തൂപ്പുകാർ
എന്റെ സൂര്യനേ... നീളെ, നീലയാം ചീളുകൾ പാകി നീറിനീറി ആകാശമാടിയിരിക്കും കനൽക്കൂട്ടിലെ നിർവൃതാ... കണ്ടോയിനി, രാവിൻ പൂന്തരി, കരിപ്പൊടി പാറി ഇക്കരയുടെ പരൽമീൻ തുടി കണ്ണുകളടയും, ഇടതൂർന്നൊരു പച്ചപ്പീലിയിരുണ്ടുമയങ്ങും. എവിടെൻ മണ്ണിലെ ആഴത്താഴ്വര എന്നു കരഞ്ഞു പരതി, മേലെ ഗംഗാച്ചരുവിൽ ചെറുതാരാ കന്നികൾ പൊടിയുന്നു. കടലിന്നാവികുടിച്ചനുരാഗിണി മേഘം കുറുക്കി മെടഞ്ഞ കറുമുടിയടിയിൽ കൺനീരതുപോലെ കിനിയും എണ്ണ പുരണ്ടു ചുരുണ്ടൊരു പൊൻ...
Your Subscription Supports Independent Journalism
View Plansഎന്റെ സൂര്യനേ...
നീളെ, നീലയാം ചീളുകൾ പാകി
നീറിനീറി ആകാശമാടിയിരിക്കും
കനൽക്കൂട്ടിലെ നിർവൃതാ...
കണ്ടോയിനി,
രാവിൻ പൂന്തരി, കരിപ്പൊടി പാറി
ഇക്കരയുടെ പരൽമീൻ തുടി കണ്ണുകളടയും,
ഇടതൂർന്നൊരു പച്ചപ്പീലിയിരുണ്ടുമയങ്ങും.
എവിടെൻ മണ്ണിലെ ആഴത്താഴ്വര എന്നു കരഞ്ഞു
പരതി, മേലെ ഗംഗാച്ചരുവിൽ ചെറുതാരാ കന്നികൾ
പൊടിയുന്നു.
കടലിന്നാവികുടിച്ചനുരാഗിണി മേഘം
കുറുക്കി മെടഞ്ഞ കറുമുടിയടിയിൽ
കൺനീരതുപോലെ കിനിയും
എണ്ണ പുരണ്ടു ചുരുണ്ടൊരു പൊൻ തിരിയേറ്റി
കിഴക്കൻ കണിമലകൂട്ടു
മടുപ്പിലെ,
രാച്ചുള്ളികളാളി നിറഞ്ഞ
കരി- വെണ്ണീർപ്പൊടി കോരി
നീർകൂമ്പു ചുരുണ്ടൊരു പടുമേഘച്ചോട്ടിലെറിഞ്ഞും
എന്നും എന്റെ സൂര്യനേ...
കന്നിവെട്ടം തൊട്ടു മുഴുക്കു മപാരതേ...
പതിവിൻ മുഷിവായ്,
ചുഴി തിങ്ങും, ആഴമറവിൻ
മടുപ്പായ് തളരും
അനന്തകടലിലെ അന്തിയിൽ
മണ്ണിന്നാവികുരുങ്ങും
കതിർചൂൽമുനയമർത്തിയുരച്ചു നീ നെറുകിൽ
നീർക്കിഴി െവക്കവേ
സന്ധ്യാചുംബന രേണു പുരണ്ടും
നിറകുളിരേറും മഞ്ഞല മീതെ
ആർദ്രത്തെളിനീരിഴ ചുറ്റിയും
താരാ-തുമ്പച്ചോറുകുമിയും
ഇരുളിൻ പെരുചെമ്പിൻ ചോടുകൾ
മെയ്നാരുകൾ കീറി വെടുപ്പായ് / മോറിക്കുഴയുന്നു,
വാനിൽ തെളിശുദ്ധക്കാരി
തണുവവൾ
ശീതളരൂപിണി
അതി മൃദുലാംഗന ചന്ദ്രിക...
മൺകുളിരേ... എൻ മഴയേ...
നിൻ മേഘപ്പുൽചൂലും കുത്തി
ഈ വേനൽ ചൂടു പായൽ വഴികൾ
ധൃതിയിൽ തൂക്കാമോ?
ഇലയിൽ പൊടിമണ്ണിൻ
പുകയറ ഞെട്ടു വിയർപ്പാൽ
വഴി നീളെ നിറയാട മുഷിഞ്ഞു ചുരണ്ടനവധി പൂവുകൾ.
നീ കുളിരിൻ കുമിളകൾ പാറ്റും
ഈറൻ നൃത്തക്കാരി
മുദ്രകൾ അഴുക്കിൽ ചീൾ മുന നുള്ളും
തുള്ളിക്കതിരുകൾ...
