ഡയലക്ടിക്സ് -കെ. ബാബു ജോസഫിന്റെ കവിത
1. തീസിസ്
വെറുതെ വീട്ടിൽ
ഈച്ചയാട്ടി ഇരിക്കാതെ
സ്വപ്നം കണ്ടു കിടക്കാതെ
രാഷ്ട്രീയത്തിലിറങ്ങുക
പത്രത്തിൽ ചിത്രവും
വാർത്തയും വരുത്താൻ
പണിയെടുക്കുക
ഈ തകർപ്പൻ ആഹ്വാനം
വന്നതെന്നുള്ളീന്ന്
സുരക്ഷയും ഫലസിദ്ധിയും
കരുതിയാദ്യം ഞാൻ
ഭരണപക്ഷത്തെ
ഭൂരിപക്ഷ കക്ഷിയിൽ ചേർന്നു
സജീവപ്രവർത്തകനായി
നേതാക്കളെ വരവേല്ക്കുക
പോസ്റ്ററൊട്ടിക്ക
കൊടി തോരണങ്ങൾ കെട്ടുക
അഴിക്കുക, കെട്ടുക അഴിക്കുക
ഉച്ചഭാഷിണിയിലൂടെ അലറിക്കൂവി
യോഗങ്ങൾക്കാളെ കൂട്ടുക
പിരിവിനു നേതാക്കൾ
പോകുമ്പോൾ
ശക്തി കാട്ടാനകമ്പടി
പോവുക
പ്രകടനങ്ങളിലണിചേർന്ന്
തൊണ്ടകീറി
മുദ്രാവാക്യങ്ങൾ വിളിക്കുക
ഇങ്ങനെ പല പല
സേവനങ്ങളിൽ
വ്യാപൃതനായി വിരാജിച്ചിട്ടും
പത്തുപൈസയുടെ
ഗുണം കിട്ടീലെനിക്ക്
മുതിർന്നോരുടെ
സ്റ്റഡിക്ലാസുകളിലിരുന്നു
ഉറക്കം തൂങ്ങിയതു മിച്ചം
2. ആന്റി തീസിസ്
നിരാശയുടെ കമ്പിളി പുതച്ചു
ഞാനൊരുനാൾ
ഒരു പ്രതിപക്ഷ സമരത്തിൽ
പങ്കെടുത്തു
എന്താണു ചെയ്യുന്നതെന്നറിയാതെ
അവരോടൊപ്പം
സിന്ദാബാദ് വിളിക്കയും
പൊലീസിന്റെ നേർക്ക്
കല്ലെറികയും ചെയ്തു
ജലപീരങ്കിയെ വെല്ലുവിളിച്ചു
കണ്ണീർവാതക പ്രയോഗമേറ്റു വാങ്ങി
ലാത്തിയടികൊണ്ടു വീണു
ജനമൈത്രിക്കാർ ബൂട്ടിട്ടു ചവിട്ടി
ആരൊ താങ്ങിയെടുത്തെന്നെ
ആശുപത്രീലെത്തിച്ചു
കൈകാലുകളൊടിഞ്ഞ ഞാൻ
മാസങ്ങളവിടെ കിടന്നു
ആ സമരത്തിൽ ഞാനൊരു
രക്തസാക്ഷി ആയപോലെ
നടിച്ചെങ്കിലും
ഒരു പട്ടിക്കുറുക്കനുമെന്നെ
തിരക്കി വന്നില്ല
ആശുപത്രി വിട്ടയുടനെ
പ്രതിപക്ഷക്കാരുടെ
ഓഫീസിൽ
ചെന്നു തിരക്കി:
നിങ്ങൾക്കു വേണ്ടി
തല്ലുകൊണ്ട് എല്ലൊടിഞ്ഞ എന്നെ
ഒരിക്കൽപോലും
നിങ്ങളന്വേഷിച്ചില്ലല്ലൊ!
മോനെ, നീ വെറും ശിശു
ഞങ്ങടെ കൂട്ടത്തിൽ പയ്യൻ
അപ്പുറത്തൂന്ന് കാല് മാറി
വന്നോരെ ഉടനെയങ്ങ്
രൂപക്കൂട്ടിൽ പ്രതിഷ്ഠിക്കില്ല
ഇനിയും ഒന്നുരണ്ടു
സമരങ്ങൾകൂടി കഴിയട്ടെ
നിന്നെ പരിഗണിക്കാം.
3. സിന്തസിസ്
കൊടിപിടിച്ചും കീ ജെ വിളിച്ചും
ജാഥയിൽ കേറി
നേതാക്കളെ അഭിവാദ്യം ചെയ്തും ഭരണപക്ഷം
എന്റെ പക്ഷമെന്ന് കരുതിയകാലം
രായ്ക്കുരാമാനം കീഴ്മേൽ മറിഞ്ഞു
ഞാൻ പ്രതിപക്ഷത്തായി
പൊലീസിന്റെ തല്ല് കൊണ്ടത് മിച്ചം
അനേകായിരങ്ങൾ രക്തം
ചിന്തിയാൽ ഒന്നോ രണ്ടോ പേർ
മാത്രം മന്ത്രിയോ, തന്ത്രിയോ
ആയി സാഫല്യം നേടുന്നു
ബാക്കിയുള്ളോരുടെ ചോര
മണലിൽ വീണ്ടു വരണ്ടുപോകും
ഇതിൽനിന്ന് രക്ഷ
അരാഷ്ട്രീയത്തിലെന്ന് തോന്നി
അവസരത്തിനായ് കഠിനശ്രമം തുടങ്ങി
കൂലിപ്പണിക്കാദ്യം പോയി,
പിന്നെ പെയിന്റിങ് തൊഴിലാളി
ഇലക്ട്രിഷൻ പ്ലംബർ
ഓട്ടോക്കാരൻ
എല്ലാ തൊഴിലും
രാഷ്ടീയത്തേക്കാൾ
മഹത്തരമെന്നു പഠിച്ചു
അങ്ങനെ ഞാനൊരു മൂരാച്ചിയും
അരാഷ്ട്രീയവാദിയും
ആയി മാറി
ജന്മസാഫല്യം തേടുന്നു...
മുട്ടലോ തട്ടലോ ഉരുമ്മലോ അല്ല
തിരുമ്മലാണെന്റെ
അതിജീവനതന്ത്രം.