അവനവൻ നരകം
നീലവാനം,അതിൻ കുറുകെ പാറി നീങ്ങും പലതരം പക്ഷികൾ കാണുകില്ല ഈ ആകാശയാനങ്ങൾ കാണുകില്ല ജലാശയഭംഗിയും പൂക്കളും മഴവില്ലിന്റെ കാന്തിയും പാഞ്ഞു പോകും പലയിനം ജീവനും... കാണുമൊന്നവൻ കോണനുപാതങ്ങൾ ചേർന്ന തൻമുഖം, മാരിവിൽച്ചില്ലികൾ ചോന്നു ചോരയിതളുകൾപോലെ വീണുലർന്ന ചൊടികൾ, താരങ്ങളെ ഭൂമിയിലേക്കിറക്കിയ കണ്ണുകൾ! ആർത്തി തീരുകയില്ലീ പ്രതിബിംബം, നോക്കി രാത്രിപകലുകൾ തീരുന്നു കണ്ണിൽ വൻതടാകത്തിനെക്കാളും വിസ്തൃതമായ് പരന്നൊഴുകുന്നു... തന്നെത്തന്നെ...
Your Subscription Supports Independent Journalism
View Plansനീലവാനം,
അതിൻ കുറുകെ
പാറി നീങ്ങും പലതരം പക്ഷികൾ
കാണുകില്ല ഈ ആകാശയാനങ്ങൾ
കാണുകില്ല ജലാശയഭംഗിയും
പൂക്കളും മഴവില്ലിന്റെ കാന്തിയും
പാഞ്ഞു പോകും പലയിനം ജീവനും...
കാണുമൊന്നവൻ കോണനുപാതങ്ങൾ
ചേർന്ന തൻമുഖം, മാരിവിൽച്ചില്ലികൾ
ചോന്നു ചോരയിതളുകൾപോലെ
വീണുലർന്ന ചൊടികൾ,
താരങ്ങളെ
ഭൂമിയിലേക്കിറക്കിയ കണ്ണുകൾ!
ആർത്തി തീരുകയില്ലീ പ്രതിബിംബം,
നോക്കി രാത്രിപകലുകൾ തീരുന്നു
കണ്ണിൽ വൻതടാകത്തിനെക്കാളും
വിസ്തൃതമായ് പരന്നൊഴുകുന്നു...
തന്നെത്തന്നെ കുടിച്ചു വറ്റിക്കുന്നു
ഉന്മത്തഭോഗി
സ്വയമോഹി
ദുർബലൻ
തന്നിൽ ദാഹമടങ്ങാതെ മറ്റൊന്നിലും
മനസ്സു വെക്കാതെ
സ്വേച്ഛയാലധികാര ഗർവിനാൽ
അന്യനെയുടച്ചും തകർത്തും
തന്നിലും വലുതായൊരു തന്നെ
വേതാളമായി ചുമലിലെടുത്തും
സ്നേഹദുഃഖങ്ങളൊന്നുമറിയാതെ
ആത്മരാഗത്താലന്ധനായവൻ
നോക്കിനിൽക്കേ ഉടലഴുകി
കാലമാകും പുഴു നുരച്ചാലും
കാണുകില്ല തൻ ഭംഗിയല്ലാതെ
ചുറ്റിലുമുള്ളതൊന്നുമവിവേകി
ചോരയിൽ തീയലയുള്ള പ്രേമങ്ങൾ
ചാരമായ് ദൂരദൂരേ അലിഞ്ഞു
ആത്മരാഗി തൻ മക്കൾ അനാഥർ
തീക്കരുത്തിൽ തനിയേ വളർന്നു
തന്നുടലിനുമപ്പുറമൊന്നും കാണുവാൻ
അകക്കാഴ്ചകളില്ലാതെ
തന്നിലേക്ക് തിരിഞ്ഞു തെരഞ്ഞു
തന്നെ പോലുമറിയാതെ പോകുവോൻ
ഒറ്റൊരാളാല്ലനേകരാണവൻ
പൊള്ളയാം അകമുള്ള പാഴുടൽ
കണ്ടുകൊണ്ടേയിരിപ്പു
തടാകത്തിൻ കുറ്റിരുട്ടുള്ള മൂലയിൽ തൻ മുഖം.