രണ്ട് കവിതകൾ
1. തുടൽചവറു കത്തിക്കാനായി വെട്ടിയ കുഴിയിൽ കണ്ടു, പണ്ട് തുടലോടെ താഴ്ത്തിയ പട്ടിയുടെ എല്ലിൻകൂട്. തുരുമ്പിച്ചെങ്കിലും കഴുത്തെല്ലിലെ പിടുത്തം വിട്ടിട്ടില്ല തുടൽ. മിടുക്കൻ പട്ടിയായ്നിന്നു വാലാട്ടിയ കഥകൾ കുരച്ചു കാവൽനിന്ന രാത്രികൾ ഉണ്ടചോറിന്റെ നന്ദികൾ പണിക്കാരോട് ഓർത്തു പങ്കുവെക്കുന്നച്ഛൻ. എന്നാലും എന്തിനാണന്ന് തുടലോടെ താഴ്ത്തിയതെന്ന് എത്ര ചിന്തിച്ചിട്ടും അച്ഛനു കിട്ടുന്നില്ല നിനക്കോർമയുണ്ടോയെന്നച്ഛൻ ''ഇെല്ലന്ന്'' അമ്മ താലിച്ചരടിൽ പിടിച്ച് തലയാട്ടി. പിറ്റേന്ന് ആക്രിക്കാരൻ കൊണ്ടുപോയ് തുടലിനെ. കത്തും ചവർക്കൂനപ്പുകയിൽ നിശ്ശബ്ദം കുര...
Your Subscription Supports Independent Journalism
View Plans1. തുടൽ
ചവറു കത്തിക്കാനായി
വെട്ടിയ കുഴിയിൽ കണ്ടു,
പണ്ട് തുടലോടെ
താഴ്ത്തിയ പട്ടിയുടെ എല്ലിൻകൂട്.
തുരുമ്പിച്ചെങ്കിലും
കഴുത്തെല്ലിലെ പിടുത്തം
വിട്ടിട്ടില്ല തുടൽ.
മിടുക്കൻ പട്ടിയായ്നിന്നു
വാലാട്ടിയ കഥകൾ
കുരച്ചു കാവൽനിന്ന രാത്രികൾ
ഉണ്ടചോറിന്റെ നന്ദികൾ
പണിക്കാരോട്
ഓർത്തു പങ്കുവെക്കുന്നച്ഛൻ.
എന്നാലും എന്തിനാണന്ന്
തുടലോടെ താഴ്ത്തിയതെന്ന്
എത്ര ചിന്തിച്ചിട്ടും അച്ഛനു കിട്ടുന്നില്ല
നിനക്കോർമയുണ്ടോയെന്നച്ഛൻ
''ഇെല്ലന്ന്'' അമ്മ താലിച്ചരടിൽ പിടിച്ച്
തലയാട്ടി.
പിറ്റേന്ന് ആക്രിക്കാരൻ
കൊണ്ടുപോയ്
തുടലിനെ.
കത്തും ചവർക്കൂനപ്പുകയിൽ
നിശ്ശബ്ദം കുര കേട്ടുകൊണ്ടച്ഛൻ
ചാരുകസേരയിലിരിക്കുന്നു.
2. ഓട്ടോറിക്ഷ
പൊലീസ് സ്റ്റേഷന്റെ
പിന്നിലെ പറമ്പിൽ
ഏഴെട്ടു മാസമായി
നിശ്ചലമായി
കിടക്കുകയായിരുന്നു
ഓട്ടോറിക്ഷ.
ഒരുദിവസം
കിക്കറിലേക്ക് ചാഞ്ഞുകയറിയ
ഒരു വള്ളിച്ചെടി
ഗിയറിൽ പൂവിടർത്തി.
പാമ്പിനെപ്പേടിച്ച്
ഓടിവന്ന ഒരു എലി
ചാടിക്കയറി
വേഗം വേഗമെന്ന്
ധൃതികൂട്ടി.
കൂടുകെട്ടാൻ
ദൂരദിക്കിൽനിന്നുവന്ന
പരുന്ത്
മീറ്ററിലേക്ക് നോക്കി
ചുള്ളിയുള്ള മരത്തിലേക്ക്
വിടാൻ പറഞ്ഞു.
ആരുടെയൊെക്കയോ
കണ്ണുവെട്ടിച്ചുവന്ന
രണ്ട് മൈനകൾ
പിൻസീറ്റിൽ
ചേർന്നിരുന്നിരുന്ന്
തഞ്ചത്തിൽ ഉമ്മവെച്ചു.
മീനും ചുമന്നുവന്ന
ഒരു കാക്ക
ചന്ത തുടങ്ങാറായീന്ന്
വേവലാതിപ്പെട്ടു.
മുറിവേറ്റ ഒരണ്ണാറക്കണ്ണനും
ശവം പേറിവന്ന ഉറുമ്പുകളും
വല വീശാൻ പോകുന്ന
ചിലന്തികളും
ഓട്ടോയിൽ കയറുകയും
ഇറങ്ങുകയുംചെയ്തു.
മരണത്തിന്റെ
തുരുമ്പുകളെ
വകവെക്കാതെ
ഓട്ടോ പിന്നെയും
ഓടാൻ തുടങ്ങി.
വള്ളിപ്പടർപ്പുകളെ വകഞ്ഞ്
സിഗരറ്റു വലിക്കാൻ
വരാറുള്ള പൊലീസുകാർ മാത്രം
അതു കണ്ടതേയില്ല..!