ഷോർട്ട് സർക്യൂട്ട്
നാലു മഴ നീട്ടിപ്പെയ്താൽ വീട്ടുമുറ്റത്തെ കിണറ്റുവെള്ളത്തിന് ഇരിക്കപ്പൊറുതി മുട്ടും പടിഞ്ഞാപ്രം വഴി ഓടിച്ചെന്ന് മറ്റൊന്നുമോർക്കാതെ അവൾ കളപ്പെരത്തൊട്ടിയിലേക്ക് എടുത്തു ചാടും കല്ലറമുകളിലെ കണ്ടവും വരളിയും കൈപിടിച്ച് വലിച്ച് അവളെ എരട്ടിയാനിത്തോട്ടിലെത്തിക്കും എരട്ടിയാനിത്തോട് അവളെ മീനച്ചിലാറിനു കൂട്ടിക്കൊടുക്കും മീനച്ചിലാറ് വേമ്പനാട്ട് കായലുവഴി അറബിക്കടലിന് അറബിക്കടൽ ഇന്ത്യനോഷ്യന് ഇന്ത്യൻ മഹാസമുദ്രം അറ്റ്ലാന്റിക്കിന് അങ്ങനെ...
Your Subscription Supports Independent Journalism
View Plansനാലു മഴ നീട്ടിപ്പെയ്താൽ
വീട്ടുമുറ്റത്തെ കിണറ്റുവെള്ളത്തിന്
ഇരിക്കപ്പൊറുതി മുട്ടും
പടിഞ്ഞാപ്രം വഴി ഓടിച്ചെന്ന്
മറ്റൊന്നുമോർക്കാതെ അവൾ
കളപ്പെരത്തൊട്ടിയിലേക്ക്
എടുത്തു ചാടും
കല്ലറമുകളിലെ കണ്ടവും വരളിയും
കൈപിടിച്ച് വലിച്ച്
അവളെ എരട്ടിയാനിത്തോട്ടിലെത്തിക്കും
എരട്ടിയാനിത്തോട്
അവളെ
മീനച്ചിലാറിനു
കൂട്ടിക്കൊടുക്കും
മീനച്ചിലാറ്
വേമ്പനാട്ട് കായലുവഴി
അറബിക്കടലിന്
അറബിക്കടൽ
ഇന്ത്യനോഷ്യന്
ഇന്ത്യൻ മഹാസമുദ്രം
അറ്റ്ലാന്റിക്കിന്
അങ്ങനെ അവൾ
അകന്നകന്ന് പോകും
ജലാശയങ്ങളുടെ അതിർത്തിവരകൾ
കാഴ്ചകൾക്കോ സ്പർശങ്ങൾക്കോ വഴങ്ങാത്ത ഒന്നാെണന്ന്
തിരിച്ചറിയുമ്പോഴേക്കും
അവൾ എവിടെയൊക്കെയോ
എത്തപ്പെട്ടിരിക്കും
എങ്കിലും,
അറ്റ്ലാന്റിക്കിന്റെ വടക്കൻ തീരത്ത്
ഞാൻ
കാൽനനക്കുന്ന നിമിഷം
എന്നോടുള്ള രക്തബന്ധം
അവൾ
തിരിച്ചറിയും
കാരണമറിയാത്ത
ഒരു കരച്ചിൽ അപ്പോൾ അവളുടെ
കഴുത്തിനു കുത്തിപ്പിടിക്കും
സകലതും മറന്ന്
ഒരു തിരപ്പുറത്തേറി വന്ന്
എന്നെയവൾ
കെട്ടിപ്പുണരും
ആ നിമിഷത്തിന്റെ കനം
താങ്ങാൻ പറ്റാതെ
ആകാശം അലറിക്കരഞ്ഞ്
ഒരു കൊള്ളിയാൻ പ്രസവിക്കും
അവൾ വന്ന വഴിയിലൂടെ
ആ സ്ഥിതവൈദ്യുതി തിരിച്ചൊഴുകും
അപ്രതീക്ഷിതമായ ആ ഷോർട്ട്സർക്യൂട്ടിൽ
അവൾ കടന്നുപോന്ന കടവുകളെല്ലാം
കത്തിയമരും
കരൂർ പഞ്ചായത്തിലെ
സകലമാന വീടുകളിലും
ആ ദിവസം
കറന്റു പോകും!