ഒന്നുമില്ലാത്തതായി ഒന്നുമില്ല
തോട്ടക്കാരൻ പോയതോടെകാവൽപുരയിൽ ആളൊഴിഞ്ഞപ്പോൾ.ശൂന്യത ഇരച്ചു കയറികസേരയിൽ ഇരിപ്പുറപ്പിച്ചു.തനിച്ചിരുന്ന് ബോറടിച്ചപ്പോൾസിഗരറ്റിന് തീക്കൊളുത്തിവട്ടപ്പൂജ്യ വൃത്തത്തിൽ പുകയൂതി വിട്ടു.ആ വൃത്തത്തിന്റെആവൃത്തിയിലൂടെകവികളും ശാസ്ത്രജ്ഞരുംതാർക്കികരും ദാർശനികരും ആത്മവാദികളുംആതങ്കവാദികളും...അങ്ങനെ പല ചിന്താശീലരും മുഖാമുഖം വന്നുപോയി.മനുഷ്യനെത്തേടിയുള്ള തിരച്ചിലിനായി കൊളുത്തിയ റാന്തൽ വിളക്ക് ഖിന്നനായ ഡയോജനീസ്...
Your Subscription Supports Independent Journalism
View Plansതോട്ടക്കാരൻ പോയതോടെ
കാവൽപുരയിൽ ആളൊഴിഞ്ഞപ്പോൾ.
ശൂന്യത ഇരച്ചു കയറി
കസേരയിൽ ഇരിപ്പുറപ്പിച്ചു.
തനിച്ചിരുന്ന് ബോറടിച്ചപ്പോൾ
സിഗരറ്റിന് തീക്കൊളുത്തി
വട്ടപ്പൂജ്യ വൃത്തത്തിൽ
പുകയൂതി വിട്ടു.
ആ വൃത്തത്തിന്റെ
ആവൃത്തിയിലൂടെ
കവികളും ശാസ്ത്രജ്ഞരും
താർക്കികരും ദാർശനികരും
ആത്മവാദികളും
ആതങ്കവാദികളും...
അങ്ങനെ പല ചിന്താശീലരും
മുഖാമുഖം വന്നുപോയി.
മനുഷ്യനെത്തേടിയുള്ള തിരച്ചിലിനായി കൊളുത്തിയ
റാന്തൽ വിളക്ക്
ഖിന്നനായ ഡയോജനീസ് അവിടെ
കൊളുത്തിവെച്ചു.
ബെക്കറ്റിന്റെ ഭാവനയിൽനിന്നിറങ്ങിവന്ന് ഗോദോ
അഭിവാദ്യം ചെയ്തുവോ?
പാതാളപ്പടവുകൾ കയറി
മഹാബലി,
ഒന്നും ഒന്നും കൂട്ടിയപ്പോൾ
കിട്ടിയ
ഇമ്മിണി ബല്യെ ഒന്നുമായി
ഒരു ദിവ്യൻ,
ജ്ഞാനം പാനം ചെയ്തു പാടി പൂന്താനം,
കൂമൻകാവിലെ
തോരാ മഴ നനഞ്ഞൊരു
സന്ദേഹി...
അങ്ങനെ പലരും...
ചിലർ പരിചയം പേടിച്ചു.
ചിലർ കണ്ടില്ലെന്നു നടിച്ചു.
ആർ. രാമചന്ദ്രനെ പോലെ
അപൂർവം ചിലർ
തോളിൽ കൈയിട്ട് കുശലം പറഞ്ഞു.
നാറാണത്തു പ്രാന്തൻ
പ്രാന്തത്തിലിരുന്ന്
അർഥഭാരങ്ങളെല്ലാമുരുട്ടിവിട്ട്
ലാഘവത്തോടെ പൊട്ടിച്ചിരിച്ചു.
പലവിധ ബഹളങ്ങളിൽ
സമയം പോയതറിഞ്ഞില്ല.
ഇരുട്ട് പൂച്ചപ്പാദം െവച്ച്
കടന്നുവന്നു.
കൊള്ളാമല്ലോ
നല്ല ചങ്ങാതിയാണല്ലോ
ഇരുട്ടിനോടൊപ്പം
ഇല്ലാത്ത കരിംപൂച്ചയെ
കളിപ്പിച്ച് നേരം പോക്കാമല്ലോ.
എന്നും മറ്റും കിനാവിൽ മുഴുകി
ഒന്നു മയങ്ങി.
നേരം പുലർന്നപ്പോൾ
തോട്ടക്കാരൻ വന്നു.
നോട്ടക്കാരൻ നോക്കുമ്പോൾ
എല്ലാം ശുഭം.
തോട്ടവിളകളിൽ ഫലങ്ങൾ,
പുലരിത്തെന്നലൊഴുക്ക്,
പക്ഷിപ്പാട്ട്,
കാവൽപുര, കസേര...
എല്ലാം പഴയപോലെ.
അപ്പോൾ മുറിച്ചിട്ട വാലിൽ
ഒളിയിടത്തിൽനിന്ന്
‘ഇവിടെയുണ്ട് ഞാൻ’ എന്ന്
ഒരരണയുടെ രക്ഷസാക്ഷ്യവും
പാതിരാച്ചോരൻ തൂവിപ്പോയ
പാരിജാതപ്പൂമണ ബാക്കിയും മാത്രം
പുതുതായുണ്ട്.
അടപടലം കായ്ച്ച്
മൂത്ത് പഴുത്ത് ഉണങ്ങിപ്പാകമായ
നായ്ക്കുരണക്കായകൾ
വെയിൽ പരക്കും മുമ്പേ
തീക്കനലിൽ പാദമൂന്നുന്ന ജാഗ്രതയോടെയും
ജിബ്രാന്റെ മുന്തിരിത്തോപ്പല്ലെന്ന
തിരിച്ചറിവോടെയും
പറിച്ചെടുക്കുമ്പോൾ
ഒന്നുമില്ലാത്തതായി
ഒന്നുമില്ലെന്നൊരു മൂളിപ്പാട്ട് തോട്ടക്കാരനിൽ
പൂത്തുലഞ്ഞു.