Begin typing your search above and press return to search.
proflie-avatar
Login

ജലം തോറ്റ ഉടൽ

ജലം തോറ്റ ഉടൽ
cancel

പച്ചച്ച കാടിനുള്ളിൽ

ജനിച്ച കടൽ

മീൻ മുള്ളുകളിൽ

തൂവലുകൾ കോർത്ത്

കപ്പലുകളും

അന്തർവാഹിനികളും

നിർമിക്കുന്നു

ഉടുപ്പുകൾ

തുന്നുന്നു.

പതിനൊന്നാം ഉടുപ്പണിഞ്ഞ്

കിളികളുടെ പാട്ട് കേൾക്കുന്നു.

ഒമ്പതാം ഉടുപ്പണിഞ്ഞ്

ജലശിൽപങ്ങൾ

കൊത്തിയൊരുക്കുന്നു,

അവയെല്ലാം കപ്പലിലേറ്റി

പല തീരങ്ങളിലേക്കയക്കുന്നു.

അഞ്ചാം ഉടുപ്പണിഞ്ഞ്

പക്ഷികളിൽനിന്നും

കൊഴിഞ്ഞു പോയ

തൂവലുകൾ വ്യാപാരം ചെയ്യുന്ന

മരങ്ങളിൽനിന്നും

തൂവലുകൾ വിലയ്ക്ക് വാങ്ങുന്നു.

മൂന്നാം ഉടുപ്പണിഞ്ഞ്

അന്തർവാഹിനിയിലേറി

അടിത്തട്ടുകളെ ചുംബിക്കാൻ

പുറപ്പെടുന്നു.

പച്ചച്ച കാടിനുള്ളിൽ

ജനിച്ച കടൽ

മീനുകളെ, മീൻ മുള്ളുകളെ

ചുംബിക്കുന്നു.

ജലം തോറ്റ

തൂവലുകളുടെ ഉടുപ്പിനുള്ളിൽ

മഴക്കാടുകളാൽ

കടും പച്ചച്ച മത്സ്യമായി

അന്തർവാഹിനി.

കടൽ,

മീന്മുള്ളുകളിൽ

തൂവലുകൾ കോർക്കുന്നു.

Show More expand_more
News Summary - madhyamam weekly poem