തൊണ്ടൻകുണ്ട്
ആരാണ്ട് ചവച്ച് തുപ്പിയ പകല്‍ തെറിച്ച് ചെളിപുതഞ്ഞ തുണിക്കെട്ടുമായി (ഉടല്ക്കെട്ടുമായി) ഒതാണ്ടന് കുന്നിലേക്ക് രാത്രിയെ വെട്ടിത്തെളിച്ച് അലക്കാനിറങ്ങുന്ന സീത, കുണ്ടിലേക്കുള്ള ഇടവഴി അവളേക്കാള്‍ മെലിഞ്ഞ് മുലയോളം മൂര്‍ച്ഛിച്ച കരിങ്കല്‍ മുഴപ്പുകളോടെ, കെട്ടഴിഞ്ഞ അരക്കെട്ട്- കണക്കേ ഉലര്‍ന്ന കൊന്നവേലികളോടെ, കാലടികളേറ്റ് ഞരിയാത്ത കരിയിലകള്‍ മാഞ്ഞുപോയ ചിരി കണക്കേ ഒച്ചയുണ്ടാക്കാതെ പരന്ന് പടര്‍ന്ന്, പെരുനീളന് വഴിയുടെ കീഴേ...
Your Subscription Supports Independent Journalism
View Plansആരാണ്ട് ചവച്ച് തുപ്പിയ
പകല്‍ തെറിച്ച്
ചെളിപുതഞ്ഞ തുണിക്കെട്ടുമായി
(ഉടല്ക്കെട്ടുമായി)
ഒതാണ്ടന് കുന്നിലേക്ക്
രാത്രിയെ വെട്ടിത്തെളിച്ച്
അലക്കാനിറങ്ങുന്ന സീത,
കുണ്ടിലേക്കുള്ള ഇടവഴി
അവളേക്കാള്‍ മെലിഞ്ഞ്
മുലയോളം മൂര്‍ച്ഛിച്ച
കരിങ്കല്‍ മുഴപ്പുകളോടെ,
കെട്ടഴിഞ്ഞ അരക്കെട്ട്-
കണക്കേ
ഉലര്‍ന്ന കൊന്നവേലികളോടെ,
കാലടികളേറ്റ് ഞരിയാത്ത കരിയിലകള്‍
മാഞ്ഞുപോയ ചിരി കണക്കേ
ഒച്ചയുണ്ടാക്കാതെ പരന്ന് പടര്‍ന്ന്,
പെരുനീളന് വഴിയുടെ
കീഴേ കിടങ്ങില്‍
നിറയേ നിറയേ
ചോപ്പ് ചീറ്റിത്തെറിച്ച കണക്കേ
ചിതറിയ തെച്ചിക്കാട്,
ഒത്ത നടുവില്‍
തായ് താരാട്ടിലേക്ക്
ഒറ്റവള്ളി പടര്‍ത്തിയ
കാവത്തിന് ചുഴി,
ചത്തോരും ചാവാനുള്ളോരും
മാത്രം നടക്കാനിറങ്ങുന്ന
വഴിയുടെ അരികുകളില്‍,
കെട്ടഴിയാത്ത ചാക്കില്‍
പിടയുന്ന പട്ടി, പൂച്ച
വഴുവഴുപ്പന്‍ ചേര, മൂര്‍ഖന്‍.
പുറത്തു ചാടിയവര്‍
ചീറ്റിയും കുരച്ചും
കലമ്പിച്ചും ഇരുട്ടില്‍
കുണ്ടിലേക്ക്.
കുണ്ടിലെ പച്ചിച്ച
ജലപ്പരപ്പിലേക്ക്
നീല ഞരമ്പുകള്‍പോലെ
നിലാവെട്ടം കടത്തിവിടുന്ന വട്ടമരതലപ്പുകളില്
തൂങ്ങിയാടുന്ന നീളന്‍ കാലുകള്‍
ജയന്തിയും രാജനും
നൂറ്റോളം പോന്ന അലക്കുകാര്‍ വേറെയും,
ഒടുക്കം കളിപ്പന്ത് തേടിവന്ന അജയനും.
അവന്റെ കുഞ്ഞിനിക്കറില്
ചുവന്ന മഷിത്തണ്ട്
ആഴ്ത്തിയവന് മാത്രം
കുണ്ട് കയറി ചാവാതെ പോയിട്ടുണ്ടത്രേ,
സീത പതിയേ ജലപ്പരപ്പിലേക്ക്.
ഒതുക്കു കല്ലില്‍
ചെമ്പരത്തിതാളി പതപ്പിച്ച് പൊട്ടിച്ചിരിക്കുന്ന കല്ല്യാണി.
ഊളാക്കിട്ടൊരു പോക്ക്
ആഴത്തിലേക്ക്
പണ്ടെങ്ങോ ചേറ് കഴുകാനിറങ്ങിയോളെന്ന്
കുണ്ടിലെ പാറക്കൂട്ടം.
കൂട്ടിനൊരുത്തിയെന്ന് സീത.
ഒഴുകിവന്ന് ഇടംകാലില്‍ ചുറ്റിവലിച്ച് കല്ല്യാണി.
ചേറിലാഴ്ത്തി കൊന്നതപ്പനെന്നൊരു മൂളിപ്പാട്ട്,
മറുപാട്ടില്‍ എണ്ണമറ്റ പേരുകള്‍ കോര്‍ത്ത്
ഒതുക്കുകല്ലേല്‍ കൈതല്ലി, കാലുതല്ലി
തലയും തല്ലി കുണ്ടിലേക്കൊരു
മലക്കം മറിച്ചില്‍ സീത.
രണ്ട് പൊട്ടിച്ചിരികള്ക്ക്
കാതോര്‍ത്ത്
വട്ടമരത്തിലെ നീളന്‍ കാലുകള്‍
കുണ്ടിലേക്കാഴ്ന്നാഴ്ന്ന് നീളുമ്പോള്‍,
സകല കുണ്ടുകളേയും
അക്കയ്യിലിക്കയ്യില് അമ്മാനമാടി
രണ്ടു പെണ്ണുങ്ങള് ഒരൊറ്റയേറ്.
ചത്തവരും ചാവാനുള്ളവരും
നടക്കാനിറങ്ങുന്ന ഇടവഴികളിടിഞ്ഞ്
മരണക്കുണ്ടുകളില്ലാതായ രാജ്യത്തിലേക്കൊരു
വെളുത്ത തുണിയലക്കി
വിരിക്കുന്നു മറ്റൊരു സീത.