ഒളിച്ച് -ദുർഗ്ഗാപ്രസാദിന്റെ കവിത
ആറരമണിക്കുള്ള തീവണ്ടി പോകുന്നതി- ന്നൊച്ച കേട്ടുണരുന്നു മടന്തക്കാടിന്നുള്ളിൽ. ഒഴുകും കടന്തോട് പരവേശത്താൽക്കോരി കുടിച്ചു നിവരുമ്പോൾ പറന്നൂ പൊട്ടന്മുണ്ടി. വെളിച്ചം, ഓരോന്നോരോ നിറത്തിൽ തെളിയുന്നു. ഭയത്തിൽ പൊന്തയ്ക്കുള്ളിൽ പതുങ്ങിക്കേറീ വീണ്ടും. കുളക്കോഴിയെപ്പോലെ മങ്ങിയ വെളിച്ചത്തി- ലൊളിച്ചും പാത്തും പുറ- ത്തിറങ്ങും വൈകുന്നേരം, പാളത്തിലൂടെ പണി കഴിഞ്ഞു മടങ്ങുന്ന പെണ്ണുങ്ങളുടെ നോട്ടം തട്ടുവാൻ ഇടവരാ- തൊളിച്ച്,...
Your Subscription Supports Independent Journalism
View Plansആറരമണിക്കുള്ള
തീവണ്ടി പോകുന്നതി-
ന്നൊച്ച കേട്ടുണരുന്നു
മടന്തക്കാടിന്നുള്ളിൽ.
ഒഴുകും കടന്തോട്
പരവേശത്താൽക്കോരി
കുടിച്ചു നിവരുമ്പോൾ
പറന്നൂ പൊട്ടന്മുണ്ടി.
വെളിച്ചം, ഓരോന്നോരോ
നിറത്തിൽ തെളിയുന്നു.
ഭയത്തിൽ പൊന്തയ്ക്കുള്ളിൽ
പതുങ്ങിക്കേറീ വീണ്ടും.
കുളക്കോഴിയെപ്പോലെ
മങ്ങിയ വെളിച്ചത്തി-
ലൊളിച്ചും പാത്തും പുറ-
ത്തിറങ്ങും വൈകുന്നേരം,
പാളത്തിലൂടെ പണി
കഴിഞ്ഞു മടങ്ങുന്ന
പെണ്ണുങ്ങളുടെ നോട്ടം
തട്ടുവാൻ ഇടവരാ-
തൊളിച്ച്, മുളങ്കാടും
കടന്ന്, കണ്ണിൽക്കണ്ടോ-
രൊണക്കത്തേങ്ങ തല്ലി-
പ്പൊതിച്ച്, കാന്തിത്തിന്ന്,
മാഞ്ചിയക്കരിയില
കൂട്ടിയ കിടക്കയിൽ
മങ്ങുന്ന വൈകുന്നേര-
ത്തോടൊപ്പമിരിക്കുമ്പോൾ,
അട്ടകളൊരായിരം
കൈകളാൽ കെട്ടിപ്പിടി-
ച്ചിണ ചേർന്നതും നോക്കി
കാൽവണ്ണ ചൊറിയുമ്പോൾ
ആർക്കുമേ പിടി നൽകാ-
തന്നത്തെ പകൽ തീർന്നു.
അനക്കമുണ്ടാക്കാതെ
ചുറ്റുന്നുണ്ടിരുൾ ചുറ്റും.
ഒരു കണ്ണിലുംപെടാ-
തുറങ്ങാൻ തുടങ്ങുന്നു-
ണ്ടൊരുവൻ ഗൂഢം, കൃഷ്ണ-
മണിപോലൊരു രാവിൽ.