കശ്മീർ കവിതകൾ
01. ബാൽ ഷരീഫ് ഇത്രയും വലിയ ദർഗയിൽ വന്നിട്ടെന്തേ പത്തുരൂപ തരാതെ പോകുന്നു? കൈക്കുഞ്ഞുമായ് തടഞ്ഞവൾ കൈനീട്ടി ചോദിക്കുന്നു ഇവിടെ വരെ വന്നിട്ടെന്തേ നൂറ്റമ്പതു രൂപ കൈമടക്കു കൊടുക്കാതെ നബിയുടെ മുടി കാണാതെ പോകുന്നു? അനുഗ്രഹിക്കാനുയർന്ന കൈകളിൽ വിരലുകൾ പിറുപിറുത്തു. ഇത്രയേറെ പരവതാനി വിരിച്ചിട്ടുമെന്തേ നീ നിസ്കരിക്കാതെ ഇറങ്ങുന്നു? തട്ടുതട്ടായടുക്കിയ വർണച്ചട്ടകളിട്ട മുസ്ഹഫുകളും ആരായുന്നു. കൈ...
Your Subscription Supports Independent Journalism
View Plans01. ബാൽ ഷരീഫ്
ഇത്രയും വലിയ ദർഗയിൽ
വന്നിട്ടെന്തേ
പത്തുരൂപ തരാതെ
പോകുന്നു?
കൈക്കുഞ്ഞുമായ്
തടഞ്ഞവൾ
കൈനീട്ടി ചോദിക്കുന്നു
ഇവിടെ വരെ വന്നിട്ടെന്തേ
നൂറ്റമ്പതു രൂപ
കൈമടക്കു കൊടുക്കാതെ
നബിയുടെ മുടി
കാണാതെ പോകുന്നു?
അനുഗ്രഹിക്കാനുയർന്ന
കൈകളിൽ വിരലുകൾ
പിറുപിറുത്തു.
ഇത്രയേറെ പരവതാനി
വിരിച്ചിട്ടുമെന്തേ നീ
നിസ്കരിക്കാതെ
ഇറങ്ങുന്നു?
തട്ടുതട്ടായടുക്കിയ
വർണച്ചട്ടകളിട്ട
മുസ്ഹഫുകളും
ആരായുന്നു.
കൈ വീശുമ്പോൾ
ചിറകടിക്കുമൊരായിരം
പറവകൾക്കിടയിൽനിന്നും
പള്ളിമുറ്റത്തുനിന്നും
ഒരു പടമെടുപ്പിച്ചവൾ.
02.
കുങ്കുമപ്പൂവ്
സുവർണത്തടാകത്തിൽ
കശ്മീരിത്തോണിയിൽ
സഞ്ചാരികളായിരിക്കെ
തുഴത്തോണിയടുപ്പിച്ചു
കുങ്കുമപ്പൂ വിൽക്കും
കശ്മീരിയോടും
ഉമ്മയാ കഥ പറഞ്ഞു:
ഗൾഫീന്നു വല്യാക്ക
എത്രയോ ടിൻ
കുങ്കുമപ്പൂവയച്ചു
അരച്ചെത്രയോ ഗ്ലാസു
പാലു ഞാൻ കുടിച്ചു
കുങ്കുമപ്പൂവിലൊന്നും
കാര്യമില്ല, ഇവനെ
കണ്ടാലറിയുകില്ലെ!
ഓരോവട്ടവുമിക്കഥ
ഓരോരുത്തരോടും
പറഞ്ഞുതീരുമ്പഴും
ഉമ്മ എന്നെ ചൂണ്ടും.
എന്നെ പാളി നോക്കി
കുലുങ്ങാതിരുന്നില്ല
കേട്ടവരാരുമിന്നോളം.
ഉമ്മയാ കഥ തുടരും:
രണ്ടാം പ്രസവത്തിൽ
കഴിച്ചില്ല ബദാം, പാലും
അണ്ടിപ്പരിപ്പും കുങ്കുമപ്പൂവും
എന്നാൽ അവൾക്കു കിട്ടി
ഉപ്പയുടെ നിറം.
കുങ്കുമപ്പൂവിൻ പെട്ടിപൂട്ടി
വഞ്ചിയിൽ വെച്ചാ
കശ്മീരിയും പൊട്ടി-
ച്ചിരിയടക്കാനാവാതെ
എന്നെ നോക്കിച്ചിലച്ചു:
ഒരു കാര്യവുമില്ല!
03.
നീലപ്പരവതാനി
പറക്കും പരവതാനി
ഇതെന്നു തോന്നും
ഞാത്തിയിട്ടവയിലീ
നീലപ്പരവതാനി
വെള്ളിനൂലലകുകൾ
കാറ്റിലുലയുമ്പോൾ
വെമ്പുന്നു പറക്കാൻ
നീലപ്പരവതാനി
ഉള്ളങ്കയ്യിലുള്ളം കാണും
കണ്ണടക്കുള്ളിലെ
തിമിരക്കൺ സ്വപ്നമീ
പരവതാനിക്കുള്ളം
കുഴിനഖം വിണ്ടോരു
വിരലിനാലല്ലാതെ
നെയ്യുവാനാവില്ലല്ലോ
പറക്കും പരവതാനി
ആരുവാങ്ങുമിന്നാരു
വാങ്ങുമീ പരവതാനി
വന്നുവാങ്ങിയാലും
നിങ്ങൾക്കുള്ളതെങ്കിൽ
ഇതുവരെയാരും
സ്വന്തമാക്കാത്തയീ
നീലപ്പരവതാനി
പറക്കും പരവതാനി!