നായ്പല്ലിയും എരുമപ്പുല്ലും -കവിത
അമ്മയ്ക്ക് ഈയിടെ അലങ്കാരച്ചെടികളിലായിട്ടുണ്ട്, കമ്പം: പഴയ കിണറ്റു വക്കത്തെ നായ്പല്ലിയും ആഫ്രിക്കൻ പുൽമേട്ടിലെങ്ങോ വേരുള്ള ബഫല്ലോ ഗ്രാസും ഓമനകളായി വീട്ടിലെത്തിയതിൽപ്പിന്നെ, അതിലേയ്ക്ക്, പേരറിയാത്ത ഏതോ ആകുലതയും കേറിക്കൂടി: പന്നലിലകളിലെ വെളുത്ത പൊടി മണപ്പിച്ച് പതിവായിപ്പറയുന്നു: പതിനായിരക്കണക്കിന് കൊല്ലം മുമ്പ്, ആദിമമനുഷ്യരോടൊപ്പം പെരുമാറിയതിന്റെ അടയാളമാവണം, ഈ ചൂര്; മുറ്റത്തെ പുൽത്തകിടിയിൽ പേരക്കുട്ടിയോടു പറഞ്ഞു...
Your Subscription Supports Independent Journalism
View Plansഅമ്മയ്ക്ക് ഈയിടെ
അലങ്കാരച്ചെടികളിലായിട്ടുണ്ട്, കമ്പം:
പഴയ കിണറ്റു വക്കത്തെ
നായ്പല്ലിയും
ആഫ്രിക്കൻ പുൽമേട്ടിലെങ്ങോ വേരുള്ള
ബഫല്ലോ ഗ്രാസും
ഓമനകളായി
വീട്ടിലെത്തിയതിൽപ്പിന്നെ,
അതിലേയ്ക്ക്,
പേരറിയാത്ത ഏതോ
ആകുലതയും കേറിക്കൂടി:
പന്നലിലകളിലെ
വെളുത്ത പൊടി മണപ്പിച്ച്
പതിവായിപ്പറയുന്നു:
പതിനായിരക്കണക്കിന് കൊല്ലം മുമ്പ്,
ആദിമമനുഷ്യരോടൊപ്പം
പെരുമാറിയതിന്റെ അടയാളമാവണം, ഈ ചൂര്;
മുറ്റത്തെ പുൽത്തകിടിയിൽ
പേരക്കുട്ടിയോടു പറഞ്ഞു നടക്കുന്നു:
ഈ പുല്ലിന്റെ പൂർവികർ,
പലായനത്തിന്റെ ഏതോ ബിന്ദുവിൽ
നമ്മുടെ പൂർവികരെ കാത്തിട്ടുണ്ട്,
അതാണ്,
ഇതിലിങ്ങനെ നടക്കുമ്പോൾ,
അമ്മമ്മയുടെ
കാലുവേദനയ്ക്ക് ഇത്രയാശ്വാസം-
തെറ്റെന്നു പറയാനാവുന്നില്ല:
വെച്ചുകെട്ടുകളെല്ലാം അഴിച്ചാൽ
അവർക്കും നമുക്കും സ്വന്തമായുള്ളത്
നഗ്നമായ ഒരേ ഒരുടൽ;
സ്വതന്ത്രമായ ചില കാമനകൾ-
വാക്കുകളില്ലാത്ത ഭാഷ-
എഴുത്തില്ലാത്ത ലിപികൾ, കണക്കുകൾ!
നോക്കുംതോറും തെളിയുന്നുമുണ്ട്:
അലങ്കാരച്ചെടിയായിപ്പരിണമിച്ചാലും
വഴി തേടിപ്പരക്കുന്ന
അതിജീവനത്തിന്റെ വന്യത!