കാടിറക്കം
അ എന്നും മാ യെന്നും പറഞ്ഞിരിക്കാൻ നേരമില്ലാത്തതുകൊണ്ടാണ് അക്ഷരങ്ങൾ കാടിറങ്ങിത്തുടങ്ങിയത്. മുളചീന്തിയ മൂർച്ചപോലവർ കാറ്റിലൂടെ പെയ്തിറങ്ങി നാലുവരിയും രണ്ടുവരിയുംകൊണ്ട് അക്ഷരമേഖല നിയന്ത്രണത്തിലാക്കി. ആനമൂളിയിൽ ഒരു വ്യാജാക്ഷരം കുടുക്കിൽപ്പെട്ടു. ഗൂളിക്കടവിലെ കവലയിൽ മറന്നുപോയ ഒരു കൈയക്ഷരം കൈകെട്ടിനിന്ന് തല്ലുകൊണ്ടു ചത്തു. ഇരുളും വെളിച്ചവും കൂടിക്കലർന്ന തീയുടെ നടുക്ക്, ചുട്ടുപൊള്ളി ചില അക്ഷരങ്ങൾ...
Your Subscription Supports Independent Journalism
View Plansഅ എന്നും മാ യെന്നും
പറഞ്ഞിരിക്കാൻ നേരമില്ലാത്തതുകൊണ്ടാണ്
അക്ഷരങ്ങൾ കാടിറങ്ങിത്തുടങ്ങിയത്.
മുളചീന്തിയ മൂർച്ചപോലവർ
കാറ്റിലൂടെ പെയ്തിറങ്ങി
നാലുവരിയും രണ്ടുവരിയുംകൊണ്ട്
അക്ഷരമേഖല നിയന്ത്രണത്തിലാക്കി.
ആനമൂളിയിൽ ഒരു വ്യാജാക്ഷരം
കുടുക്കിൽപ്പെട്ടു.
ഗൂളിക്കടവിലെ കവലയിൽ
മറന്നുപോയ ഒരു കൈയക്ഷരം
കൈകെട്ടിനിന്ന് തല്ലുകൊണ്ടു ചത്തു.
ഇരുളും വെളിച്ചവും കൂടിക്കലർന്ന
തീയുടെ നടുക്ക്, ചുട്ടുപൊള്ളി
ചില അക്ഷരങ്ങൾ കോർക്കപ്പെട്ടു.
ഷോളയൂരിൽനിന്നും
ചില ലിപികളുടെ കൂട്ടങ്ങൾ
കട്ടാളക്കണ്ടി ഇടിച്ചിറക്കി
പരക്കം പാഞ്ഞിറങ്ങുന്നുണ്ട്.
ഉമ്മത്തുംപടിയിലും പാലൂരും
പുതൂരും ചീരക്കടവിലും
ഊരുകളിൽ
ചെന്തമഴിൻ കല്ലക്ഷരങ്ങൾ
പഠിക്കാൻ വന്ന യുവത്വങ്ങളെ
രേഖകളിൽനിന്നും പുറത്താക്കി.
മനുഷ്യനെന്ന വാക്കിനും
മൃഗമെന്നയക്ഷരത്തിനും
നിർമിതിയിൽ തകരാറുകൾ കണ്ടുപിടിച്ചു
കാടിറങ്ങിയവർ പലയിടങ്ങൾ,
വള്ളികളും പുള്ളികളുംകൊണ്ട് വളച്ചുകെട്ടി
നിർമിക്കാൻ കഴിയാത്ത
ലിപികൾക്കു മുകളിൽ പൊന്തിവന്ന്
നീലമലകളായി
ആകാശമായി.
പറഞ്ഞിരിക്കാൻ നേരമില്ല
കാടിറങ്ങിയവർ വരുന്നുണ്ട്
എല്ലാ കാലത്തിന്റെയും
വന്മരങ്ങളായി.