പകർച്ച
അപ്പുറത്തെ വീട്ടിൽ കല്യാണമായിരുന്നു. പായസം തിളയ്ക്കുന്നതിന്റെ പപ്പടം കാച്ചുന്നതിന്റെ മുല്ലപ്പൂവിന്റെ തിങ്ങിവിങ്ങും പരിമളങ്ങൾ. ഞങ്ങൾ കുട്ടികൾ വേലിത്തലയ്ക്കൽനിന്ന് ഏന്തിവലിഞ്ഞു നോക്കി. മാങ്കുയിലേ, പൂങ്കുയിലേ തേടി വന്ത നാള്. ടേപ്പ് റെക്കോഡറിലൂടെ ആഹ്ലാദം അലതല്ലിയൊഴുകി വന്ന് ഞങ്ങളെ തൊട്ടു. ഇലയിട്ടു മൂടിയ പുത്തൻ കൊട്ടയുമായി കാളി പിന്നാമ്പുറത്തെത്തി വിളിച്ചു - അച്ഛമ്മ അടുക്കളവാതിൽ തുറന്നു. ഇതൊക്കെ കൊണ്ടരണ്ടീർന്നോ കാളീ? (കൊണ്ടരണം കൊണ്ടരണം...
Your Subscription Supports Independent Journalism
View Plansഅപ്പുറത്തെ വീട്ടിൽ കല്യാണമായിരുന്നു.
പായസം തിളയ്ക്കുന്നതിന്റെ
പപ്പടം കാച്ചുന്നതിന്റെ
മുല്ലപ്പൂവിന്റെ
തിങ്ങിവിങ്ങും പരിമളങ്ങൾ.
ഞങ്ങൾ കുട്ടികൾ വേലിത്തലയ്ക്കൽനിന്ന് ഏന്തിവലിഞ്ഞു നോക്കി.
മാങ്കുയിലേ, പൂങ്കുയിലേ തേടി വന്ത നാള്.
ടേപ്പ് റെക്കോഡറിലൂടെ ആഹ്ലാദം അലതല്ലിയൊഴുകി വന്ന് ഞങ്ങളെ തൊട്ടു.
ഇലയിട്ടു മൂടിയ പുത്തൻ കൊട്ടയുമായി
കാളി പിന്നാമ്പുറത്തെത്തി വിളിച്ചു -
അച്ഛമ്മ അടുക്കളവാതിൽ തുറന്നു.
ഇതൊക്കെ കൊണ്ടരണ്ടീർന്നോ കാളീ?
(കൊണ്ടരണം കൊണ്ടരണം
ഞങ്ങൾക്ക് കൊതിയായിട്ടു വയ്യ.
ഞങ്ങൾ കുട്ടികളല്ലേ...)
അച്ഛച്ഛൻ വന്നു.
കൊട്ടയടക്കം എടുത്തോളാൻ പറഞ്ഞു.
പറയക്കുടീന്ന് പകർച്ച വേണ്ട.
വെന്തയുടൻ കൂട്ടിത്തൊടാതെ പകർത്തിവെച്ചതാണ് രാഘവണ്ടാരേ,
കുട്ട്യോൾക്കിത്തിരി പായസാണ് -
കാളി പോയി -
അച്ഛച്ഛൻ വേഗം മരിക്കണേന്ന്
കുട്ടികൾ പ്രാർഥിച്ചു.
ചുമരിലിരുന്ന് നാരായണ ഗുരു ചിരിച്ചു.
ഞങ്ങൾ കുട്ടികൾ വലുതായി.
ഇപ്പോഴും
ചില കല്യാണങ്ങൾക്കു മാത്രം തലേന്നുപോയി സമ്മാനം കൊടുക്കും.
നാരങ്ങാവെള്ളവും പൂവൻപഴവും സന്തോഷത്തോടെ കഴിക്കും.
വേറൊരു കല്യാണമുണ്ടെന്ന് പറഞ്ഞ് തിടുക്കപ്പെട്ടിറങ്ങും.
വീട്ടിൽ വന്ന് ചോറുണ്ണും.
ചുവരിലിരുന്ന് അച്ഛച്ഛൻ ചിരിക്കുന്നുണ്ട്.