Begin typing your search above and press return to search.
proflie-avatar
Login

വീട്

വീട്
cancel

ഒരു മനുഷ്യൻ മരിച്ചുപോകുമ്പോൾ അയാളുടെ വീടിന് എന്താണ് സംഭവിക്കുന്നത്? കൂടെ വീടും മരിച്ചുപോകുമോ? അതോ തീരാനോവിന്റെ പടിക്കെട്ടുകളിറങ്ങി നിശ്ശബ്ദമായ ധ്യാനത്തിലേക്ക് ഈറൻ മുങ്ങിനിവരുമോ? ഉദാഹരണത്തിന് പടിഞ്ഞാറേ കുന്നിന്മേൽ കുടിൽകെട്ടി ഒറ്റക്ക് പാർത്തിരുന്ന അറവുകാരൻ കുഞ്ഞേട്ടൻ മരിച്ചപ്പോൾ അയാളുടെ വീടിന് എന്തുപറ്റി? പിറ്റേന്ന് വെളുപ്പാൻകാലം നാലുനാലര മണി വിശാലമായ നടുമുറ്റത്തെ വിളറിയ നിലാവെട്ടത്തിലേക്ക് കുഞ്ഞേട്ടന്റെ കുടിലു പിന്നെ മലർക്കെ തുറന്നുകാണില്ല... വലതുവശത്തെ ആലയുടെ ചാണകംപുരണ്ട തറയിൽക്കിടന്ന് തലേന്നത്തെ ശുഷ്കിച്ച രാത്രി പെരുമ്പാമ്പ് പോലത്തെ കഴുത്തിലെ...

Your Subscription Supports Independent Journalism

View Plans

ഒരു മനുഷ്യൻ

മരിച്ചുപോകുമ്പോൾ

അയാളുടെ വീടിന്

എന്താണ് സംഭവിക്കുന്നത്?

കൂടെ വീടും മരിച്ചുപോകുമോ?

അതോ

തീരാനോവിന്റെ പടിക്കെട്ടുകളിറങ്ങി

നിശ്ശബ്ദമായ ധ്യാനത്തിലേക്ക്

ഈറൻ മുങ്ങിനിവരുമോ?

ഉദാഹരണത്തിന്

പടിഞ്ഞാറേ കുന്നിന്മേൽ കുടിൽകെട്ടി

ഒറ്റക്ക് പാർത്തിരുന്ന

അറവുകാരൻ കുഞ്ഞേട്ടൻ മരിച്ചപ്പോൾ

അയാളുടെ വീടിന് എന്തുപറ്റി?

പിറ്റേന്ന് വെളുപ്പാൻകാലം

നാലുനാലര മണി

വിശാലമായ നടുമുറ്റത്തെ

വിളറിയ നിലാവെട്ടത്തിലേക്ക്

കുഞ്ഞേട്ടന്റെ കുടിലു പിന്നെ

മലർക്കെ തുറന്നുകാണില്ല...

വലതുവശത്തെ ആലയുടെ

ചാണകംപുരണ്ട തറയിൽക്കിടന്ന്

തലേന്നത്തെ ശുഷ്കിച്ച രാത്രി

പെരുമ്പാമ്പ് പോലത്തെ കഴുത്തിലെ കയറിന്റെ

കെട്ടഴിച്ചോടാൻ കിണഞ്ഞ്

ക്ഷീണിച്ച് തോറ്റ വയസ്സൻ പോത്ത്

അവസാന പ്രഭാതമെ-

ന്നവശേഷിച്ച തൊള്ളയിൽ

ഒരിക്കൽക്കൂടെ

വേദന വാർന്ന്

മുക്രയിട്ടു കാണില്ല...

