പായ
പായ നെയ്യുന്ന പറങ്ങോടന്റെ എറയം
കണ്ടിട്ട് മത്യായിട്ട്ല്ലിതേ വരെ.
പല വലുപ്പങ്ങളിൽ
പല ശേലുകളിൽ
മെതിപ്പായ, കിടപ്പായ, ചവിട്ടിപ്പായ, മറപ്പായ...
എല്ലാം ഞാൻ കൊതിയോടെ കണ്ട് നിക്കും
പായ മേടിക്കാൻ
കണ്ടശ്ശാങ്കടവങ്ങാടീന്ന് കച്ചോടക്കാര് വരും
വിലപേശി ഉറപ്പിച്ച് ചുരുട്ടിക്കെട്ടി
വഞ്ചീക്കേറ്റി കൊണ്ടോവും
സ്കോളീന്ന് വരുമ്പം ഞാൻ നോക്കി നില്ക്കും
കീശേൽ കാശില്ല്യ
വിലപേശാനറിയില്ല്യ
ചെറ്റപ്പെരേലെ ഏഴാം ക്ലാസ്കാരന്
നോക്കിനിക്കാനല്ലെ ഒക്കൂ
കുറേ നേരം നോക്കിനിക്കണ കണ്ടാൽ
പറങ്ങോടന്റെ തള്ളച്ചി
ചീത്ത പറഞ്ഞോടിക്കും
എന്റെ കണ്ണു പറ്റാണ്ടിരിക്കാൻ!
ഒള്ളതു പറയാലോ
എന്റെ കുടീല് രണ്ടു പായേള്ളു
ഇള്ളേല് നല്ലത് അമ്മ അച്ഛന് വിരിച്ചുകൊടുക്കും.
പിന്നൊരെണ്ണത്തിൽ ഞങ്ങൾ അഞ്ചു മക്കളും അമ്മേം.
അതാവട്ടെ ഞങ്ങടെ ചോരണ കൂരപോലെ
വട്ടം തുണ്ടം പോതും പൊത്തും...
പിള്ളാര് മുള്ളി മുള്ളി
പായ പൊടിഞ്ഞുപോയീന്ന് അമ്മ പ്രാകും
പ്രാകുന്തോറും മൂത്രംമുള്ളലേറും
മുള്ളുന്തോറും
പായും ചാണകനിലവും പാതാളമാവും
ചുരുണ്ടൂടാൻ ഒരു പായത്തുണ്ടു കിട്ടാൻ
ഞങ്ങൾ തമ്മീത്തല്ലും
അച്ഛൻ ചുമയ്ക്കും
അമ്മ പിന്നേം പ്രാകും
എങ്ങടെ ഒറ്റമുറിക്കുടീല്
എത്ര പേരാ താമസംന്നാ വിചാരം?
നൂറൂട്ടം ഉറുമ്പോള് വരും
അവറ്റേത്തിന്നാൻ പാറ്റ
പാറ്റേത്തിന്നാൻ പല്ലി
പല്ലീനേം പുഴൂനേം കോഴിക്കുട്ട്യോളേം തിന്നാൻ
തേവി, നീർക്കോലി, ചേര, മൂർക്കൻ...
പാമ്പിനെ പിടിക്കാൻ കീരി
കീര്യേ പിടിക്കാൻ പെര്ച്ചാഴി
ചാണകത്തറേല് ആളൊഴിഞ്ഞ നേരല്ല്യ
ഇത്ങ്ങടെ എടേല് വേണം
ഏഴൊടല് കഴിയാൻ
ഒന്നും കൊതിക്കാൻ പാടില്ല്യ
ചെറ്റപ്പേരേലെ പിള്ളാര്
ഞാനും അനീത്തീം കൂടി
സ്കോളീന്ന് വരുവാണ്
പറങ്ങോടന്റെ പടിക്കലെത്ത്യപ്പൊ
കാലുമ്മെ അമ്മിക്കൊഴ കെട്ട്യേ പോലെ
ഞാൻ നിന്നുപോയി.
എറേത്തൊരു മിന്നായം
നെറ നെറേ പായകള്
എന്തൊരു ശേലാന്നോ
വേല വന്ന പോലെ...
റോഡിന്റപ്രത്തെന്തോ കണ്ട്
‘ഞാൻ ദേ പോണേ’ന്നും പറഞ്ഞ്
അനീത്തിക്കുട്ടി
ഒരു പാച്ചിലു പാഞ്ഞതും
കെട്ട് പൊട്ടിച്ചു വന്നൊരു പാണ്ടൻ ലോറി
അവളെ ചവിട്ടി നിന്നതും
മോളേന്ന് വിളിച്ച് ലോറിക്കാരൻ ചാടിയെറങ്ങീതും
ആൾക്കാര് നെലോളിച്ചോടിക്കൂടീതും...
റോട്ടീന്ന് കോരിക്കൊണ്ട്വോയ അനീത്തീനെ
പിറ്റേന്ന്
പായിൽ പൊതിഞ്ഞാണ് കൊണ്ടന്നത്.
ഓട്ടേല്ല്യാത്ത രണ്ട് കിട്ക്കൻ പായേല്!
വലിയ ബെഹളാർന്നേ
നിന്നോരും വന്നോരും പോയോരും
വാവിട്ട് നെലോളിച്ചേ
അനീത്തീനെ പൊതിഞ്ഞു കൊണ്ടുവന്ന
പായിലേക്കായിരുന്നു കണ്ണീരിന്റെറടേക്കൂടെ
എന്റെ നോട്ടം
തെക്ക്വോറത്തായിരുന്നു
നീളത്തീ കുഴി കുത്തീത്
അനീത്ത്യേം
അവൾടെ ഉടുപ്പോളേം
പായോളേം
എല്ലാം ഒന്നിച്ചടക്കി
നെലവിട്ട് ഞാൻ
നെലോളിച്ചു.