പാട്ടുപൊക്കൻ
നിരത്തിൻമേൽ പൊക്കൻഎല്ലാ ദിവസവും പാൽ വാങ്ങുവാൻ വേണ്ടി ഒരു തൂക്കുപാത്രവുമായി ഉദയസൂര്യനു നേരെ നടക്കും. പോകുന്നപോക്കിൽ റോഡിനെ പാട്ടുകൊണ്ടലങ്കരിക്കും. ‘‘പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ്’’ പൊക്കന്റെ പാട്ടിൽ തണുത്തുറഞ്ഞ റോഡ് ഉണരും. പാൽ വാങ്ങി വെയിൽപോലെ അയാൾ അതേ വഴിയിൽ വേഗം വേഗം ഉദിച്ചു വരുന്നതു കാണാൻ ഗ്രാമത്തിലെ...
Your Subscription Supports Independent Journalism
View Plansനിരത്തിൻമേൽ പൊക്കൻ
എല്ലാ ദിവസവും
പാൽ വാങ്ങുവാൻ വേണ്ടി
ഒരു തൂക്കുപാത്രവുമായി
ഉദയസൂര്യനു നേരെ നടക്കും.
പോകുന്നപോക്കിൽ റോഡിനെ
പാട്ടുകൊണ്ടലങ്കരിക്കും.
‘‘പുഴയോരഴകുള്ള പെണ്ണ്
ആലുവ പുഴയോരഴകുള്ള പെണ്ണ്’’
പൊക്കന്റെ പാട്ടിൽ
തണുത്തുറഞ്ഞ റോഡ് ഉണരും.
പാൽ വാങ്ങി വെയിൽപോലെ
അയാൾ അതേ വഴിയിൽ
വേഗം വേഗം
ഉദിച്ചു വരുന്നതു കാണാൻ
ഗ്രാമത്തിലെ റോഡുവക്കത്തെ വീടുകളിൽ
ആളുകളിരിക്കാറുണ്ട്.
പൊക്കന്റെ തെളിഞ്ഞുതെളിഞ്ഞു വരുന്ന പാട്ടിൽ
പ്രഭാതം മുഖം കഴുകുന്നതു കണ്ട്
അവരും പാടും.
‘‘അവളൊരു പാവം പാൽക്കാരി പെണ്ണ്...’’
നീണ്ടു വളഞ്ഞ റോഡ്
പുഴപോലെ അപ്പോൾ ഒഴുകും.
പഞ്ചായത്തുകിണറിലെ
വെള്ളം കോരാനായി
നിരത്തിലൂടെ
കുടവുമായി പോകുമ്പോൾ
‘‘സ്വരരാഗ ഗംഗാപ്രവാഹമേ
സ്വർഗീയ സായൂജ്യ സാരമേ
നിൻസ്നേഹ ഭിക്ഷയ്ക്കായ് നീറി നിൽക്കും
തുളസീദളമാണു ഞാൻ’’
എന്ന പാട്ട് തുളുമ്പാൻ തുടങ്ങും.
കുടിക്കുവാനോ തലയിലൊഴിക്കുവാനോ അയാൾ
വെള്ളം കൊണ്ടുപോകുന്നത്?
ഉള്ളു തണുക്കുമ്പോൾ വീട്ടിനുള്ളിലിരുന്ന്
അയാൾ പാടുന്ന പാട്ടെന്തായിരിക്കും?
വെയിലുകഴിഞ്ഞാൽ സന്ധ്യക്ക്
പൂനിലാവുപോലെ ഭ്രാന്തു പതയും.
അയാൾ റോഡുകളോട് രാത്രിവരികൾ നിറഞ്ഞ
പാട്ടുപാടി നടക്കും.
പ്രായം ചെന്ന റോഡുകളും
പണി പാതിയായ റോഡുകളും
പുതിയ ടാറിന്റെ മണമുള്ള റോഡുകളും
അയാളുടെ പാട്ടുകേൾക്കാൻ
പിറകേ നടക്കും.
ഇരുട്ടിൽ ഒറ്റക്കാവുന്നതിൽ
റോഡുകൾക്ക് ദുഃഖമില്ല.
നാട്ടുവെളിച്ചത്തിൽ പുലരുംവരെ പാട്ടുകൾ
പാടിത്തരാൻ
പൊക്കനുണ്ട്.
ഭ്രാന്ത് കൂടിപ്പോയ ഒരുദിവസം
എങ്ങുനിന്നോ വന്ന ഒരു രാപ്പക്ഷി
പൊക്കന്റെ തലയിൽ മേടിക്കൊണ്ട്
ചോദിച്ചു.
നാട്ടിൽ റോഡുകളില്ലായിരുന്നെങ്കിൽ
നീ ആരോടു പാടും?
പൊക്കന് ആ ചോദ്യം അത്ര പിടിച്ചില്ല.
മിണ്ടാതെ പോയ പൊക്കനോട്
പഞ്ചായത്ത് റോഡിലെ
കീച്ചലു കീയുമ്പോൾ
ഒരു തവള
മുറിയത്തെ ചാടി
ഉറക്കെ ചോദിച്ചു.
പൊക്കാ പൊക്കാ
നിരത്തിൻമേൽ പൊക്കാ
പൊക്കാ പൊക്കാ
പാട്ടുകാരൻ പൊക്കാ
പറഞ്ഞിട്ടു പൊക്കോ
നിരത്തുകളില്ലെങ്കിൽ നീ
ആരോടു പാടും?
അരിശം പിടിച്ച്
ആടിയാടി പോകുന്ന
പൊക്കനെ
ഒരു തണുപ്പൻ കാറ്റ്
എടുത്തുയർത്തി വട്ടം കറക്കി ചോദിച്ചു.
പൊക്കണം കെട്ട പൊക്കാ
നാട്ടിൽ റോഡുകളില്ലെങ്കിൽ
നീ ആരോടു പാടും?