മുത്തണ്ണൻ*
ദിക്കുകൾ വാറ്റിയ കൂരിരുട്ടിനോടൊപ്പം കരിമ്പനക്കാറ്റുപോലെയാണ് അയാൾ ചുരമിറങ്ങിയത് ഇഷ്ടമുള്ളേടത്തേക്കൊക്കെ ഊരും പേരുമില്ലാതെ വീശിയടിച്ചു... മിഠായിത്തെരുവും വാണിജ്യപാളയങ്ങളും താണ്ടി നെടുങ്കോട്ടകെട്ടിയ ജലഗോപുരത്തിനു കീഴില്‍ മുറിപ്പീടിക കാവല്മാടമാക്കി സഞ്ചാരചക്രവര്ത്തിയുടെ**ചന്ദ്രകാന്തസ്പര്ശമേറ്റ അഴിമുഖത്ത് ദൂരങ്ങളെല്ലാം നങ്കൂരമിട്ടു... കുരിശുമുത്തുമുത്തണ്ണനായി ജ്ഞാനസ്നാനം ചെയ്തു കാഴ്ചകളിൽ...
Your Subscription Supports Independent Journalism
View Plansദിക്കുകൾ വാറ്റിയ കൂരിരുട്ടിനോടൊപ്പം
കരിമ്പനക്കാറ്റുപോലെയാണ് അയാൾ ചുരമിറങ്ങിയത്
ഇഷ്ടമുള്ളേടത്തേക്കൊക്കെ
ഊരും പേരുമില്ലാതെ വീശിയടിച്ചു...
മിഠായിത്തെരുവും വാണിജ്യപാളയങ്ങളും താണ്ടി
നെടുങ്കോട്ടകെട്ടിയ ജലഗോപുരത്തിനു കീഴില്‍
മുറിപ്പീടിക കാവല്മാടമാക്കി
സഞ്ചാരചക്രവര്ത്തിയുടെ**ചന്ദ്രകാന്തസ്പര്ശമേറ്റ
അഴിമുഖത്ത് ദൂരങ്ങളെല്ലാം നങ്കൂരമിട്ടു...
കുരിശുമുത്തുമുത്തണ്ണനായി ജ്ഞാനസ്നാനം ചെയ്തു
കാഴ്ചകളിൽ തിരുമണവും വരരുചികളും
തനിനിറങ്ങളും കുഴഞ്ഞാടി
പുകയിലയും അകില്ത്തിരികളും
അണ്ണന്റെ കണ്‍വട്ടത്തില്‍ ഇണചേര്‍ന്നു!
വെളിമ്പ്രദേശങ്ങളുടെ ഇരുണ്ട ദൈന്യം
ആ കണ്ണുകളില്‍ എന്നെന്നും ചുരമാന്തി
കടിച്ചാപൊട്ടിയും അച്ചാറെരിയും
രുചിക്കൂട്ടുകളും ബാല്യങ്ങളില്‍
വിളക്കുമ്പോള്‍ അയാൾ മുത്തണ്ണന്
മടക്കുപുസ്തകങ്ങള് നിവര്‍ത്തിയ
മുഷ്ടിരതികളും ലഹരിയുടെ
വെടിപ്പുരകളും കാമനകളുടെ കൗമാര, യൗവനങ്ങളിലേക്ക്
കെട്ടഴിക്കുമ്പോള്‍ കുത്തണ്ണന്
പായാരങ്ങളുടെ വൈകുന്നേരങ്ങള്‍ക്ക് നെഞ്ചിൻ നെരിപ്പോട്
ഏവര്‍ക്കും പകുത്തു.
അടിയന്തരാവസ്ഥയും ഇന്ദിരാവധവും ബോഫോഴ്സും
ടിയാനെെന്മന് സ്ക്വയറും
ഗോര്‍ബച്ചേവും അയാളുടെ കടപ്പെട്ടികള്ക്കു
ചുറ്റും കനലാട്ടം നടത്തി.
അടുക്കിയിട്ട ഇരുമ്പുകുഴലുകള്‍
പീരങ്കിക്കുറ്റികളായി ഗർജിച്ചു!
എണ്ണം പറഞ്ഞയയ്ക്കുന്ന നിലാസ്ഖലനത്തിന്റെ
കുണ്ടായിസംകണ്ട്
കീഴ്ശ്വാസപ്പെട്ട് അയാൾ ചിരിച്ചുറഞ്ഞു
കടല്‍ജീവിതങ്ങളെ വെയില്നാളമായ്
മുറുകെ ചുംബിച്ചു
ആണിപ്പഴുതേന്തിയ ആ കൈകള്‍
മുറിവാഴങ്ങക്ക് ലേപനൗഷധമായി...
വഴിക്കാശും കുടിനീരും പൊതിച്ചോറുമായി
ജനനന്മ സ്വയം പകുത്തു...
നിരപ്പലകകളുടെ മൂട്ടവെളിച്ചം പതിവന്തികള്
മന്ത്രിച്ചയച്ചുകൊണ്ടേയിരുന്നു
അപ്പവും വീഞ്ഞുമേന്തിയ വിശുദ്ധനായി
അള്‍ത്താരകള്‍ അയാളെ വാഴ്ത്തി...
ഒരിക്കല്‍
വരിയെറുമ്പുകളിലേക്ക് ചാലിട്ടും
ഈച്ചകളിലേക്ക് മൂളിപ്പറന്നും
പുഴുക്കളിലേക്കരിച്ചിറങ്ങിയും
പൂക്കളിലേക്ക് വാര്ന്നൊഴിഞ്ഞും
അണ്ണന് നിത്യജീവനിലേക്ക് ചുരംകടന്ന് മറയുന്നത്
ഒരുദേശം കല്ലറകൾ തുറന്ന് കണ്ടിട്ടുണ്ടത്രേ!!!
* കോഴിക്കോട്ടെ പുതിയറ വാട്ടര്‍ടാങ്കിന് സമീപം വര്‍ഷങ്ങള്‍ക്കുമുമ്പ് പെട്ടിക്കട നടത്തിയിരുന്ന ആള്
* എസ്.കെ. പൊറ്റെക്കാട്ട്