Begin typing your search above and press return to search.
proflie-avatar
Login

ഏഴെട്ട് കവിതകൾ

ഏഴെട്ട് കവിതകൾ
cancel

പുലരി ഒരു തണുത്ത പകലിൽ ഒരു പക്ഷിയുടെ മേലുടുപ്പ് അതി​ന്റെ കൂവൽ കൊണ്ടഴിഞ്ഞു വീഴുന്നു. ആ ശബ്ദത്തിനും വെയിലിനും കനമില്ല, നമ്മുടെ രൂപങ്ങൾ കൊത്തിയ വീടി​ന്റെ കണ്ണുകൾ അതി​ന്റെ ഇളനീല കൺപോളകൾ അതിൽ തട്ടുന്ന നമ്മുടെ ശ്വാസം. കളിതിരിച്ചാ മറിച്ചാ തിരിച്ചാ മറിച്ചാ ഏതു കയ്യിൽ -ഇടങ്കയ്യിൽ *അപ്പോ ചന്ദ്രൻ, അതി​ന്റെ ഇരുട്ട് നിനക്ക് വെളിച്ചം എനിക്ക്. ദൈവങ്ങൾ അമ്മയുടെ തുടയിൽ ഒക്കത്ത് ഞാനിരുന്നതിൻ തയമ്പ്. അപ്പ​ന്റെ നെഞ്ചിനുള്ളിൽ മൂന്നു മക്കളുടെ അൾത്താര ഇതെ​ന്റെ രക്തം, ഇതെ​ന്റെ മാംസം നിങ്ങൾക്കായി എന്ന പിതാക്കൻമാരുടെ അടയാളവാക്യം. മുൾമുടിയും കുരിശുകളുമായി ഗാഗുൽത്ത കയറുന്ന അപ്പനും...

Your Subscription Supports Independent Journalism

View Plans

പുലരി

ഒരു തണുത്ത പകലിൽ

ഒരു പക്ഷിയുടെ മേലുടുപ്പ്

അതി​ന്റെ കൂവൽ കൊണ്ടഴിഞ്ഞു വീഴുന്നു.

ആ ശബ്ദത്തിനും വെയിലിനും കനമില്ല,

നമ്മുടെ രൂപങ്ങൾ കൊത്തിയ

വീടി​ന്റെ കണ്ണുകൾ

അതി​ന്റെ ഇളനീല കൺപോളകൾ

അതിൽ തട്ടുന്ന

നമ്മുടെ ശ്വാസം.

കളി

തിരിച്ചാ മറിച്ചാ തിരിച്ചാ മറിച്ചാ

ഏതു കയ്യിൽ

-ഇടങ്കയ്യിൽ

*അപ്പോ ചന്ദ്രൻ,

അതി​ന്റെ

ഇരുട്ട് നിനക്ക്

വെളിച്ചം എനിക്ക്.

ദൈവങ്ങൾ

അമ്മയുടെ തുടയിൽ ഒക്കത്ത്

ഞാനിരുന്നതിൻ തയമ്പ്.

അപ്പ​ന്റെ നെഞ്ചിനുള്ളിൽ

മൂന്നു മക്കളുടെ അൾത്താര

ഇതെ​ന്റെ രക്തം, ഇതെ​ന്റെ മാംസം

നിങ്ങൾക്കായി എന്ന

പിതാക്കൻമാരുടെ

അടയാളവാക്യം.

മുൾമുടിയും കുരിശുകളുമായി

ഗാഗുൽത്ത കയറുന്ന

അപ്പനും അമ്മയും

ജീവിതമിപ്പോൾ അവരെ

എത്രാമത്തെ ക്രിസ്തു എന്നത്

അതിന്റെ കണക്കുപുസ്തകത്തിൽ

കൂട്ടിച്ചേർക്കുന്നു.

ഒരു തുള്ളി

എ​ന്റെ വെള്ളരിപ്പൂക്കളിൽ

പാവയ്ക്കാപ്പൂക്കളിൽ

തക്കാളിപ്പൂക്കളിൽ

ചീരപ്പച്ചകളിൽ

മഞ്ഞുകാലത്തെ

മഴകൊണ്ടുമ്മവച്ചു

ആകാശം

ഒരു

മരുഭൂമിക്കുള്ളിൽ

ഒരുതുള്ളി നാടുകണ്ട്

അവയ്ക്കു നടുവിൽ

ഒരാളിരിക്കുന്നു.

മഞ്ഞ്

മഞ്ഞുകാലത്തി​ന്റെ മണം.

ഇലകളടരുന്നതിൻ നേർത്ത സ്വനം,

നീരുറവകളിൽ അതിൻ ചിത്രപ്പണികൾ

പുരാതന ക്ഷേത്രങ്ങൾക്കുമേൽ അതിൻ

അർച്ചന,

ഞാനതിനെയെല്ലാം

എന്നിലാവാഹിക്കുന്ന

ആൾരൂപം,

അതിന് തണുപ്പ്.

കടല്

കാറ്റി​ന്റെ നിഴൽ,

സൂര്യന്

ഉയർന്നും താഴ്ന്നും ഉലാത്തുമ്പോൾ

കടലി​ന്റെ മുഖം നിറയെ

കണ്ണുകളുള്ള തിരകൾ

അവയുടെ ഭാഷയില്

ഇനിയും എഴുതിത്തീരാത്ത

ലവണഭാഷയുടെ നിഘണ്ടു.

ഒരൂസം

ഒറ്റക്കാത് കുത്തി

മൂക്ക് കുത്തി

മാലയിട്ട്

അരഞ്ഞാണമിട്ട്

പാദസരമിട്ട്

മിഞ്ചിയിട്ട്

ഒരുണ്ണിയെ ഉറക്കാൻ കൊണ്ടോകുന്നു

വെയിൽ.

ചുമടുതാങ്ങി

ഒരു കനത്ത ചില്ലയെ താങ്ങുമ്പോലെ

അതിന്റെ കൂടും കുരുവികളെയും

കാറ്റിനെയും മുതുകിലേറ്റുമ്പോലെ

വളഞ്ഞാലും വീഴാതിരിക്കാൻ

ഒരു പുതുവേര് നീട്ടുമ്പോലെ

അതെ, ആ മനുഷ്യൻ

നീ തന്നെയാകുമ്പോലെ...

ഇതാ, അവനവനെയും ചുമന്നൊരു

ചുമടുതാങ്ങി!

News Summary - madhyamam weekly malayalam poem