കരിക്കാംകുളം ജങ്ഷൻ
ഒരു കവി,
രാത്രി സേവക്കിടെ ഒരനുഭവം പറഞ്ഞു.
ഞായർ രാവിലെ
മീനോ ഇറച്ചിയോ വാങ്ങി വരാമെന്നു
പറഞ്ഞു വീട്ടിൽനിന്നും പുറത്തുചാടുന്നു.
ഒരു ദുരുദ്ദേശ്യവുംകൂടി കവിക്കുണ്ടായിരുന്നു
താഴെ ഒരു ബീഫ് കട,
അതിനു തൊട്ട് ഒരു കോഴിക്കട,
മുകളിൽ ബീവറേജ്
വേണമെങ്കിൽ
എല്ലാം ഒന്നിച്ചുനടക്കും.
ബീഫ് വാങ്ങണോ
അതോ ചിക്കൻ വാങ്ങണോ
ഒരു പത്തു മിനിറ്റ് കഴിഞ്ഞു മുകളിൽ തുറന്നിട്ട് മതിയോ,
ഇങ്ങനെ ആശങ്കയിൽ നിൽക്കുന്നത്
ഒരു കയറ്റമുള്ള സ്ഥലത്താണെന്ന് കവി.
ബീഫ് കടക്കുമുന്നിൽ നല്ലതിരക്കുണ്ട്
പെെട്ടന്ന് ഒരു വൃദ്ധയാചകൻ
വളരെ ശുഷ്കിച്ച ശരീരവുമായി,
രണ്ട് കാലുകളുമില്ലാതെ
ഇഴഞ്ഞിഴഞ്ഞ്
ആ കയറ്റം കയറിവരുന്ന കാഴ്ച കണ്ടു
മനസ്സ് നൊന്ത് ഈ ലോകത്തിനെയും
സകല ദൈവങ്ങളെയും ശപിച്ചു
ദുഃഖിതനായി നിൽക്കുമ്പോൾ,
ഇറച്ചിവെട്ടുന്ന ആൾ രക്തംപുരണ്ട കൈ
മുണ്ടിൽ തുടച്ചു
റോഡ് മുറിച്ചുകടന്നു
ആ വൃദ്ധയാചകനെ എടുത്തു കയറ്റത്തിൽ
കൊണ്ടുവെച്ചു
പിന്നെ
എന്തെന്നുമേതെന്നുമറിയാതെ
തന്റെ ജോലി തുടരുന്നു.
കവി ദുഃഖിതനായി മുകളിൽ കയറി
ഒരു ഓൾഡ് മങ്ക് റമ്മുമായി
തിരിച്ച് ഇറച്ചിക്കടയിൽ വന്നു
അരകിലോ പോത്തിന്റെ കരൾ വാങ്ങി
കോഴിക്കടയിൽ നിൽക്കുന്ന അയൽവാസിയായ
കാവിവസ്ത്രക്കാരനോട് പറയുന്നു,
ഞാനും ഭാര്യയും മാത്രമേ ഉള്ളൂ
ഇതുതന്നെ ധാരാളം.