അടുക്കളയിലേക്കുള്ള അവസാന വണ്ടി
അലക്കി വെളുപ്പിച്ചിട്ടും തേച്ച് വെച്ചിട്ടും ചുളിവ് മാറുന്നില്ലെന്ന് കേട്ട് കേട്ടാണ് ഇല്ലാത്ത ചുളുവിനെ നോക്കി നോക്കി അവളുടെ നെറ്റിയും തൊലിയും ചുളിഞ്ഞുപോയത് ഒന്നിനും പാകം പോരെന്നും രുചിയില്ലെന്നും മണമില്ലെന്നും കൊണമില്ലെന്നും എന്നും വാക്കിന്റെ ചാട്ടവാറടികളേറ്റ് കണ്ണീര് വീണ് തിളച്ചാണ് അവളുടെ കറികൾക്കെങ്കിലും ഉപ്പ് പാകമായിരുന്നത്. എന്നും നിർത്താതെ നടന്നിട്ടും അളന്നിട്ടും ഓടിയിട്ടും അടുക്കളയിൽനിന്ന് മുറ്റത്തേക്കും വഴിയിലേക്കും...
Your Subscription Supports Independent Journalism
View Plansഅലക്കി വെളുപ്പിച്ചിട്ടും
തേച്ച് വെച്ചിട്ടും
ചുളിവ് മാറുന്നില്ലെന്ന്
കേട്ട് കേട്ടാണ് ഇല്ലാത്ത ചുളുവിനെ
നോക്കി നോക്കി അവളുടെ
നെറ്റിയും തൊലിയും ചുളിഞ്ഞുപോയത്
ഒന്നിനും പാകം പോരെന്നും
രുചിയില്ലെന്നും മണമില്ലെന്നും
കൊണമില്ലെന്നും
എന്നും വാക്കിന്റെ ചാട്ടവാറടികളേറ്റ്
കണ്ണീര് വീണ് തിളച്ചാണ് അവളുടെ
കറികൾക്കെങ്കിലും ഉപ്പ്
പാകമായിരുന്നത്.
എന്നും നിർത്താതെ നടന്നിട്ടും
അളന്നിട്ടും ഓടിയിട്ടും
അടുക്കളയിൽനിന്ന് മുറ്റത്തേക്കും
വഴിയിലേക്കും അലക്ക് കല്ലിലേക്കും
കുറുക്കുവഴികളൊന്നുമില്ലെന്നത്
അവൾ അത്ഭുതം കൂറുന്നുണ്ടാകണം.
തട്ടിയും മുട്ടിയും പൊട്ടിയും
കലഹിച്ച് കലഹിച്ച് അടുക്കളപ്പുറത്തെ
എച്ചിൽ പാത്രങ്ങൾ മാത്രമാണ്
അവളുടെ പ്രതിഷേധങ്ങൾക്ക്
ഐക്യദാർഢ്യം പ്രഖ്യാപിക്കാറ്.
ഒറ്റയല്ലാത്ത എല്ലാ ശാസനകളും
പങ്കിട്ടെടുത്ത് വീട്ടിലെ കോഴിയും
പൂച്ചയും തൊടിയിലെ കാക്കയും
അവളെ നോക്കി
ഊറി ചിരിക്കും.
പെണ്ണുങ്ങൾക്കിതൊക്കെ
ഒരോളമാണെന്നും താളമാണെന്നും
മുമ്പാരോ പാടിപ്പറഞ്ഞത്
അവളും സ്വയം ഏറ്റ് പാടി ചിരിക്കും
തുണിയോടൊപ്പം സ്വപ്നങ്ങളെയും
ഉണക്കാനിട്ടാണ് അവൾ
ഉച്ചമയക്കത്തിലേക്കും
കരിമ്പടം പുതച്ച ഓർമകളിലേക്കും
ഊളിയിട്ടിറങ്ങാറ്.
കിടപ്പുമുറിയിൽനിന്നും
അടുക്കളയിലേക്ക് അവസാന വണ്ടി
നാല് മണിക്കാണെന്നോർത്ത്
മുടിയോടൊപ്പം എല്ലാം വാരിക്കെട്ടി
ഒരോട്ടമാണ്, ഒരു നീണ്ട നെടുവീർപ്പ്
അവളെ വിലയം ചെയ്യുന്നു.