കാവൽ മരം
എന്നെയും കാത്തുനിൽക്കുന്നൂ ദൂരെയെവിടെയോ ഒരു മരം ചുറ്റും വരണ്ട വെളിനിലം വീഴുമിലകളിലാകെ എന്റെ ഞരമ്പുകൾ അത് കൊള്ളയടിച്ചോടും കൊടുങ്കാറ്റ് തൂക്കണാം കുരുവിക്കൂടുകൾപോലെ തൂക്കുകയറുകളാടുന്ന ചില്ലകൾ... ഒരു ഗോത്രമെന്നെ കാത്തുനിൽക്കുന്നു എന്നു ഞാനുള്ളിൽ കരുതിനടക്കുന്നു ഉള്ളിൽ ഒരു കുരുതിനടക്കുന്നു മരപ്പൊത്തുകളിൽ തിങ്ങിത്തെറിവിളിക്കുന്ന ചിറകുള്ള മുത്തന്മാർ പാത...
Your Subscription Supports Independent Journalism
View Plansഎന്നെയും കാത്തുനിൽക്കുന്നൂ
ദൂരെയെവിടെയോ ഒരു മരം
ചുറ്റും വരണ്ട വെളിനിലം
വീഴുമിലകളിലാകെ എന്റെ ഞരമ്പുകൾ
അത് കൊള്ളയടിച്ചോടും കൊടുങ്കാറ്റ്
തൂക്കണാം കുരുവിക്കൂടുകൾപോലെ
തൂക്കുകയറുകളാടുന്ന ചില്ലകൾ...
ഒരു ഗോത്രമെന്നെ കാത്തുനിൽക്കുന്നു
എന്നു ഞാനുള്ളിൽ കരുതിനടക്കുന്നു
ഉള്ളിൽ ഒരു കുരുതിനടക്കുന്നു
മരപ്പൊത്തുകളിൽ തിങ്ങിത്തെറിവിളിക്കുന്ന
ചിറകുള്ള മുത്തന്മാർ
പാത ഊതിത്തെളിച്ചിടുന്നു
നടക്കണം...പറക്കണം...
തലയിലൊരിലക്കിരീടം വേണം...
ഇവിടെയെനിക്കാരുമില്ല
ഈ കാലത്തിന്റെ അളുക്കിൽ
എന്നെയടച്ചിട്ടതാണ്
പോകട്ടെ...
വടക്കോ തെക്കോ ദിക്കറിയില്ല
താഴെയോ മേലെയോ
എന്റെ നിഴലാടുന്നതെന്നറിയില്ല
നിനവിൽ ഞാനാ വേപ്പുമരത്തിന്റെ
കാതലോളം കെട്ടിപ്പിടിക്കുന്നു
അതിന്റെ കടുംവേരിടുക്കിൽ
ഞാനൊരു തേവരാകുന്നു.
തേവർക്ക്,
ഇളനീരുമിലഞ്ഞിപ്പൂവും
പൊട്ടിയ തലകളും
കന്നിക്കാമുകരുടെ കണ്ണുപോൽ കത്തും
കല്ലുവിളക്കും...