Begin typing your search above and press return to search.
proflie-avatar
Login

ആവാഹനം -കവിത

ആവാഹനം -കവിത
cancel

ഞായറാഴ്ച പള്ളിയിൽ പോകാൻ മടിച്ച്,

പല്ലുവേദന നടിച്ചിരിക്കുന്ന കുട്ടികൾക്ക്

എളുപ്പമാണ്,

കവല കഴിഞ്ഞ്,

ഒറ്റപ്പെട്ടുനിൽക്കുന്ന കുരിശടിയുടെ വലത്ത്,

ഇടവഴി തിരിഞ്ഞ്,

ശവക്കോട്ടക്കുന്നിലേക്ക്

കൈക്കണ്ണാടി പിടിച്ചുകയറാൻ.

ആരും കാണാതെ.

ഇടക്കിടെ കാട്ടുപൂക്കൾ വിരിഞ്ഞ

നടകളുണ്ട്.

അവിടെ നെറ്റികൊണ്ട് ചുംബിക്കണം.

നടപ്പു തുടങ്ങിയാൽ നിൽക്കാൻ പാടില്ല.

തണുപ്പുകാലങ്ങളിൽ തീ കാഞ്ഞിരിക്കുമ്പോൾ

കേട്ട കഥകളാണെങ്കിലും

ഒരിക്കൽ ഉപകാരപ്പെടും.

വിറക്കുന്ന കാൽമുട്ടുകൾ താങ്ങിപ്പിടിച്ച്

തിടുക്കത്തിൽ കുന്നോടിക്കയറുന്നത്

കറുമ്പിയെ കാണാനാണ്.

തിരിച്ചിറങ്ങുമ്പോളറിയാം

''അയ്യേ ഇതെന്നാ മുടിയാ?

അയ്യേ ഇതെന്നാ പല്ലാ,

അയ്യേ ഇതെന്ത് കളറാ''ന്ന്

കളിയാക്കിയവർക്ക് വരുന്നത്.

അവരുടെ ചിരി കരച്ചിലാകും.

കറുമ്പിയാണിവിടുത്തെ

ആദ്യത്തെ പെണ്ണ്.

കറുമ്പിയുടെ മക്കളാണ്

ഇവിടുത്തെ മരങ്ങൾ.

തൊലിപ്പുറത്ത് ഉയർന്ന മറുകുകളാണ്

മലകൾ.

നെറ്റിയിലെ വിയർപ്പുതുള്ളികളാണ്

കിണറ്റുറവകൾ.

പിന്നീടു വന്നവർ

കറുമ്പിയുടെ കറുത്തുടൽ കണ്ട്

കറുമ്പിയെന്ന് വിളിച്ചു.

കൊന്നു.

ശവക്കോട്ടക്കുന്നിലെ,

ആദ്യത്തെ കുഴിമാടം.

ആ അസ്ഥികളിൽ ചവിട്ടിനിന്ന്,

കൈക്കണ്ണാടി പിടിച്ച്,

മക്കൾ വിളിച്ചാൽ

കറുമ്പി വരും.

മൂന്നാഗ്രഹങ്ങൾ സാധിപ്പിക്കും.

ചെരുപ്പിടാഞ്ഞ കാൽവെള്ളകളിൽ

അമർന്ന മണ്ണ്

നനയുന്നതറിഞ്ഞു.

കൈക്കണ്ണാടിയിൽ

കറുമ്പിയുടെ രൂപം കണ്ണുതുറന്നു.

നൂറ്റാണ്ടുകൾ കണ്ടുകണ്ട്

നരച്ച കൃഷ്ണമണികൾ

അലിവോടെ മകളെ നോക്കി.

അവർ പരസ്പരം നോക്കിനിന്നു.

Show More expand_more
News Summary - madhyamam weekly malayalam poem