ഫക്കീർ
നഗരത്തിൽനിന്നും
ഗ്രാമത്തിലേക്കുള്ള ലോറിയിൽ
അയാൾക്കൊപ്പമൊരു നായയും.
യാത്രക്കാർ
നായയെക്കണ്ടൊന്നു പരിഭ്രമിച്ചെങ്കിലും
അയാളിലും നായയിലും മാറി മാറി നോക്കി
ഡ്രൈവർ പുഞ്ചിരിയാവുകയും
കണ്ണുകളാൽ
കൂടെക്കൂടാൻ മൂളുകയുമായി.
യാത്രക്കാർക്കിടയിൽ
നായയെപ്പോലെ അയാളും
അയാളെപ്പോലെ നായയും
തങ്ങളുടെ ഇടംപറ്റിയിരുന്നു.
അവർക്കിടയിലെ
ജനാലകളെല്ലാം തുറന്നു കിടന്നു
വണ്ടിച്ചക്രങ്ങൾ
സമയംപോലെ കറങ്ങിത്തുടങ്ങി.
അവിചാരിതമായൊരാൾ
റോഡു മുറിച്ചു കടന്നതും
ലോറി ബ്രേക്കിട്ട്
അയാളും നായയും തമ്മിലടിച്ചുരസി.
പിന്നിലേക്കായ്
ഓടിയോടിപ്പോയ്
പകലഴിഞ്ഞ നിഴലുകൾ.
യാത്രക്കാരേറെയും
വെയിലും പൊടിയും കലങ്ങി മൂടി
നഗരത്തിൽ വിയർത്തു വരുന്നവർ,
ഞായറാഴ്ച ലീവിന്
ശനിയാഴ്ച പകലൊടുവിൽ
ഗ്രാമത്തിലേക്ക് കയറിയവർ,
തിങ്കളാഴ്ച പുലരവെ
നഗരത്തിൽ തിരിച്ചെത്തേണ്ടവർ,
മടിയിൽ
പല നിറങ്ങളിലുള്ള പ്ലാസ്റ്റിക് കണ്ണികളാൽ
മെടഞ്ഞ കൊട്ടകൾ,
ചെറുപൊതികൾ മാത്രം
കരുതാവുന്ന സഞ്ചികൾ.
ഇളകുന്ന വണ്ടിയിൽ
കൈമെടഞ്ഞ കൊട്ടകൾ
പല വർണങ്ങളിൽ ഇളകിയാടുന്നു
ഇളകി വീണുകൊണ്ടിരുന്നു വർത്തമാനങ്ങളും.
അയാൾ,
കൈയിലെ കെട്ടിൽനിന്നൊരു
പൊതിയെടുത്തഴിച്ചപ്പോൾ
നിറയെ മുന്തിരിക്കുലകൾ!
മധുരത്തിൻ ഗന്ധമേറ്റാവാം
തലയുയർത്തുന്നു നായയും
മധുരം നുണഞ്ഞു തുടരുന്ന യാത്ര.
ഡ്രൈവറുടെ
ക്യാബിനിലെ ചെറുവാതിലിലൂടെ
പുറത്തേക്കൊഴുകുന്നു പാട്ടുകൾ
ഗ്രാമത്തിലെത്തിയ ലോറിയിൽ
വന്നിറങ്ങിയവരിലേക്ക്
കളിച്ചുകൊണ്ടിരിക്കും കുഞ്ഞുങ്ങൾ,
മേഞ്ഞു തിരികെയെത്തിയ
പൈക്കളെക്കാണും കിടാവുകളെന്നമാതിരി
ഓടിയടുക്കുകയും
അവർക്കൊപ്പം
ചേർന്നു നടക്കുകയുമായി.
വണ്ടിയിൽ
ആരെങ്കിലുമൊരാൾ
ഗ്രാമത്തിലെ വീടുകളിലേക്ക്
വന്നിറങ്ങിയിരുന്നു.
അവരോരുത്തരും
നിശ്ചയിക്കപ്പെട്ട കർതൃഭാവങ്ങളിൽ
കൈകളിലെ പ്ലാസ്റ്റിക് കൊട്ടയും ചെറു സഞ്ചിയുമായി
ഒാരോ വീട്ടിലേക്കും കയറിച്ചെന്നു.
