സ്നാനം -കവിത
01
ഭിത്തിയിൽ
ബൾബു കൊഴിഞ്ഞു ബാക്കിയായ
വിളക്കു ഞെട്ടിയിൽ പെട്ടെന്ന്
ഒളിവു നോക്കിന്‍റെ
തക്കംപാർത്തൊരു മിന്നായം
കുളിമുറിയിൽ, കർമം പകുതിയിൽ
വാടകഫ്ലാറ്റിലെ
പുത്തൻ പൊറുതിയിൽ.
ആരും കാണില്ലെന്ന ഉറപ്പ്
നഗ്നരായവർക്കു മുകളിൽ
മറ്റൊരുടുപ്പാണ്...
അതിന്‍റെ മറവിൽ
മനുഷ്യനായിനിന്ന് കുളിച്ച ഒരുവൾ
അതഴിഞ്ഞു വീണ് ഞെട്ടി.
നിലത്തു കുന്തിച്ചിരുന്ന്
മുലയിൽ കൈ പിണച്ച്
പെട്ടെന്ന് പെണ്ണായി.
അമ്മയെക്കുറിച്ച് ഒരോർമയിൽ
സങ്കടം കനക്കുന്ന കല്ലായി.
02
തെങ്ങിൻ മണ്ടയിലെ
വിസ്താര നോട്ടത്തിൽ
അയൽപ്പറമ്പിലെ
മുകൾ മറയില്ലാത്ത കുളിപ്പുരയിൽ
ഒറ്റത്തോർത്തുടുത്ത
പെൺദേഹം കണ്ട്
വേലായുധൻ വേട്ടുവൻ
തളപ്പ് തിരിച്ച് കാലിലിട്ട്
താഴെ വന്നു.
എന്തേന്നു ചോദിച്ച
വീട്ടുകാരി മുതലാളിയോട്
''നമ്മടെ വീട്ടിലും പെണ്ണുങ്ങളില്യേ
അമ്രാളേ''ന്നു കാര്യം പറഞ്ഞ്
തെങ്ങിൻ പൊല്ല ചാഞ്ഞ്
ഒരു കാജാ ബീഡിയുടെ
നേരം കത്തിക്കാനിരുന്നു.
പുര മേയാനടുക്കിയ പടങ്ങിൽനിന്ന്
അഞ്ചാറോല വലിച്ച്
അടുത്ത തെങ്ങേറ്റത്തിനു മുമ്പ്
അമ്മ
നാണംകെട്ട ഒരു ചതുരമാകാശത്തെ
തന്നിൽനിന്ന്
നന്ദിയോടെ മറച്ചു.
03
നെഞ്ചിൽ ഭൂകമ്പമടങ്ങിയപ്പോൾ
മറ്റൊരാളെയോർത്തു...
കൂട്ടുകാണിക്കു മുമ്പിൽ
കഴുകിവെടുപ്പാക്കൽ ഒരു കലയാണ്.
ആണിനൊപ്പം ആദ്യമായ് കുളിച്ചന്ന്
പെട്ടിയിൽനിന്ന്
സോപ്പെടുക്കുന്നതുപോലും
അവളിൽ മായിക കൈമുദ്രയായി
കഴുത്തിൽ ഒടിയിടുക്കിൽ
ചളി വരകളിൽ
നഖമുനകൾ തൂവൽത്തുമ്പായി
കുലീന താളത്തിൽ തലോടി.
നടു വളഞ്ഞ് തല മുന്നിൽ താണ
നാടൻ പോസിലല്ലാതെ
മുഖമുയർത്തി നെറ്റിയിൽനിന്ന്
ഇരു കൈകളാൽ മുടി കോതി
പരസ്യപ്പടത്തിലെ ജലകന്യയായി..!
04
നോട്ടമല്ല
കാഴ്ചയുടെ പ്രാകൃതത്വമാണ്
ഒളിദർശനങ്ങളിലെ
യഥാർഥ വില്ലൻ?!
താനറിയാതെ ദേഹം പകർത്തപ്പെട്ട
ഒരാൾ, ഒരുവൾ
അപ്പോൾപ്പിറന്ന കുഞ്ഞിനെപ്പോലെ
പകുതിക്കുളിയുടെ
പതയും വഴുവഴുപ്പുമായി
നിലത്തിരുന്ന്
ആലോചിച്ചു കുഴഞ്ഞു
അതുവരെ ചെയ്ത ജന്തു ചലനങ്ങൾ
ഗുപ്ത ഭാഗങ്ങളിലെ
കൈയിന്‍റെ പരുക്കൻ വേഗങ്ങൾ
കൈക്കുഴിയിൽ നഖംകൊണ്ടുള്ള
മാന്തിയുരയ്ക്കലുകൾ...
തലക്കു മുകളിൽ ചുമർച്ചില്ലയിൽ
ചാഞ്ഞിരിക്കുന്ന കാമറക്കണ്ണനേ
എന്‍റെ നഗ്നതയെ നീ പൂഴ്ത്തിവെക്കുക.
കട്ടെടുത്ത വസ്ത്രംപോലെ
എന്‍റെ കുളിയെ തിരിച്ചുതന്നേക്കുക.
s
പിണച്ച കൈവിടർത്തി
പുഴയിൽനിന്നുപൊങ്ങുന്ന
ഗോപികയായി അവൾ
നിലം വിട്ടു നിവർന്നു നിന്നു
കാലുരച്ചു കഴിഞ്ഞെന്ന മട്ടിൽ
അതിസാധാരണ മുഖത്തിൽ
കഴുകിത്തുടർന്നു
ഒപ്പം കുളിക്കുന്നൊരാൾക്കെന്നപോലെ
നടനതാളത്തിൽ, അലസവേഗത്തിൽ
കണ്ണാൽ കാണാൻ വയ്യാത്ത
നാണംകെട്ടോരു കാമറക്കണ്ണനേ
നീ കട്ടെടുത്ത
പഴയ പ്രാന്തൻ കുളിക്കു മുകളിൽ
അവൾ ജലശുദ്ധി ചെയ്യുന്നു..!
ചലനങ്ങളുടെ ചന്തംകൊണ്ട്
ശൗചത്തിന്‍റെ നഗ്നതയിൽ
ഒരു ചേല ചുറ്റി വിടരുന്നു.
ജ്ഞാനമാർന്നുള്ള സ്നാനം തീരുന്നു.
മുങ്ങി നിവർന്ന പക്ഷി
ചിറകു കുടയുംപോലെ
മൂലയിൽ ചാരിവെച്ച പൈപ്പു തണ്ട്
അവൾ കൈയാലെ
ചുവർപ്പൊത്തിൽ പതുങ്ങി നോക്കുന്ന
കാമറപ്പത്തിയിൽ
തല ചതയുംവരെ
ആഞ്ഞാഞ്ഞു വീഴുന്നു.
ആകാശത്തിന്‍റെ മണ്ടയിൽ
തളപ്പിട്ടിരിക്കുന്ന
കറുത്ത് അതിസുന്ദരമായ
ഒരാത്മാവ്
താഴെ
മറച്ചിട്ടും മാനം ചോർത്തുന്ന മേൽക്കൂരകളിലേക്ക്
നെടുവീർപ്പിട്ട് കാറിത്തുപ്പുന്നു.