അവ പാഞ്ഞു കിതച്ചും
ഓടിനടന്നും
കൽ വേനൽപ്പൊടി കവിയെപ്പുരളും
ചെം വാക ചില്ലയെ കഴുകി നടക്കും.
പുഴയോ
ധൃതശുദ്ധക്കാരി-
ഓളപ്പൂമിഴിയഴകാൾ
കളതാളം മുട്ടി
ഞൊറിച്ചൂലുവിരിച്ചും,
തൂത്തു തുടച്ചും:
ഇവളങ്ങൊഴുകും വഴിയെ
സൂര്യത്തീയിഴ ഉയിരിൽ വാങ്ങും,
മുങ്ങിയമർന്നു മുഷിഞ്ഞു തണുക്കെ,
അവളുടെ നെഞ്ചിൽ തുള്ളും പ്രാണപ്പരലുകൾ
ആച്ചൂടിൽ വെയിൽ വള്ളിയിലാടും...
അതു കണ്ടിട്ടോ മോഹം പൂക്കും
നിരയാറ്റു വഞ്ചികൾ
കൈതകൾ
ഓളത്തിൻ തണുവിഴകൾ കീറി
കാൽകണകളിലീറൻ കൊലുസ്സുകൾ തൂക്കും.
കാടൻ വേനൽ കലങ്ങീ
പിന്നവളുടെ തെളിമകൾ വറ്റും,
അടിച്ചെളിയേറി മേനി വെടുപ്പുകളഴിയും
മലമുടികോതി പെരുമഴ യുറയും
അതിലോളച്ചൂലവൾ നീർത്തുന്നു
ഉള്ളമടിച്ചു തളിയ്ക്കുന്നു...
ഓമനമേനി തഴയ്ക്കുന്നു...
എന്നലധ്യാനപ്പെണ്ണേ കടലേ...
കഴിയുന്നില്ലേ
നിന്നോളച്ചമയ പൂരങ്ങൾ?
നീറും ഉപ്പിന്നുറ നീട്ടിയെറിഞ്ഞും
കരനെഞ്ചെത്തിയുഴിഞ്ഞാർത്തു വിളിച്ചും
നീ നിരവൃത്തികൾ കൂട്ടെ...
നിന്നാഴപ്പവിഴകൂട്ടിൽ
സർഗോർന്മത്തം
നീർപൂവുകൾ കുമിയും തൽപ്പത്തിൽ
തമ്മിൽ ഗാഢം ഉമ്മകൾ;
പിണയുന്നു ജല പ്രാണനാദങ്ങളഴകിൽ.
കയമിറങ്ങും കരതൻ മണൽക്കിഴിയൂറി
പവിഴ മീനങ്ങളാർപ്പായ് പിണറുന്നു...
കൊതിയാണല്ലോ അലകാടേ...
നിൻചില്ലക്കാറ്റിലൊതുങ്ങാ
മുറ്റു മധുവിൻ ഗന്ധം
അണപൊട്ടിയഴിഞ്ഞു കിതയ്ക്കേ...
നിൻ മറമണ്ണെന്നിൽ
നനമണമായ് ഈർപ്പം ചുറ്റേ...
രാവും പകലും പാഞ്ഞു വിയർത്തും
നിൻ കുഞ്ഞരുവികളിങ്ങനെ?
വൻ തെളിയായിട്ടെങ്ങനെ?
കുഞ്ഞില നെഞ്ചിൽ മഴയുടെ മുത്തം,
നിൻ പച്ച പിഴിഞ്ഞു തുടുക്കും നേരം
മുകളിൽ മാനവെടുപ്പിൽ
ആനന്ദം: ഉയർന്നാ പച്ചകളാടുന്നല്ലോ..!
വർഷത്തിൻ ജട പടരും വനിയിൽ
വെയിലിൻ ചെറു ചീർപ്പുകളാഴും.
നന പൂവിൻ കൂന്തൽ പതിയെ ചീകും...
മുകിലിൻ നീറ്റം വിങ്ങും മിഴികൾ
തോർത്തിയൊരുക്കി മുരൾ വണ്ടിനെ നോക്കി
മലരുകൾ... മലർക്കാടുകൾ
ചേലുകൾ നീർത്തും...
പെണ്ണേ...
നീർചൂലാലിതു പോൽ നീയും പോരൂ
അകായി; പടിപ്പുരകളിറങ്ങൂ
മുറ്റമതിരുകൾ കടക്കൂ...
പച്ചച്ചേലയുയർത്തിക്കുത്തി
കുനിയേ... പിടഞ്ഞും
നീയി മണ്ണിൻ ആദിയലമ്പുകൾ തൂക്കേ...
നിവരേ... വാനിൻ കന മാറാലകൾ നീക്കേ...
നീയൊരു കവിത
പെണ്ണേ... മണ്ണടരുകൾ മൃദുവായ് മീട്ടും കവിത...