അയാൾക്കും
പോകാനുള്ളിടത്തു പോകാം
ഒരു നാൾ കഴിഞ്ഞു തിരിക്കാം
വണ്ടിയൊതുക്കി
ഡ്രൈവർ പറയുകയായിരുന്നു.
അയാൾ
ഡ്രൈവറെ നോക്കി പുഞ്ചിരിച്ച്
സഞ്ചിയിൽനിന്നും
ഒരു പൊതികൂടി എടുത്ത് തുറന്നപ്പോൾ
ഗ്രാമമാകെയും
കറുത്ത മുന്തിരിത്തോട്ടത്തിനുള്ളിലേക്ക് വലിഞ്ഞു.
ഒരാഴ്ചയ്ക്കിടയ്ക്ക് വരുന്ന
ദീർഘം കുറഞ്ഞ രണ്ടു രാവുകളുടെയും
ഒരു പകലിന്റെയും ഘടികാരം
വീടുകൾക്കൊപ്പം കറങ്ങിത്തുടങ്ങി.
രണ്ടാം രാവ്
പുലരാനൊരുങ്ങും മുമ്പേ
ഭാവഭേദങ്ങളൊന്നുമില്ലാതെ
നഗരത്തിലേക്കുള്ള ലോറിയിൽ
യാത്രക്കാർ കയറിക്കൊണ്ടിരുന്നു.
ഡ്രൈവർ,
അയാളെയും കയറ്റിയിട്ടു പോകാമെന്നായി
നിന്നെങ്കിലും
പ്രതീക്ഷിതമായൊരു വേദനയുടെ
നിഴലും നായയും മാത്രം
വണ്ടിക്കരികിലേക്ക് തനിച്ചു വന്നു നിന്നു.
ഡ്രൈവർ നിഴലിലേക്ക്
നോക്കിനിന്ന്,
ഓർമയുടെ നന വന്നു തൊട്ടെന്തോ
പറഞ്ഞുകേട്ടെന്ന മാതിരി
നായയെ വണ്ടിയിലെടുത്തിട്ട്,
ക്യാബിനിൽ കയറി
നഗരത്തിലേക്ക് താക്കോൽ തിരിച്ചു.
നഗരത്തിലിറങ്ങിയ യാത്രക്കാർക്കിടയിലൂടെ
നിഴലുകൾ മണത്ത് മണത്ത്
അപ്രത്യക്ഷമാകുന്ന നായയെ
ഡ്രൈവറും പിന്തുടർന്നു
മറ്റു യാത്രക്കാർ,
റോഡു പണിക്കിടയിലും
വെന്ത ടാറിൻ മണം ശ്വാസം മുട്ടിക്കുമ്പോഴും
ഉരുകിപ്പെയ്യും
വെയിലേൽക്കുമ്പോഴും
പൊള്ളി വറ്റിയ കുടിവെള്ളപ്പാത്രത്തിലേക്കു
നോക്കുന്നതിന്നിടയിലും
ഉയർന്നു ഉയർന്നു പൊങ്ങും
പുകമറകൾക്കിടയിലൂടെ
മധുരമുള്ള
കാർമേഘക്കുലകളുമായി
ആ യാത്രക്കാരൻ
പ്രത്യക്ഷപ്പെടുന്നതു കാണാൻ
വെറുതെയെന്നാകിലും
സ്വന്തം നിഴലുകളിലേക്ക്
പാളി നോക്കിക്കൊണ്ടിരുന്നു.
അവസാന
പൊതിയെടുത്തഴിച്ചുണർന്നിരിക്കേ,
ദൂരെ, മുന്തിരിക്കുലകൾ മധുരം
നിറഞ്ഞു ചോന്നു തുടുക്കുന്നതും കണ്ട്,
പുല്ലുകൾ പതിഞ്ഞുണങ്ങി
ഞരമ്പായ്ത്തീർന്ന വഴിയിലൂടെ,
മുന്തിരിത്തോട്ടങ്ങൾ തേടി,
അയാൾ പുറപ്പെട്ടിരുന്നെങ്കിലും.