തൊടിയിലേക്കോടിയ ചക്കപ്പോത്ത്
ഒരു വറ്റിയ കിണ്ടി
കമിഴ്ത്തിയഭിനയിക്കുന്നു.
എന്നിട്ടുമെങ്ങനെയാവും മുന്നിലുള്ള പോപ്പിച്ചെടി
ഒരു നനവിൽ ഞെട്ടിയത്.
ഉപ്പുകൈക്കുന്നെന്ന് പരാതി പറഞ്ഞത്?
ചക്കപ്പോത്ത്
ഒരു കമ്മലിന് കൂട്ടിവെക്കുന്നു;
അമ്മേന്റമ്മ തിരിച്ചുചോയ്ക്കാൻ
സാധ്യതയില്ലാത്ത അഞ്ചുരൂപയെ.
ഒരു കണ്മഷിക്ക് കുപ്പിയിലടക്കുന്നു;
അച്ഛച്ഛന്റെ കുപ്പായക്കുടച്ചിലിൽ പറന്ന
മൂന്നുറുപ്പികയെ.
കൂട്ടിവെച്ചതിന്റെ മോഹവിലയറിയാതെ കൈക്കലാക്കി
തിങ്കളാഴ്ചത്തെ കുടുംബശ്രീകൾ.
എല്ലാ തിങ്കളാഴ്ചക്കും
തൊട്ടു തേക്കാൻ കുറ്റിരുട്ടും
ചെവിയിൽ കുത്താൻ നൂൽചെടികളും
പോത്തുപോലെ തൊടിയിൽ പടുമുളച്ചു.
ഓളതിൽ ഇണങ്ങിയതുടുത്ത് കണ്ണാടി നോക്കുന്നു.
ഉറക്കത്തിനു പാകപ്പെട്ട കഥകളിൽ
സ്ഥിര വേഷമണിഞ്ഞ ഒരു രാജകുമാരനെ
സ്ഥിരമായി
ചക്കപ്പോത്ത് ചേർത്തു.
അങ്ങനെയൊരു കഥയില്ലെന്നേ…
കഥയിൽ കണ്ണടയുമ്പോൾ
എന്റെ ചിത്രബുക്കിൽ
മായ്ക്കാവുന്ന പെൻസിൽ നിറത്തിൽ
ഓള് ചിത്രം വരച്ചു.
ഒരു പുര, ഒരു മരം, ഒരു ചന്ദ്രൻ, ഒരു സൂര്യൻ,
ഒരു കാക്ക, ഒരാണ്, ഒരു പെണ്ണ്, ഒരു ചുംബനം...
എന്തു വെളിച്ചമാണ്
ചക്കപ്പോത്തിന്റെ ചിത്രത്തിന്.
വെളിച്ചം പേജിനപ്പുറത്തേക്ക് പടരുമ്പോ
ചക്കപ്പോത്ത് ചിത്രം മായ്ച്ചു
കിടന്നുറങ്ങുകയാണ്.
ഞങ്ങളെയെല്ലാം തനിച്ചാക്കി
ഒരു രാജകുമാരനെ മാത്രം
നാട്ടിലെ ചക്കപ്പോത്തുകൾ ഇന്നും
സ്വപ്നം കാണുന്നുണ്ടാവുമല്ലോ.