കുന്നത്തുസ്കൂൾ
‘‘കുടിയേറിയ കാലത്ത് എയ്ത്താശാനെ കൂടെക്കൊണ്ടന്ന് പഠിക്കാനിര്ന്ന സ്ഥലാണ്’’ കുന്നത്തെൽപിസ്കൂൾനെ പറ്റി ചെരിവിലയ്യപ്പേട്ടൻ ചൊമച്ച് ചൊമച്ച് പറയും. കുന്നത്തുസ്കൂളില് ന്റച്ഛനും അച്ഛന്റാൾക്കാരും നാട്ടാരും എന്ന് വേണ്ട കുന്നത്തിന് ചുറ്റുള്ളോരൊക്കെ കഞ്ഞി കുടിക്കേം ചെലോരൊക്കെ അയിന്റൊപ്പരം പഠിക്യേം ചെയ്ത്. പൊറകിലെ കാട്ടില്‍ ആട്ടിനേം കെട്ടി ജനാല്ക്കലെ ബെഞ്ചില്‍ അയിനേം നോക്കി ന്റച്ഛൻ എയ്താൻ പഠിച്ചതും കുന്നത്തുസ്കൂളിൽന്നാണ് കുന്നത്തുസ്കൂളിൽ ഞങ്ങൾ ആദ്യത്തെ...
Your Subscription Supports Independent Journalism
View Plans
‘‘കുടിയേറിയ കാലത്ത് എയ്ത്താശാനെ കൂടെക്കൊണ്ടന്ന്
പഠിക്കാനിര്ന്ന സ്ഥലാണ്’’
കുന്നത്തെൽപിസ്കൂൾനെ പറ്റി
ചെരിവിലയ്യപ്പേട്ടൻ ചൊമച്ച് ചൊമച്ച് പറയും.
കുന്നത്തുസ്കൂളില് ന്റച്ഛനും അച്ഛന്റാൾക്കാരും നാട്ടാരും എന്ന് വേണ്ട
കുന്നത്തിന് ചുറ്റുള്ളോരൊക്കെ കഞ്ഞി കുടിക്കേം
ചെലോരൊക്കെ അയിന്റൊപ്പരം പഠിക്യേം ചെയ്ത്.
പൊറകിലെ കാട്ടില്‍ ആട്ടിനേം കെട്ടി
ജനാല്ക്കലെ ബെഞ്ചില്‍ അയിനേം നോക്കി
ന്റച്ഛൻ എയ്താൻ പഠിച്ചതും കുന്നത്തുസ്കൂളിൽന്നാണ്
കുന്നത്തുസ്കൂളിൽ ഞങ്ങൾ ആദ്യത്തെ രണ്ടാൾ മൂന്നിലും രണ്ടിലും പഠിക്കുമ്പോ
കഴ്ത്തിൽ തൂക്കുള്ള ഫ്ലാസ്കൊക്കെ ണ്ടായ കാലാണ്.
വരാന്തേലറ്റത്ത്ന്ന് അമ്മിണിച്ചേച്ചി
കഞ്ഞി വെളമ്പിത്തൊടങ്ങുമ്പോ
മൊട്ടൻ ചോമന്റെ പാത്രത്ത്ന്ന്
ഞങ്ങക്ക് ഞണ്ടും കാലിന്റെ കഷ്ണം വരും
ഓനെ മൊട്ടൻ ചോമൻന്ന് വിളിക്കണ്ടാന്ന് സൊമട്ടീച്ചർ പറഞ്ഞേൽ പിന്നെ
ഓൻ ബാബു സി ചോമൻ ആയി.
ഞണ്ടുംകാല് കിട്ടാത്തോരൊക്കെ
ഒളിഞ്ഞും തെളിഞ്ഞും പൊട്ടൻ ചോമൻ ന്ന് വിളിക്കാനും തൊടങ്ങി.
