പി.കെ പാറക്കടവിന്റെ പതിനൊന്ന് മിന്നൽക്കഥകൾ
1. ഭൂമിയുടെ ചിരി ഇടയ്ക്ക് എവിടെ നിന്നോ എത്തിയവർ, നാളെ ഇവിടെ നിന്ന് പോകേണ്ടവർ, കാടും കടലും എല്ലാം സ്വന്തമാണെന്ന് കരുതി അഹങ്കരിക്കുമ്പോൾ ഭൂമിയുടെ പൊട്ടിച്ചിരി- അതിനെ നമ്മൾ ഭൂകമ്പമെന്നു വിളിക്കുന്നു. 2. അവകാശം ഭൂമി പോലെ തുണ്ടു തുണ്ടായി മുറിച്ചെടുക്കാനാവില്ല, ആകാശം. അത് എല്ലാവരുടേതുമാണ്. 3. തുറന്ന പുസ്തകം ‘‘ദൈവമേ, എന്ത് പറ്റി? ഇയാൾ ഇങ്ങനെ?’’ ‘‘ഒന്നുമില്ല. എന്റെ ജീവിതം ഒരു...
Your Subscription Supports Independent Journalism
View Plans1. ഭൂമിയുടെ ചിരി
ഇടയ്ക്ക് എവിടെ നിന്നോ എത്തിയവർ,
നാളെ ഇവിടെ നിന്ന് പോകേണ്ടവർ,
കാടും കടലും എല്ലാം സ്വന്തമാണെന്ന് കരുതി അഹങ്കരിക്കുമ്പോൾ
ഭൂമിയുടെ പൊട്ടിച്ചിരി-
അതിനെ നമ്മൾ ഭൂകമ്പമെന്നു
വിളിക്കുന്നു.
2. അവകാശം
ഭൂമി പോലെ തുണ്ടു തുണ്ടായി
മുറിച്ചെടുക്കാനാവില്ല,
ആകാശം.
അത് എല്ലാവരുടേതുമാണ്.
3. തുറന്ന പുസ്തകം
‘‘ദൈവമേ, എന്ത് പറ്റി? ഇയാൾ
ഇങ്ങനെ?’’
‘‘ഒന്നുമില്ല. എന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്ന് ഇയാൾ
പറഞ്ഞിരുന്നു.
ആ പുസ്തകം ഒന്നടക്കാൻ
ശ്രമിച്ചതാണ്.’’
4. ഒന്നില്ലെങ്കിൽ
ഭൂമിയുണ്ടാകുമ്പോഴേ
ആകാശവുമുണ്ടാകൂ.
5. ആശ
മഴ വേണ്ട,
മഴവില്ല് മതി.
6. മാന്ത്രികൻ
ഇരുളിൽ എല്ലാം
മായ്ക്കുമ്പോഴാണ്
ദൈവം
മാന്ത്രികനാവുന്നത്.
7. സൗകര്യം
ഖബറിൽ വലിയ ദണ്ഡുകളുമായി നന്മ തിന്മകൾ ചോദിക്കാൻ വന്ന
മാലാഖയോട് ചോദിച്ചു:
‘‘നമുക്ക് ഓൺലൈൻ ആക്കിയാലോ?’’
8. വാക്ക്
ഒരു വാക്കും
പുസ്തകത്തിലുറങ്ങുന്നില്ല.
9. കാഴ്ച
ഇരുളനങ്ങുന്നത് കാണാൻ
മെഴുകുതിരി കത്തിക്കുകയല്ല,
കത്തുന്ന മെഴുകുതിരി
ഊതിക്കെടുത്തുകയാണ് വേണ്ടത്.
10. ഇരുട്ട്
പകൽവെളിച്ചത്തിലല്ല,
കൂരിരുൾ രാത്രിയിലാണ്
നക്ഷത്രപ്പന്തലിലൂടെ നടക്കാനാവുക.
11. കൂട്ട്
ഭൂമിയിലായിരിക്കുമ്പോഴും
കുട്ടിക്കാലത്ത്, ഇരുട്ടിൽ നമ്മോടൊപ്പം ഏറ്റവും കൂടുതൽ നടന്നത്
ഭൂമിയിലല്ലാത്ത
തലയ്ക്കു മുകളിലുള്ള ചന്ദ്രനാണ്.