മഴ
1 മഴയെന്നാൽ ഓടിപ്പോകും ഒരാൾക്കൂട്ടം, അല്ലാതെന്ത്? അവരുടെ നിശ്ശബ്ദത പെരുക്കുന്ന മഹാരവം തുന്നിച്ചേർത്ത നിലവിളി– ക്കൂടാരങ്ങൾ, മഴയെന്നാൽ മരങ്ങൾക്ക് പിന്നിൽ കൂടി പ്പാഞ്ഞുപോകും മുളങ്കൂട്ടം ഇല്ലിത്തുറു തല കുലുക്കി– ത്തെറിപ്പിക്കും പഴങ്കുന്ന് 2 മഴക്കുട്ടാ മഴക്കുട്ടാ വഴക്കിട്ടാൽ തല്ലു കൊള്ളും വഴിക്കെന്നെ തടഞ്ഞെന്നാൽ പുഴക്കൊപ്പം ഒഴുക്കൂട്ടോ ജനാലക്കൽനിന്നും നിന്നെ– ക്കയ്യു നീട്ടിപ്പിടിക്കൂട്ടോ മുറിക്കുള്ളിൽ ഒരു കുപ്പി– ക്കവിളിൽ...
Your Subscription Supports Independent Journalism
View Plans
1
മഴയെന്നാൽ ഓടിപ്പോകും
ഒരാൾക്കൂട്ടം, അല്ലാതെന്ത്?
അവരുടെ നിശ്ശബ്ദത
പെരുക്കുന്ന മഹാരവം
തുന്നിച്ചേർത്ത നിലവിളി–
ക്കൂടാരങ്ങൾ, മഴയെന്നാൽ
മരങ്ങൾക്ക് പിന്നിൽ കൂടി
പ്പാഞ്ഞുപോകും മുളങ്കൂട്ടം
ഇല്ലിത്തുറു തല കുലുക്കി–
ത്തെറിപ്പിക്കും പഴങ്കുന്ന്
2
മഴക്കുട്ടാ മഴക്കുട്ടാ
വഴക്കിട്ടാൽ തല്ലു കൊള്ളും
വഴിക്കെന്നെ തടഞ്ഞെന്നാൽ
പുഴക്കൊപ്പം ഒഴുക്കൂട്ടോ
ജനാലക്കൽനിന്നും നിന്നെ–
ക്കയ്യു നീട്ടിപ്പിടിക്കൂട്ടോ
മുറിക്കുള്ളിൽ ഒരു കുപ്പി–
ക്കവിളിൽ നീ ചിണുങ്ങൂട്ടോ!
3
മഴയെന്നാൽ പെട്ടെന്നുള്ളൊരു
മിഴിചിമ്മൽ, അല്ലാതെന്ത്
അതിൽനിന്നും തെറിക്കുന്ന
പളുങ്കുട്ടികൾ, പഞ്ചാരത്തരി
മഴക്കെന്നെ പിടികിട്ടി
കുടക്കീഴിൽ എന്റെ പാട്ട്
4
മഴയെന്നാൽ മണ്ണുവിട്ട്
കുതിക്കുന്നോരീയൽക്കൂട്ടം
അവയുടെ ചിറകൊച്ച
പങ്കുപറ്റും ചൂരൽക്കാട്
ചൂരൽക്കാട്ടിൽ ഓടിപ്പോ–
യൊളിക്കും വെയിൽ–
ച്ചെറുക്കന്മാർ
അവരുടെ അമ്മച്ചിമാർ
മാനം തൂത്തുവാരുന്നു
5
മഴയെന്നാൽ ഓർമ മേഞ്ഞ
സ്കൂളുവിട്ട് പറക്കുന്ന
പറപ്പക്കുട്ടികൾ തന്നെ,
അവരുടെ കുഞ്ഞിച്ചിറ–
കുതിർക്കും കളർക്കാറ്റ്
പിടിക്കാൻ ചെല്ലും മരത്തല
മഴ പിന്നെ മറ്റെന്താണ്
മനുഷ്യന്റെ കരച്ചില്
മറയ്ക്കുന്ന വനാരവം
കണ്ണിറ്റും കടൽത്തുള്ളി
പിടിക്കുന്ന ചില്ലയൊക്കെ
കുലുക്കുന്ന മൈലാഞ്ചിയായ്
അത് വിട്ടുതിരും പൊൻ
കിരണങ്ങൾ, അകമഴ
പെയ്തുതോരും പുലർച്ചക്കൊ–
മ്പൊടിച്ചു ഞാൻ കുലുക്കുന്നു.
6
മഴയെന്നാലൊരു കിളി
പൊഴിക്കുന്ന തൂവൽപ്പാട്ട്
അതിൻ മൃദു പദങ്ങൾ വി–
ട്ടുതിരുന്ന ചിദാകാശം
പരബ്രഹ്മം അതിൻ തുടി
മുഴക്കുന്നോരതിമൗനം
മഴയെന്നാലോടിപ്പോകും
അനാഥരുടെ വീടുകൾ
മഴയെന്നാലാരോ പാടി–
യസ്തമിക്കുന്ന വേദിക
മഴയെന്നെക്കെട്ടിപ്പിടി
ച്ചുമ്മവെക്കും പുഴപ്പെണ്ണ്
അവളുടെ മുടിയിൽനിന്നും
പെരുങ്കാടുകൾ പെയ്യുന്നു.
മണ്ണിൽ കൈക്കുമ്പിൾപോലെ
പിടിച്ചോരു കുഴിക്കുള്ളിൽ
കിടക്കുന്നു നെടുവീർപ്പിൻ
ജലം, അതിന്നഗാധത!