കോഴി കൂവിയിട്ടും

വാതിലു തുറക്കാതെ വന്നപ്പം

ചാവാൻ പോവുന്നതിന്റെ പടിക്കൽവെച്ച്

ഒരു ദിവസംകൂടെ നീട്ടിക്കിട്ടിയെന്ന്

അയാടെ നാൽക്കാലികളും,

സ്വാതന്ത്ര്യം കൈവന്നെന്ന്

പിന്നെ വീടും

ആവേശത്തോടെ

ഏറ്റുപിടിച്ചുകാണണം.

എന്നിട്ട്

മൂന്നാം നാളും കുഞ്ഞേട്ടൻ

ഉയിർത്തെഴുന്നേൽക്കാതെ വന്നപ്പം

എണ്ണം തികച്ച്

തൊഴുത്തിലെ കാലികൾക്കും

വളപ്പിലെ കുരുമുളക് വള്ളി ചാരിയ

ഉശിരൻ മുളയേണിക്കും

വണ്ണാൻ വല കെട്ടിത്തുടങ്ങിയ

അടുക്കളക്കോണിലെ

ചട്ടിക്കും കലത്തിനും

കുളിമുറിയിൽ ആറിയിട്ട

അടിയിൽ തുള വീണ

വാ പൊളിച്ച വയലറ്റ് ഷഡ്ഡിക്കുംവരെ

'ശഠേ'ന്ന്

ഉടമസ്ഥരുണ്ടായിക്കാണണം!

വീട് പതിയെ കാടെടുക്കുമ്പം

മൺകട്ടകൾക്കുള്ളിലെ വലിയ മാളങ്ങളിലേക്ക്

വലിച്ചു കെട്ടിയ അയകളിലേക്ക്

കുഞ്ഞേട്ടന്റെ വിറകുപുരയുടെ

ചാരുകസാരയുടെ

മരക്കട്ടിലിന്റെയും

നാൽക്കാലുകളിലേക്ക്

ചിതലും എലിയും എട്ടുകാലിയും മൂർഖൻപാമ്പും

ഒട്ടും വൈകാതെ

ഉടമസ്ഥപ്പെട്ടുകാണണം...

വേലി കെട്ടി ദൂരെ വെച്ച

വെറുപ്പുകൂട്ടങ്ങളെ

വീട് പിന്നെ പോറ്റിവളർത്തുന്ന നോക്കി

വിരലനക്കംപോലുമില്ലാതെ

കുഞ്ഞേട്ടൻ

നടുമുറ്റത്തെ നനഞ്ഞ മണ്ണിൽ

അനാഥനായി

മലർന്ന് കിടക്കുന്നു...

ഒരാൾ മരിച്ചുപോകുമ്പോൾ

വീട്

കൂടെ മരിക്കുകയോ

നിത്യമായ തപസ്സിലേക്ക്

ആഴ്ന്നുപോവുകയോ അല്ല,

മറിച്ച്

കാലമത്രയുമുള്ള അയാളുടെ ശത്രുക്കളെ

ഊഷ്മളമായ സ്നേഹത്തോടെ

വരവേറ്റുതുടങ്ങുകയാണ്

വീട് പതിയെ

നിറം മാറുകയാണ്

നോക്കൂ,

കുടികിടക്കാനെത്തിയ ഓന്തിനെപ്പോലെ...

എനിക്കുറപ്പാണ്,

ജീവിച്ചിരുന്ന കാലമത്രയും

അയാളിത് ചിന്തിച്ചിരിക്കാനിടയില്ല

അല്ലെങ്കിൽ,

എത്ര സ്നേഹത്തോടെയാണ്

അടിച്ചും തുടച്ചും പൊടിതട്ടിയും

ഇടക്കൊക്കെ

കുന്തിരിക്കം കത്തിച്ചും

അയാളാ വീടിനെ

അത്രനാളും സ്നേഹിച്ചിരുന്നത്!

കുഞ്ഞേട്ടൻ

അറിയാതെപോയതെന്തെന്നാൽ

അയാൾ വീടിന്റെയല്ല,

വീട് അയാളുടെ

ഉടമസ്ഥനായിരുന്നു!

News Summary - madhyamam weekly malayalam poem