ചുമര്
മുതിർന്നവർ കുഞ്ഞുങ്ങളെ കൈപിടിച്ചു നടക്കുന്നതു പോലെ സമയം കാലത്തിന്റെ തെരുവുകളിലൂടെ നിമിഷങ്ങളെ കൈപിടിച്ചു നടക്കുന്നു. അത് ഇരുട്ടത്ത് രണ്ടുപേർ വെളിച്ചം തെറിപ്പിച്ചു നടക്കുന്നതുപോലെ. ഉറങ്ങാതെയിരുന്നു കനം കൂടിവരുന്ന രാത്രി. നിന്റെ ചതുരപ്പലകയിൽ തൂങ്ങിയാടുന്ന സമയസൂചി, പിറന്നപാടെ മുലപ്പാൽ തപ്പിപ്പിടിക്കുന്നതു പോൽ പുതു നിമിഷങ്ങൾ. അത് കൗതുകക്കണ്ണാലൂറ്റുന്ന മറ്റു പ്രാണികൾ- കമഴ്ത്തിവെച്ച കലംപോലെ ഉറങ്ങുന്ന ഒച്ചകൾ. ചുറ്റുവട്ടത്തിലെയിരുട്ടിൽ തിളങ്ങുന്നതു വരയല്ല കാത്തിരുന്നമർന്നവരുടെ വാരിയെല്ലുക ളാണ്. തളർന്നുറങ്ങിയ ഭാവങ്ങളാണ്. ക്ഷമയുടെ...
Your Subscription Supports Independent Journalism
View Plansമുതിർന്നവർ കുഞ്ഞുങ്ങളെ
കൈപിടിച്ചു നടക്കുന്നതു പോലെ
സമയം
കാലത്തിന്റെ തെരുവുകളിലൂടെ
നിമിഷങ്ങളെ
കൈപിടിച്ചു നടക്കുന്നു.
അത്
ഇരുട്ടത്ത് രണ്ടുപേർ
വെളിച്ചം
തെറിപ്പിച്ചു
നടക്കുന്നതുപോലെ.
ഉറങ്ങാതെയിരുന്നു
കനം കൂടിവരുന്ന രാത്രി.
നിന്റെ ചതുരപ്പലകയിൽ
തൂങ്ങിയാടുന്ന സമയസൂചി,
പിറന്നപാടെ
മുലപ്പാൽ തപ്പിപ്പിടിക്കുന്നതു
പോൽ പുതു നിമിഷങ്ങൾ.
അത്
കൗതുകക്കണ്ണാലൂറ്റുന്ന
മറ്റു പ്രാണികൾ-
കമഴ്ത്തിവെച്ച കലംപോലെ
ഉറങ്ങുന്ന ഒച്ചകൾ.
ചുറ്റുവട്ടത്തിലെയിരുട്ടിൽ
തിളങ്ങുന്നതു വരയല്ല
കാത്തിരുന്നമർന്നവരുടെ
വാരിയെല്ലുക
ളാണ്.
തളർന്നുറങ്ങിയ
ഭാവങ്ങളാണ്.
ക്ഷമയുടെ നേരുകളാണ്.
സൂചിമുനയുടെ എടുത്തുചാട്ടമെന്നു-
തോന്നിപ്പിക്കുന്നതു നിഷേധിക്കപ്പെട്ട
ഉള്ളിലെ
തിരയടങ്ങാത്ത നുരകളാണ്.
കാലം അതിന്റെ വസ്ത്രമായ
കളങ്കമഴിച്ചുമാറ്റുമ്പോൾ
മാസങ്ങളും
ദിവസങ്ങളും
കൊഴിഞ്ഞു വീഴുന്നതുപോലെ
കെടുതികളുടെ
പതനവും ആസന്നമാവുന്നു.
ചുമരിൽ
മുഴങ്ങിക്കൊണ്ടിരിക്കുന്നത്
കേവലമായ അലാറത്തിന്റെ
അസ്വാരസ്യങ്ങളല്ല അവ
നാം കേൾക്കാത്ത ഏതോ
റൂഹാങ്കിളികളുടെ പാട്ടുകളാണ്
അത്
സമയത്തിന്റെ വേവലാതിയില്ലാത്ത
മരിച്ചുപോയവരുടെ
ഇടവിട്ടുള്ള
ഉണർച്ച പോലെ.