ജലമായ്... അഗ്നിയായ്
അടുപ്പിൻതളത്തിൽ താളമിടുമീ ചൂട് അനന്താഗ്നിയുടെ കണിക പകുത്ത് ഞാനേകുമളവ്. തിള വേണമോ, തീരെ നേർമയിൽ വഴന്നു മയങ്ങണോ നിശ്ചയമേതുമെന്നിൽനിന്ന്. അഗ്നിരാശികൾ നേദിച്ചു കൽപിച്ച സൗരതാപത്തിനുമുണ്ടൊരളവ്. എത്ര പടി കയറണം, എത്രത്തോളം ഭൂമിയിലേക്കെറിയണം, എത്ര നേരമെറിയണം- ഒക്കെയുമഗ്നിരാശിയുടെ നിശ്ചയം. * * * ഞാൻ നട്ട വല്ലികൾ നിലം പുണർന്ന് പടർന്നും കയറിയും പ്രാണന്റെയാഘോഷം മുഴക്കുമ്പോൾ എത്ര...
Your Subscription Supports Independent Journalism
View Plansഅടുപ്പിൻതളത്തിൽ
താളമിടുമീ ചൂട്
അനന്താഗ്നിയുടെ കണിക പകുത്ത്
ഞാനേകുമളവ്.
തിള വേണമോ, തീരെ നേർമയിൽ
വഴന്നു മയങ്ങണോ
നിശ്ചയമേതുമെന്നിൽനിന്ന്.
അഗ്നിരാശികൾ നേദിച്ചു കൽപിച്ച
സൗരതാപത്തിനുമുണ്ടൊരളവ്.
എത്ര പടി കയറണം,
എത്രത്തോളം ഭൂമിയിലേക്കെറിയണം,
എത്ര നേരമെറിയണം-
ഒക്കെയുമഗ്നിരാശിയുടെ നിശ്ചയം.
* * *
ഞാൻ നട്ട വല്ലികൾ നിലം പുണർന്ന്
പടർന്നും കയറിയും
പ്രാണന്റെയാഘോഷം മുഴക്കുമ്പോൾ
എത്ര നനയ്ക്കണം
എത്ര കുമ്പിളർച്ചിക്കണം-
നിശ്ചയമേതുമെന്നിൽനിന്ന്.
വാനപ്പടുത കീറിപ്പൊളിയുന്നു
ഉരുവമിട്ടൊലിക്കുന്നു ജലഘോഷധാര.
നിശ്ചയമിതാരുടേത്-
ഉറയലൊഴിഞ്ഞ മഞ്ഞിനാലോ
തിളകൊണ്ട കടലിനാലോ
അളവറ്റൊരളവിനെ കുതിപ്പിക്കുന്നു
ജലരാശികൾ?
* * *
വിങ്ങും മേഘഘനങ്ങളെ
നെഞ്ചിൽനിന്നു ഞാനകറ്റുമ്പോൾ
ദിശതെറ്റി വന്നെന്ന നാട്യത്തി-
ലവ വിട്ടൊഴിയുന്നു;
ഇരുള് പാറിയൊരൊഴിവു നോക്കി
നീലിമ നെഞ്ചിൽ, മെല്ലെ.
വായുരാശികൾ
മറ്റൊരളവിലാടുന്നു കേളി.
ഇടംതല, വലംതല, കൊട്ടിയാടി
മേഘവേഗങ്ങൾക്കു ചാലുകീറുന്നു
തെക്കും വടക്കും ചേർത്തു കെട്ടി
കിഴക്കോട്ടെറിയുന്നു
പടിഞ്ഞാട്ടെറിയുന്നു-
ഏറിൻ തോന്ന്യാസമോ
വീതം വയ്പോ!
* * *
മണ്ണിൽ നിയോഗിക്കപ്പെട്ടൊരുടലിനോട്
കാര്യമെല്ലാം നേരേ ചൊല്ലിയപ്പോൾ
പരിഭവം വെടിഞ്ഞ്
വഴങ്ങി വരുന്നുണ്ട്-
ഒരു കഴഞ്ച് വൈദ്യം അളന്നു നൽകേ
ശമനതാളം പൂകുന്നുണ്ട്.
ജൈവങ്ങൾക്കു മുളനൽകി-
യജൈവങ്ങൾക്കുമുടൽ നൽകിയും
നിലം വിണ്ട വരകളുടെ
വരൾത്തൊണ്ടയെ തുണച്ചും
രാശിചക്ര വ്യാപ്തിയിൽ
വാഴുന്നു മൺരാശികളും.
* * *
*ആകാശമേ, ആദിപ്പിറയേ,
നിന്നിലല്ലോ കുടിയിരിപ്പുകളിവ സർവവും!