ഗജേന്ദ്രമോക്ഷം 3.0 -താരാനാഥിന്റെ കവിത
നിലാവത്ത് ഒരാന അഴിഞ്ഞു നടക്കുന്നു... നടക്കുന്തോറും മണ്ണിൽ കാലു പൂഴുന്നു ഇഞ്ചപ്പുല്ലു ചതയുന്നു കുഴിയാനവട്ടങ്ങൾ ഉടയുന്നു ഇടിച്ചുനിരത്തി തഴക്കം വന്ന വിരലടയാളമോ നഖമുള്ള കാലടയാളമോ ബാക്കിയാവുന്നു. നിലാവത്തൊരു മുതല അനങ്ങാതിരിക്കുന്നു ഓളങ്ങൾ തോളിൽക്കേറിയിറങ്ങുന്നു കൂർമങ്ങൾ ഉടലിൽ ഉലാത്തുന്നു ഇടയ്ക്ക് മാത്രം ഹൂ... ഹൂ... എന്ന ഒച്ചയുണ്ടാക്കുന്നു. ഹുങ്കാരം ഒച്ചയിൽ മാത്രം അവശേഷിക്കുന്നു. ആന പുഴയിലേക്കിറങ്ങുന്നു മുതല...
Your Subscription Supports Independent Journalism
View Plansനിലാവത്ത് ഒരാന അഴിഞ്ഞു നടക്കുന്നു...
നടക്കുന്തോറും മണ്ണിൽ കാലു പൂഴുന്നു
ഇഞ്ചപ്പുല്ലു ചതയുന്നു കുഴിയാനവട്ടങ്ങൾ ഉടയുന്നു
ഇടിച്ചുനിരത്തി തഴക്കം വന്ന
വിരലടയാളമോ
നഖമുള്ള കാലടയാളമോ
ബാക്കിയാവുന്നു.
നിലാവത്തൊരു മുതല
അനങ്ങാതിരിക്കുന്നു
ഓളങ്ങൾ തോളിൽക്കേറിയിറങ്ങുന്നു
കൂർമങ്ങൾ ഉടലിൽ ഉലാത്തുന്നു
ഇടയ്ക്ക് മാത്രം
ഹൂ... ഹൂ... എന്ന ഒച്ചയുണ്ടാക്കുന്നു.
ഹുങ്കാരം ഒച്ചയിൽ മാത്രം
അവശേഷിക്കുന്നു.
ആന പുഴയിലേക്കിറങ്ങുന്നു
മുതല അപ്പോഴുമനങ്ങാതിരിക്കുന്നു
മൂന്നു കൂടങ്ങൾ ചിത്രം വരച്ച പശ്ചാത്തല നിഷ്കളങ്കതയിലും
ആ പുഴ മുതലയോട്
മറ്റാരും കേൾക്കാതെ
‘‘ഇര വരുന്നേ ഇര’’
എന്നും
മറ്റാരെങ്കിലും ശ്രദ്ധിക്കുമ്പോൾ
‘‘തിര വരുന്നേ തിര’’
എന്നും മൊഴി മാറ്റുന്നു
ആന വെള്ളത്തിലിറങ്ങുന്നു
മുതല അനങ്ങുന്നില്ല
ചളികൊണ്ടഭിഷിക്തനാക്കുന്നു
മുതല അനങ്ങുന്നില്ല
താമരവളയങ്ങൾ തുമ്പിയിൽ ചുഴറ്റുന്നു
മുതല അനങ്ങുന്നില്ല
നീരാട്ട് കഴിഞ്ഞ് കരക്ക് കേറുമ്പോൾ
ആ ക്ഷണം!
ആ ക്ഷണം മുതല കാലിൽ പിടിക്കുന്നു...
വേദനയോടെ കാലു വലിക്കുന്നു
കൂടുതൽ ശക്തിയിൽ പിടിക്കുന്നു
വലിക്കുന്നു
പിടിക്കുന്നു
വലിക്കുന്നു
പിടിക്കുന്നു
വലി, വലി
വലി, വലി
കടിച്ചു പിടിച്ചും
പിടിച്ചു വലിച്ചും
രണ്ടു ജീവികൾ കരയ്ക്കും നദിയ്ക്കും ഇടയിൽ, പ്രാണരക്ഷാർഥം
ചിന്നംവിളികൾ ആകാശഗോപുരം കടന്നു പോകുന്നു
വിശപ്പിന്റെ വിളിയാകട്ടേ
ഭൂമിയിലേക്ക് പതിക്കുന്നു
ആകാശ പ്രാർഥന
ആരോ ചെവിക്കൊള്ളുന്നു
ഞൊടിയിടയിൽ
അനവധി കൈകളും
കൈകളിൽ ആയുധങ്ങളുമായി
ആരോ കഴുത്തിൽ
യന്ത്രക്കൈ ഞെക്കി
മുതലയെ ശിക്ഷിക്കുന്നു
ഗജേന്ദ്രനെ രക്ഷിക്കുന്നു
കടിയേറ്റതെങ്കിലും
തിടമ്പേറ്റിയവനെന്ന ഖ്യാതിയിൽ
ഒരു ജീവി കരയ്ക്കു കയറുമ്പോൾ
കഴുത്തിൽ മുറിവേറ്റ്
അനാദികാലം മുതലേ
ശാപഗ്രസ്തനായി
മറുജീവി
വിശന്ന വയറോടെ
നദിയുടെ ഏറ്റം ദുരൂഹമായ കയത്തിലേക്ക് കണ്ണീരോടെ
ആഴ്ന്നാഴ്ന്നു പോകുമ്പോൾ
‘‘മുതലക്കണ്ണീർ’’ എന്ന വാക്കും നിറകൺചിരിയോടെ
ഒപ്പം ആഴ്ന്ന് അർഥമില്ലാതാവുന്നു.