കുന്നത്തുസ്കൂളിൽ പഠിക്കാൻ വന്നോര്
പൊരേല് കൂട്ടാത്തതും കിട്ടാത്തതും ഒക്കെ കൂട്ടാൻ തൊടങ്ങി.
പൂട്ടി, തൊറക്കേം
കുട്ട്യോള് വെരോം പോവേം ചെയ്തോണ്ടിര്ന്ന്
കുന്നത്തിന് ചുറ്റും നാട് വളർന്ന്.
നെയ്സറികൾ വന്ന്…
ചെരിവിലയ്യപ്പേട്ടന്റാൾക്കാര്
പറയാനും എട്ക്കാനും പൊന്നോരായപ്പോ
മക്കൾക്കെടേലെന്നെ
പറഞ്ഞാ തിരിയാത്ത കേസും കുന്ത്രാണ്ടം ണ്ടായി.
കുന്നത്തുസ്കൂളിന് രേഖയില്ലാന്നായി.
പകുതി സർക്കാരിന്റേലായിറ്റും
അടച്ചോവാണ്ടിരിക്കാൻ ഉത്തരവാകും മുന്നേ
‘‘ഇനിക്കെന്താനേ പൂട്ടിപ്പോവും’’ന്ന് നെയ്സറിക്കാര് പൂട്ടി.
ചൊമരിലെ ചിത്രത്തിൽ
കൂർപ്പ് കരിമ്പനടിച്ച പെൻസിൽമ്മെ
പഴേ ചെക്കനും പെണ്ണും,
കഞ്ഞിപ്പോരേന്റെ വാതിൽന്റടീല് എലിക്കും പൂച്ചക്കും കേറാൻ കയ്യണ വെല്യ തൊളേം,
ടിന്ന് പൊളിഞ്ഞ മൂത്രപ്പോരേല് നെറഞ്ഞ് ചെലന്തിക്കാടും...
മക്കളെ കെട്ടിച്ച് നടുമടക്കാൻ പോന്നപോലെ
കുത്തിച്ചാരി നിക്കലായി കുന്നത്തുസ്കൂൾ.w
ഉസ്കൂളിൽ പഠിപ്പിക്കാന്നുള്ള പഠിപ്പൊക്കെ ണ്ടായപ്പോ തോന്നാണ്
കുന്നത്തുസ്കൂൾ ഇനീം വേണേര്ന്ന്...
‘തൂണുംപിടുത്തം’ നടക്കുമ്പോ
വിട്ട് കൊട്ക്കാൻ പഠിപ്പിച്ച്,
ഉച്ചക്കഞ്ഞിക്ക് ‘കൂട്ടാൻ മാറ്റം’ ശീലിച്ച്,
കുന്നസ്കൂളിന് മാത്രള്ള മതിലില്ലാത്ത ചെരിവിൽ
‘പാളേൽ ഊരൽ’ കളിക്കാൻ
പൊട്ടിമരത്തില് കേറ്റം പഠിപ്പിക്ക്ന്ന നാലാം ക്ലാസിലെ വെല്യോര്ണ്ടാവാൻ,
കൊടേരിക്കുന്നിനേം പനേനേം പറ്റി
കെട്ടുകഥകളും കേട്ടുകഥകളും കേൾക്കാൻ
കൊങ്ങിണിപ്പടർപ്പിലെ ഗുഹ വെട്ടലില്‍
അറിയാത്ത പുത്യേ കായും പൂവും കാണാൻ
കഴുക്കോലിലെ മുങ്ങേനേം
പീപ്പിക്കമരത്തില് വാവല്നേം
കണ്ടാനം കുത്തീമിലെ വരവരപ്പുഴൂനേം ഒക്കെ
ചിത്രല്ലാതെ അറിയാൻ...
കുന്നത്തുസ്കൂൾ ഇനീം
വേണേര്ന്ന്
വേണ്ടോർക്കിതൊന്നും കിട്ടാത്ത
കാലല്ലേ...